താന്‍ ടീമില്‍ വരാമെന്ന് പറഞ്ഞിട്ടും റൊണാള്‍ഡോയോട് നോ പറഞ്ഞ് 'എംബാപെയും' സംഘവും !
Football
താന്‍ ടീമില്‍ വരാമെന്ന് പറഞ്ഞിട്ടും റൊണാള്‍ഡോയോട് നോ പറഞ്ഞ് 'എംബാപെയും' സംഘവും !
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th July 2022, 12:48 pm

കഴിഞ്ഞ കുറച്ചുനാളുകളായി സൂപ്പര്‍താരം ക്രിസറ്റിയാനൊ റൊണാള്‍ഡൊ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് പോകുകയാണെന്ന വാര്‍ത്തകള്‍ വരുന്നുണ്ടായിരുന്നു. എന്നാല്‍ താരത്തെ വരവേല്‍ക്കാന്‍ മറ്റു ടീമുകളൊന്നും തയ്യാറായില്ലായിരുന്നു.

പിന്നീട് റോണോയെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും യുണൈറ്റഡിന്റെ പുതിയ കോച്ച് എറിക് ടെന്‍ ഹാഗ് പറഞ്ഞിരുന്നു. എന്നാല്‍ റോണോ യുണൈറ്റഡില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

അതേസമയം, റൊണാള്‍ഡോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസ് താരത്തിനായി പുതിയ ക്ലബ് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ പി.എസ്.ജിയ്ക്ക് നല്‍കിയ ഓഫര്‍ ക്ലബ്ബ് നിരസിച്ചതായി ഫ്രഞ്ച് മാധ്യമമായ പാരിസിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ സ്വന്തമാക്കാന്‍ പി.എസ്.ജിക്ക് അവസരം ലഭിച്ചെങ്കിലും വെറ്ററന്‍ താരത്തെ ഈ സീസണില്‍ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് പി.എസ്.ജിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

അതേസമയം, അനുയോജ്യമായ ഓഫറുകള്‍ വന്നാല്‍ തന്നെ ക്ലബ് വിടാന്‍ അനുവദിക്കണമെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ആവശ്യപ്പെട്ട റൊണാള്‍ഡോ, ഇത് വരെ പ്രീ-സീസണ്‍ പര്യടനത്തിനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടൊപ്പം ചേര്‍ന്നിട്ടില്ല. കുടുംബപരമായ പ്രശ്നങ്ങള്‍ കൊണ്ടാണ് താരം ടീമിനൊപ്പം ചേരാത്തതെന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിശദീകരിക്കുന്നത്.

റൊണാള്‍ഡോയെ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അടുത്ത സീസണില്‍ തന്റെ പദ്ധതിയില്‍ ഉള്‍പ്പെട്ട താരമാണ് റൊണാള്‍ഡോയെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് വ്യക്തമാക്കിയിരുന്നു.

റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ പ്രീമിയര്‍ ലീഗ് ക്ലബായ ചെല്‍സിക്ക് താത്പര്യമുണ്ടായിരുന്നെങ്കിലും, പരിശീലകന്‍ തോമസ് ടുഷേല്‍ താരത്തെ ടീമിലെത്തിക്കുന്നതില്‍ സന്തുഷ്ടനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights: PSG Rejected Cristiano Ronaldo