മമ്മൂട്ടി പലപ്പോഴായി ആ കാര്യം ചെയ്യാറുണ്ടെങ്കിലും മോഹന്‍ലാലിന്റെ സിനിമകളില്‍ അങ്ങനെ കാണാറില്ല: സത്യന്‍ അന്തിക്കാട്
Entertainment
മമ്മൂട്ടി പലപ്പോഴായി ആ കാര്യം ചെയ്യാറുണ്ടെങ്കിലും മോഹന്‍ലാലിന്റെ സിനിമകളില്‍ അങ്ങനെ കാണാറില്ല: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 8:01 am

മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്. കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ് അദ്ദേഹം.

11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മലയാളികളുടെ ഇഷ്ട കോമ്പോ വീണ്ടും ഒന്നിക്കുമ്പോള്‍ നല്ലൊരു ഫീല്‍ ഗുഡ് ചിത്രമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ട് കൊച്ചിയിലും പൂനെയിലുമായി പുരോഗമിച്ചു. ഓണത്തിന് ഹൃദയപൂര്‍വം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

 

സിങ്ക് സൗണ്ടിലാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാസ്തുഹാരക്ക് ശേഷം മോഹന്‍ലാല്‍ സിങ്ക് സൗണ്ടില്‍ ചെയ്യുന്ന സിനിമയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്‌നോളജി മാറിയ കാലത്ത് അതിനൊപ്പം നടക്കുക എന്നതാണ് സിങ്ക് സൗണ്ട് ഉപയോഗിക്കാന്‍ കാരണമെന്നും ഈ സിനിമയില്‍ അത് മനോഹരമായി വന്നിട്ടുണ്ടെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

‘ഈ സിനിമ സിങ്ക് സൗണ്ടിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മോഹന്‍ലാല്‍ അയാളുടെ സിനിമകളില്‍ സിങ്ക് സൗണ്ട് അധികം ഉപയോഗിച്ചിട്ടില്ല. ജി. അരവിന്ദന്റെ വാസ്തുഹാരക്ക് ശേഷം മോഹന്‍ലാല്‍ സിങ്ക് സൗണ്ടില്‍ സിനിമകള്‍ ചെയ്തിട്ടില്ല. മമ്മൂട്ടി സ്ഥിരമായി സിങ്ക് സൗണ്ട് സിനിമകള്‍ ചെയ്യാറുണ്ട്. ലാലിനോട് ഞാന്‍ പറഞ്ഞത് സിനിമ കാണുമ്പോള്‍ വ്യത്യാസം മനസിലാകുമെന്നാണ്.

വളരെ കംഫര്‍ട്ടബിളായാണ് ലാല്‍ അത് ചെയ്തത്. റീറെക്കോഡിങ് ഇല്ലാതെ ഈ സിനിമ കാണുമ്പോള്‍ സിങ്ക് സൗണ്ടിന്റെ സത്യസന്ധത അനുഭവപ്പെടും. ഡയലോഗ് പറയുമ്പോള്‍ നമ്മള്‍ ചെറുതായി ഉണ്ടാക്കുന്ന മൂളലുകള്‍ പോലും സിനിമയില്‍ മനസിലാകും. ലാലിന്റെ സീനുകള്‍ കണ്ടപ്പോള്‍ അതെല്ലാം എന്ത് രസമായിട്ടാണ് വന്നിരിക്കുന്നതെന്ന് കണ്ട് ഞാന്‍ അതിശയിച്ചു. ഡബ്ബിങ്ങെന്ന് പറയുമ്പോള്‍ അത് രണ്ടാമത്തെ ടേക്ക് പോലെയല്ലേ, റിയല്‍ സൗണ്ടിന്റെ പെര്‍ഫക്ഷന്‍ അതിനുണ്ടാകില്ല,’ സത്യന്‍ അന്തിക്കാട് പറയുന്നു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. മാളവിക മോഹനനും സംഗീതയുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീത് പ്രതാപ്, സിദ്ദിഖ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജസ്റ്റിന്‍ പ്രഭാകരനാണ് ഹൃദയപൂര്‍വത്തിന്റെ സംഗീതം. മലയാളികളുടെ ഇഷ്ട കോമ്പോയുടെ റീയൂണിയന്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Sathyan Anthikkad about using of Sync sound in Hridayapoorvam movie