ആ കഥാപാത്രത്തിന് ഒരു സൂപ്പർ ഹിറ്റ് റൊമാന്റിക് സോങ് നൽകിയപ്പോൾ തിയേറ്ററിൽ എല്ലാവരും ചിരിച്ചു: സത്യൻ അന്തിക്കാട്
Entertainment
ആ കഥാപാത്രത്തിന് ഒരു സൂപ്പർ ഹിറ്റ് റൊമാന്റിക് സോങ് നൽകിയപ്പോൾ തിയേറ്ററിൽ എല്ലാവരും ചിരിച്ചു: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th January 2025, 9:34 pm

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മോഹൻലാൽ – ശ്രീനിവാസൻ ചിത്രമാണ് സന്മനസ്സുള്ളവർക്ക് സമാധാനം. ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന ചിത്രം തിയേറ്ററിൽ വലിയ വിജയമായി മാറിയിരുന്നു. സിനിമയിൽ സബ് ഇൻസ്‌പെക്ടർ രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ അവതരിപ്പിച്ചത്. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഒരു കഥാപാത്രമായിരുന്നു രാജേന്ദ്രൻ.

ശ്രീനിയുടെ പ്രകടനം കണ്ട് മോഹൻലാലടക്കം അന്ന് ചിരിച്ച് പോയിട്ടുണ്ടെന്നും മലയാളത്തിൽ ഒരു ഹാസ്യതാരത്തിന് റൊമാന്റിക് ഗാനം നൽകിയ സിനിമയാണ് അതെന്നും സത്യൻ അന്തിക്കാട് പറയുന്നു. പവിഴമല്ലി പൂത്തുലഞ്ഞ എന്ന ഗാനത്തിൽ ശ്രീനിവാസൻ അഭിനയിച്ചതുകൊണ്ടാണ് പ്രേക്ഷകർ ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘രാജേന്ദ്രനായി ശ്രീനിയുടെ പ്രകടനം കണ്ട് മോഹൻലാലടക്കം എല്ലാവരും ലൊക്കേഷനിൽ തന്നെ നന്നായി ചിരിച്ചു. ശ്രീനി ജീപ്പിൽ നിന്ന് ചാടി ഇറങ്ങുന്ന സീനിൽ ഒന്നിച്ച് ലാലുമുണ്ട്. ശ്രീനിയുടെ പ്രകടനം കണ്ട് ലാൽ മുഖത്ത് കുട പൊത്തി ചിരിച്ചു. “സത്യേട്ടാ, ഞാൻ ചിരിച്ചു പോയി. പക്ഷേ, അത് സ്ക്രീനിൽ കാണില്ല. ഡബ്ബ് ചെയ്യുമ്പോൾ ശരിയാക്കിക്കൊള്ളാം” ലാൽ പറഞ്ഞു.

മലയാളത്തിൽ ഭൂരിഭാഗം സിനിമകളിലും ഇത്തരം കഥാപാത്രങ്ങൾക്കായി ഹാസ്യഗാനങ്ങളാണ് നൽകാറുള്ളത്. എന്നാൽ രാജേന്ദ്രന് ഞങ്ങൾ നൽകിയത് മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് റൊമാൻ്റിക് ഗാനമാണ്. ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം’… എന്ന പാട്ടിൽ ഒരു കോമഡിയും ഇല്ല, എന്നാൽ ശ്രീനി ആ പാട്ടിൽ അഭിനയിച്ചതോടെ അത് തിയേറ്ററിൽ ചിരിയുണർത്തി.

അതുപോലെ മീരയോട് രാജേന്ദ്രന് പ്രേമമാണ്. പക്ഷേ, അതയാൾക്ക് പറയാനാകുന്നില്ല. അത്തരം സീനുകളിൽ ശ്രീനിയുടെ മാനറിസങ്ങൾ അതിഗംഭീരമായിരുന്നു.

നാടോടിക്കാറ്റിലെ അനന്തൻ നമ്പ്യാർ (തിലകൻ), മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ (മാമുക്കോയ), കിന്നാരത്തിലെ വർമ (ജഗതി) തുടങ്ങി എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന അതിഗംഭീര പ്രകടനങ്ങൾ അനവധിയുണ്ട്. മോഹൻലാൽ, ജയറാം, ഇന്നസെൻ്റ് എന്നിവരുടെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഹാസ്യംകൊണ്ട് അമ്മാനമാടിയവർ തന്നെ,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad About Sreenivasan’s Performance In Sanmanasullavrkk Samadhanam Movie