'മോദിജീ, ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ മുഖം ശ്രദ്ധിച്ച് അത് സാരാനാഥ് സിംഹത്തെയാണോ ഗിര്‍ സിംഹത്തെയാണോ പ്രതിനിധീകരിക്കുന്നതെന്ന് നോക്കണം'; മോദിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍
national news
'മോദിജീ, ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ മുഖം ശ്രദ്ധിച്ച് അത് സാരാനാഥ് സിംഹത്തെയാണോ ഗിര്‍ സിംഹത്തെയാണോ പ്രതിനിധീകരിക്കുന്നതെന്ന് നോക്കണം'; മോദിയോട് പ്രതിപക്ഷ പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th July 2022, 12:29 pm

ന്യൂദല്‍ഹി: ശോഭയും ആകര്‍ഷണവുമൊക്കെയുള്ള ദേശീയ ചിഹ്നത്തെ മോദിയും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് വളച്ചൊടിച്ചെന്നാരോപിച്ച് പ്രതിപക്ഷം. പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിക്കാന്‍ നിര്‍മിച്ച അശോക സ്തംഭമാണ് വിവാദത്തിലായിരിക്കുന്നത്. ദേശീയ ചിഹ്നത്തിലെ സിംഹത്തിന്റെ മുഖം ശ്രദ്ധിച്ച് അത് സാരനാഥ് പ്രതിമയെയാണോ അതോ ഗിര്‍ സിംഹത്തെയാണോ പ്രതിനിധീകരിക്കുന്നതെന്ന് നോക്കണമെന്നും പ്രതിപക്ഷം മോദിയോട് ആവശ്യപ്പെട്ടു.

പരിശോധിച്ച ശേഷം തെറ്റ് കണ്ടെത്തിയാല്‍ അത് തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രതിപക്ഷം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധമാണ് അനാച്ഛാദന ചടങ്ങിനെതിരേയും സ്തംഭത്തിനെയിരേയും ഉയര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) എന്നിവരുള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികളാണ് ബി.ജെ.പിയേയും മോദിസര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

ദേശീയ ചിഹ്നമായ അശോക സിംഹങ്ങള്‍ക്ക് ഇത് അപമാനമാണെന്നായിരുന്നു പാര്‍ലമെന്റ് മന്ദിരത്തിന് വേണ്ടി സ്ഥാപിച്ച പുതിയ അശോക സ്തംഭത്തെക്കുറിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം.

പുതിയ അശോക സ്തംഭം മോദിയുടെ പതിപ്പാണെന്നും അത് മനുഷ്യരെ കാര്‍ന്നു തിന്നുന്ന സിംഹങ്ങള്‍ക്ക് സമാനമായിരിക്കുന്നുവെന്നുമായിരുന്നു രാജ്യസഭാ എം.പി ജവഹര്‍ സിര്‍കാര്‍ ട്വീറ്റ് ചെയ്തത്.

പുതുതായി നിര്‍മിച്ച അശോക സ്തംഭങ്ങളുടെ ഭാവം അക്രമമാണെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ദേശീയ ചിഹ്നത്തെ പരിഹാസ്യരൂപേണ ചിത്രീകരിച്ചെന്ന വാദവും നേരത്തെ ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി അനാവരണം ചെയ്ത അശോകസ്തംഭത്തെ ഗോഡ്സെയോടും യഥാര്‍ത്ഥ അശോക സ്തംഭത്തെ മഹാത്മാ ഗാന്ധിയോടുമാണ് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രഷാന്ത് ഭൂഷണ്‍ താരതമ്യം ചെയ്തത്.

‘ഗാന്ധി മുതല്‍ ഗോഡ്സെ വരെ; ഗാംഭീര്യത്തോടെയും സമാധാനത്തോടെയും ഇരിക്കുന്ന സിംഹങ്ങളുള്ള നമ്മുടെ ദേശീയ ചിഹ്നത്തില്‍ നിന്ന്, സെന്‍ട്രല്‍ വിസ്തയില്‍ നിര്‍മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മുകളില്‍ അനാച്ഛാദനം ചെയ്ത പുതിയ ദേശീയ ചിഹ്നം തുറന്നുകാട്ടപ്പെട്ട പല്ലുകളുള്ള കോപാകുലരായ സിംഹങ്ങളോടെയാണ്. ഇതാണ് മോദിയുടെ പുതിയ ഇന്ത്യ’ – പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തതിനെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു.
പ്രധാനമന്ത്രി ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: ‘Modiji, you should look at the face of the lion on the national emblem and see if it represents the Sarnath lions or the Gir lion’; Opposition parties to Modi