നാടോടിക്കാറ്റ് പോലൊരു സിനിമ വേണമെന്ന് മമ്മൂട്ടി വാശിപിടിച്ചപ്പോഴാണ് ആ സിനിമയെടുത്തത്: സത്യൻ അന്തിക്കാട്
Entertainment
നാടോടിക്കാറ്റ് പോലൊരു സിനിമ വേണമെന്ന് മമ്മൂട്ടി വാശിപിടിച്ചപ്പോഴാണ് ആ സിനിമയെടുത്തത്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th January 2025, 1:22 pm

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.

മോഹൻലാലിന് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. ഹൃദയപൂർവം എന്ന പുതിയ ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുകയാണ്.

എന്നാൽ മമ്മൂട്ടിയുമൊത്ത് വളരെ കുറച്ച് സിനിമകളിലാണ് സത്യൻ അന്തിക്കാട് ഒന്നിച്ചിട്ടുള്ളത്. ശ്രീധരന്റെ ഒന്നാംതിരുമുറിവ്, ഗോളാന്തര വാർത്തകൾ, കളിക്കളം എന്നിവയെല്ലാം അവയിൽ ചിലതാണ്.

മമ്മൂട്ടി വാശി പിടിച്ചപ്പോൾ ഉണ്ടായ സിനിമയാണ് അർത്ഥം എന്ന ചിത്രമെന്ന് സത്യൻ അന്തിക്കാട് പറയുന്നു. നാടോടിക്കറ്റും വരവേല്പുമൊക്കെ പോലെ ഒരു സിനിമ തനിക്ക് വേണമെന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് ആ സിനിമ ഉണ്ടാക്കുന്നതെന്നും തന്നെ വെച്ച് നിങ്ങൾക്കൊരു ഹിറ്റ് സിനിമയില്ലെന്ന് മമ്മൂട്ടി പറഞ്ഞപ്പോഴാണ് ആ സിനിമയെ കുറിച്ച് ആലോചിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്‌ടപ്പെടണം എന്ന കരുതികൊണ്ട് ഉണ്ടാക്കിയ സിനിമയാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മുട്ടി വാശി പിടിപ്പിച്ചത് കൊണ്ട് ഉണ്ടായ സിനിമയാണ് അർത്ഥം
– സത്യൻ അന്തിക്കാട്

‘മമ്മുട്ടി വാശി പിടിപ്പിച്ചത് കൊണ്ട് ഉണ്ടായ സിനിമയാണ് ‘അർത്ഥം’. ശ്രീധരൻ്റെ ഒന്നാം തിരുമുറിവിലും ഗാന്ധിനഗറിലും ഒക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു ദിവസം കണ്ടപ്പോൾ മമ്മൂട്ടി പറഞ്ഞു.

നിങ്ങളുടെ നാടോടിക്കാറ്റ് പോലെ വരവേൽപ്പ് പോലെ ഒരു സിനിമ വേണം, എനിക്ക് ധാരാളം ഹിറ്റുണ്ട്. പക്ഷേ എന്നെ വച്ച് നിങ്ങൾക്കൊരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ കുഴപ്പം നിങ്ങൾക്കാണ്. അത് എന്നെ സ്‌പർശിച്ചു. ഒരു വെല്ലുവിളിയായി. ആ ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് അർത്ഥം.

തിരക്കഥ വേണു നാഗവള്ളിയുടെതാണ്. രണ്ടു കാര്യമാണ് ഞാൻ പറഞ്ഞത്, സിനിമ ഓടണം പക്ഷേ നിലവാരം പോകാനും പാടില്ല. അങ്ങനെയാണ് ബെൻ നരേന്ദ്രൻ എന്ന സ്‌റ്റൈലിഷ് കഥാപാത്രം ഉണ്ടാകുന്നത്. വടക്കു നോക്കിയന്ത്രത്തിലേക്ക് പോയെങ്കിലും ഇടയ്ക്ക് ശ്രീനി വരും കുട്ടിച്ചേർക്കലുകൾ നടത്തും.

മമ്മൂട്ടിയുടെ ശബ്‌ദം, ഹെയർസ്‌റ്റൈൽ, വേഷം ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയിൽ ഉണ്ടാക്കിയതാണ്. ആളുകൾക്ക് മമ്മൂട്ടിയെ ഇഷ്‌ടപ്പെടണം എന്നു തന്നെ കരുതിക്കൊണ്ട്. അങ്ങനെ ഒറ്റ സിനിമയേ ചെയ്‌തുള്ളൂ. അത് അർത്ഥമാണ്.

 

Content Highlight: Sathyan Anthikkad About Mammooty’s Artham Movie