മോഹന്‍ലാലിന്റെ സിനിമകള്‍ ചാനലുകള്‍ ഏറ്റെടുക്കുന്നില്ല എന്നതൊക്കെ ആരൊക്കെയോ പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങളാണ്: സന്തോഷ് ടി. കുരുവിള
Entertainment
മോഹന്‍ലാലിന്റെ സിനിമകള്‍ ചാനലുകള്‍ ഏറ്റെടുക്കുന്നില്ല എന്നതൊക്കെ ആരൊക്കെയോ പറഞ്ഞുണ്ടാക്കുന്ന കാര്യങ്ങളാണ്: സന്തോഷ് ടി. കുരുവിള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd March 2025, 9:34 pm

മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളാണ് സന്തോഷ് ടി. കുരുവിള. ആഷിക് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് സന്തോഷ് ടി. കുരുവിള സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങള്‍ നിര്‍മിക്കുകയും ചില ചിത്രങ്ങളുടെ നിര്‍മാണ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിന് മലയാളസിനിമയിലുള്ള സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി. കുരുവിള. മോഹന്‍ലാലിന്റെ സിനിമകളൊന്നും ചാനലുകാരും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഏറ്റെടുക്കുന്നില്ലെന്ന് ആരൊക്കെയോ പറയുന്നത് കേള്‍ക്കാറുണ്ടെന്ന് സന്തോഷ് ടി. കുരുവിള പറഞ്ഞു. എന്നാല്‍ അതിനെപ്പറ്റി കൂടുതലായി തനിക്ക് ഒന്നും അറിയില്ലെന്നും അത് സത്യമാകാന്‍ സാധ്യതയില്ലെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ എന്ന നടന് മലയാളസിനിമയില്‍ വലിയ സ്വാധീനമുണ്ടെന്നും ആ ഒരു കാര്യം കൊണ്ടാണ് അദ്ദേഹം ഇത്രയും വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്നതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. തനിക്ക് മോഹന്‍ലാലിനെ ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കിരീടം, ചിത്രം, തൂവാനത്തുമ്പികള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഫേവറെറ്റാണെന്നും സന്തോഷ് കുരുവിള കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴുള്ള തലമുറയിലുള്ളവര്‍ ആ സിനിമകള്‍ കണ്ടാല്‍ മോഹന്‍ലാലിന്റെ ആരാധകരാകുമെന്നും കാലത്തെ അതിജീവിച്ച ക്ലാസിക്കുകളാണ് അവയെന്നും സന്തോഷ് ടി. കുരുവിള പറയുന്നു. അദ്ദേഹത്തിന്റെ സിനിമകള്‍ ചാനലുകള്‍ക്കും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കും വേണ്ടാത്ത അവസ്ഥയായി എന്ന പറയുന്നത് ആരോ പറഞ്ഞുണ്ടാക്കുന്നതാണെന്നും സന്തോഷ് കുരുവിള പറഞ്ഞു. ഇതെല്ലാം ഡീഗ്രേഡിങ്ങിന്റെ മറ്റൊരു തലമാണെന്നും സന്തോഷ് ടി. കുരുവിള കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിന്റെ പടങ്ങള്‍ ഇപ്പോള്‍ ചാനലുകാര്‍ ആരും ഏറ്റെടുക്കുന്നില്ല, ഒ.ടി.ടി പ്ലാറ്റ്‌ഫോമിനൊന്നും വേണ്ട എന്നൊക്കെ ആരോ പറയുന്നത് കേട്ടിരുന്നു. അതിനെക്കുറിച്ചൊന്നും കൂടുതല്‍ അറിവ് എനിക്കില്ല. പക്ഷേ, മലയാളസിനിമയില്‍ മോഹന്‍ലാല്‍ എന്ന നടനുള്ള സ്വാധീനം വളരെ വലുതാണ്. അതുകൊണ്ടാണ് ഇത്രയും വര്‍ഷമായി അദ്ദേഹം ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുന്നത്.

മോഹന്‍ലാലിനെ എനിക്കും ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ കിരീടം, ചിത്രം, തൂവാനത്തുമ്പികള്‍ പോലുള്ള സിനിമകള്‍ കണ്ട് വലിയ ആരാധകനായ ആളാണ് ഞാന്‍. ഇപ്പോഴുള്ള തലമുറയിലുള്ളവരും ആ സിനിമകള്‍ കണ്ടാല്‍ അദ്ദേഹത്തിന്റെ ഫാനായി മാറും. അതില്‍ സംശയമില്ല. അങ്ങനെയുള്ള മോഹന്‍ലാലിന്റെ സിനിമകള്‍ ചാനലിനും ഒ.ടി.ടിക്കും വേണ്ടെന്നുള്ളത് ആരോ പറഞ്ഞുണ്ടാക്കിയതാകാനാണ് ചാന്‍സ്. ഇതെല്ലാം ഡീഗ്രേഡിങ്ങിന്റെ മറ്റൊരു വശമാണ്,’ സന്തോഷ് ടി. കുരുവിള പറഞ്ഞു.

Content Highlight: Santhosh T Kuruvila about Mohanlal’s influence among common people