അന്ന് വലിയ വിഷമമായി; 'സാരമില്ല മോനേ, സിനിമ അങ്ങനെയാണ്' എന്ന് ജഗതിച്ചേട്ടന്‍ പറഞ്ഞു: സഞ്ജു ശിവറാം
Entertainment
അന്ന് വലിയ വിഷമമായി; 'സാരമില്ല മോനേ, സിനിമ അങ്ങനെയാണ്' എന്ന് ജഗതിച്ചേട്ടന്‍ പറഞ്ഞു: സഞ്ജു ശിവറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 4:33 pm

മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് സഞ്ജു ശിവറാം. 2012ല്‍ പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമയിലൂടെയാണ് അദ്ദേഹം അഭിനയം ആരംഭിക്കുന്നത്. പിന്നീട് 1983, മണ്‍സൂണ്‍ മാംഗോസ് ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാനും സഞ്ജുവിന് സാധിച്ചിരുന്നു.

ഹോട്ട്‌സ്റ്റാറില്‍ ഇറങ്ങി വലിയ ശ്രദ്ധ നേടിയ 1000 ബേബീസ് എന്ന വെബ് സീരീസിലും ശ്രദ്ധേയമായ കഥാപാത്രത്തെ സഞ്ജു ശിവറാം അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ താന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് സഞ്ജു ശിവറാം.

‘ഞാന്‍ കല്‍ക്കട്ടയിലാണ് ഡിഗ്രി പഠിച്ചത്. എം.ബി.എ ബാംഗ്ലൂരിലും. എം.ബി.എ. കഴിഞ്ഞയുടനെ എനിക്ക് ജോലി കിട്ടി. തിരുവനന്തപുരത്ത് ടാറ്റയില്‍ ആയിരുന്നു ജോലി. തിരുവനന്തപുരം എന്നു കേട്ടപ്പോള്‍ സിനിമയാണ് എന്റെ മനസിലേക്ക് ആദ്യം വന്നത്.

അന്ന് അവിടെ മൂന്ന് കിലോമീറ്ററിനുള്ളില്‍ പത്തുപതിനാറ് തിയേറ്ററുണ്ട്. പിന്നെ ഫിലിം ഫെസ്റ്റിവലും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലുമൊക്കെ ഉണ്ടായിരുന്നു. സിനിമ കാണാന്‍ ഒരുപാട് അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ആരോടും അവസരം ചോദിക്കാനുള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.

അതിനിടയിലാണ് സിനിമയില്‍ അവസരമുണ്ടെന്ന് ഒരു സുഹൃത്ത് പറയുന്നത്. അങ്ങനെയാണ് ഞാന്‍ പോകുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ട് ആണെങ്കിലും സന്തോഷമായിരുന്നു. കാരണം അത് ജഗതി ശ്രീകുമാറുള്ള ഒരു സീനാണ്.

മേക്കപ്പിട്ട് ജഗതിച്ചേട്ടന്റെ കാലില്‍ തൊട്ടുതൊഴുതു. പക്ഷേ സെറ്റില്‍ ചെന്നപ്പോഴാണ് സംവിധായകന്‍ വേറെ ആരെയോ അവിടെ നിര്‍ത്തിയെന്ന് അറിയുന്നത്. അന്ന് വലിയ വിഷമമായി. ഞാന്‍ കോസ്റ്റിയൂം അഴിക്കുമ്പോള്‍ ജഗതിച്ചേട്ടന്‍ ‘എന്തുപറ്റി, കഴിഞ്ഞോ?’ എന്ന് ചോദിച്ചു.

‘അല്ല, സംവിധായകന്‍ മാറ്റി’യെന്ന് ഞാന്‍ മറുപടി പറഞ്ഞു. ‘അതു സാരമില്ല മോനേ, സിനിമ അങ്ങനെയാണ്’ എന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്,’ സഞ്ജു ശിവറാം പറയുന്നു.

Content Highlight: Sanju Sivram Talks About Jagathy Sreekumar