ഇൻഡസ്ട്രിയൽ ഹിറ്റായി മാറിയ ലോകഃയെക്കുറിച്ചും കല്യാണിയെക്കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ.
ഇൻഡസ്ട്രിയൽ ഹിറ്റായി മാറിയ ലോകഃയെക്കുറിച്ചും കല്യാണിയെക്കുറിച്ചും സംസാരിക്കുകയാണ് ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ.
കല്യാണിയിൽ തനിക്ക് കണക്ട് ആയത് സി.ബി.ഐ ഡയറിക്കുറിപ്പിലെ ലിസിയെ ആയിരുന്നെന്നും കല്യാണി മനോഹരമായിട്ട് നീലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുവെന്നും ശാന്തി പറഞ്ഞു.
‘കള്ളിയങ്കാട്ട് നീലിയിലേക്ക് എത്തിയത് ലോകഃ സിനിമയുടെ സംവിധായകൻ ഡൊമിനിക് അരുൺ കാരണമാണ്. ഡൊമിനിക്കിന്റെ ആശയം ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു. മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോൾ യക്ഷികൾ സ്വതന്ത്രകളാണല്ലോ? അവർ എവിടെ നിന്ന് വരുന്നു എങ്ങോട്ടുപോകുന്നു എന്നൊന്നും ആർക്കും അറിയില്ല. അറിയേണ്ട ആവശ്യവുമില്ല.

നീലിയെ ദുഷ്ട കഥാപാത്രമായാണ് സാധാരണ നമ്മൾ കണ്ടിട്ടുള്ളത്. കത്തനാർ നീലിയെ തളയ്ക്കുന്ന സങ്കൽപമാണ് ഞങ്ങൾ പുനരാവിഷ്‌ക്കരിച്ചത്. നീലിയെ സൂപ്പർ ഹീറോ ആയി അവതരിപ്പിക്കുമ്പോൾ തളയ്ക്കുന്നു എന്ന സങ്കൽപം കഥയുമായി ചേർന്നു പോവില്ല. ആ മിത്തിനെ പുനരാവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ഡൊമിനിക് തന്നു,’ ശാന്തി ബാലചന്ദ്രൻ പറയുന്നു.
കാസ്റ്റിങ്ങ് സമയത്ത് ടീമിന്റെ മുന്നിൽ കുറച്ചു പേരുകൾ ഉണ്ടായിരുന്നുവെന്നും അതിൽ ദുൽഖറിനും സംവിധായകൻ ഡൊമിനിക്കിനും ടീമിനും ഏറ്റവും യോജിച്ച ആളായി തോന്നിയത് കല്യാണിയെയായിരുന്നുവെന്നും ശാന്തി പറയുന്നു.

ഡൊമിനിക് ‘ആന്റണി’ എന്ന സിനിമ കണ്ടിരുന്നുവെന്നും അതിൽ കല്യാണി മനോഹരമായി ആക്ഷൻ രംഗങ്ങൾ ചെയ്തിട്ടുണ്ടെന്നും ശാന്തി കൂട്ടിച്ചേർത്തു. എന്നാൽ തനിക്ക് വ്യക്തിപരമായ കണക്ട് ആയത് ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് എന്ന സിനിമയിൽ ലിസി വെള്ള സാരി ഉടുത്ത് മരിച്ച് കിടക്കുന്ന സീൻ ആണെന്നും മൃദുലവും അതേസമയം ശക്തവുമായ രണ്ടുഭാവങ്ങൾ യക്ഷി എന്നുപറയുമ്പോൾ ഉണ്ടാകണമെന്നും ശാന്തി പറഞ്ഞു. അത് കല്യാണിക്കുണ്ടായിരുന്നെന്നും അവർ ആ റോൾ ഭംഗിയായി നിറവേറ്റിയെന്നും പറഞ്ഞ ശാന്തി, കഥാപാത്രത്തിന് വേണ്ടി ഒമ്പത് മാസത്തെ തയ്യാറെടുപ്പ് കല്യാണി നടത്തിയെന്നും കൂട്ടിച്ചേർത്തു.
Content Highlight: Santhy Balachndran talking about Lokah and Kalyani