പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ടി-20 ലോകകപ്പ് നേടിയതിന് ശേഷം രണ്ട് പരമ്പരകളിലും പരാജയപ്പെട്ടിരിക്കുകയാണ്. അയര്‍ലാന്‍ഡിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യ അയ്യരുടെ കീഴില്‍ ആദ്യം കൈവിട്ടത്. ചരിത്രത്തിലാദ്യമായിട്ടായിരുന്നു ഇന്ത്യ ഐറിഷ് പടക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്.
പിന്നീട് നടന്ന ടി-20 ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലും ഇന്ത്യ സമ്പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് 4-0ത്തിനാണ് പരമ്പര കൈപ്പിടിയിലാക്കിയത്. ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
ഈ പരമ്പരകളില്‍ മലയാളി താരം സഞ്ജു സാംസണ് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ബാക്കിയുള്ള മത്സരങ്ങളില്‍ വൈഭവ് സൂര്യവംശിയായിരുന്നു മലയാളി താരത്തിന് പകരം ടീമിലെത്തിയത്.
ജൂലൈ 23 മുതല്‍ ഇന്ത്യക്ക് സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയുണ്ട്. എന്നാല്‍ ഈ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചിരുന്നില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു.
സഞ്ജുവിനെ ഒഴിവാക്കിയതില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ആരാധകരെയും ക്രിക്കറ്റ് അനലിസ്റ്റുകളെയും ഒരുപോലെ ഞെട്ടിച്ചതായിരുന്നു ഈ തീരുമാനം. മലയാളി താരത്തെ ഒഴിവാക്കിയതിന് പിന്നാലെ പല മുന്‍ താരങ്ങളും സഞ്ജുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.
സിംബാബ്വേ പരമ്പര കഴിഞ്ഞാല്‍ ഇന്ത്യക്ക് അടുത്ത മാസം ടി-20 പരമ്പരകള്‍ ഒന്നുമില്ല. സെപ്റ്റംബറിലായിരിക്കും ശ്രേയസ് അയ്യരും സംഘവും ടി-20യില്‍ കളത്തിലിറങ്ങുക. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യ ഇറങ്ങുന്നത്.
സെപ്റ്റംബര്‍ 17 മുതല്‍ 22 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ടീമില്‍ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വര്‍ണ മെഡലിനായി ഇന്ത്യ കളത്തിലിറങ്ങുന്ന ഈ പോരാട്ടത്തില്‍ സഞ്ജു കളത്തിലിറങ്ങുന്നത് കാണാനാവും.
അതേസമയം സെപ്റ്റംബര്‍ മാസത്തില്‍ ബംഗ്ലാദേശിനെതിരെയുള്ള ടി-20, ഏകദിന പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ പരമ്പര നടക്കുമെന്നതിനെക്കുറിച്ച് ഇപ്പോഴും ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ വ്യക്തത വരുത്തിയിട്ടില്ല.
Content Highlight: Sanju Samson will now play for India in the Asian Games 2026