ഗുജറാത്ത് കലാപക്കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍
national news
ഗുജറാത്ത് കലാപക്കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 1:06 pm

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപക്കേസില്‍ വ്യാജ തെളിവുകള്‍ സമര്‍പ്പിച്ചെന്ന കേസില്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തു. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.

സമാന രീതിയില്‍ കലാപത്തെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വ്യാജ തെളിവുകള്‍ നല്‍കിയെന്നും ആരോപിച്ച് മാധ്യമ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ്, മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ പലന്‍പൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു സഞ്ജീവ് ഭട്ട്. ഇവിടെ നിന്നും ട്രാന്‍സ്ഫര്‍ വാറണ്ട് വഴിയാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയ്‌ക്കെതിരെ മൊഴി നല്‍കിയതിനാണ് സഞ്ജീവ് ഭട്ട് പ്രതിചേര്‍ക്കപ്പെട്ടത്.

ഗുജറാത്ത് വംശഹത്യകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ ഏജന്‍സിയാണ് മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. കലാപം നടക്കുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ഇതിന് പിന്നാലെയായിരുന്നു ടീസ്ത, ആര്‍.ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ്.

നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യയാണ് ഹരജി നല്‍കിയ സാക്കിയ ജാഫ്രി.

മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കി 2012ലെ പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുവെന്നും ഇനി ഒരു പുനരന്വേഷണത്തിന്റെ ആവശ്യമില്ലെന്നുമാണ് ഹരജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബെഞ്ചിന്റെ വിശദീകരണം.

Content Highlight: Sanjiv Bhatt arrested in gujarat riots case