എനിക്ക് ഒരു തവണ തെറ്റുപറ്റി; 2.6 മില്യണ്‍ ഫോളോവേഴ്‌സുള്ള ഞാന്‍ ആ കാര്യം ചെയ്യരുതായിരുന്നു: സാനിയ ഇയ്യപ്പന്‍
Entertainment
എനിക്ക് ഒരു തവണ തെറ്റുപറ്റി; 2.6 മില്യണ്‍ ഫോളോവേഴ്‌സുള്ള ഞാന്‍ ആ കാര്യം ചെയ്യരുതായിരുന്നു: സാനിയ ഇയ്യപ്പന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 22nd January 2025, 7:37 am

മഴവില്‍ മനോരമയിലെ ഡി4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് സാനിയ ഇയ്യപ്പന്‍. ബാല്യകാലസഖി എന്ന സിനിമയില്‍ ഇഷ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. ഒപ്പം അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായും സാനിയ അഭിനയിച്ചു.

2018ല്‍ പുറത്തിറങ്ങിയ ക്വീന്‍ എന്ന സിനിമയിലൂടെയാണ് സാനിയ ആദ്യമായി നായികയായി എത്തുന്നത്. ആ സിനിമയിലെ ചിന്നു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മലയാളത്തിലെ മുന്‍നിര അഭിനേതാക്കളോടൊപ്പമെല്ലാം സിനിമകള്‍ ചെയ്യാന്‍ സാനിയക്ക് സാധിച്ചു.

സൂപ്പര്‍ ഹിറ്റ് സിനിമയായ ലൂസിഫറിലെ ജാന്‍വി എന്ന കഥാപാത്രവും വലിയ ശ്രദ്ധ നേടിയിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും സാനിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് ഒരു തവണ തെറ്റ് പറ്റിയിട്ടുണ്ടെന്നും ഒരു സമയത്ത് താന്‍ ഗെയിമിങ് പ്രൊമോട്ട് ചെയ്തിരുന്നെന്നും പറയുകയാണ് സാനിയ ഇയ്യപ്പന്‍.

എന്നാല്‍ പിന്നീട് താന്‍ ചെയ്യുന്നത് അത്ര നല്ല കാര്യമല്ലെന്ന തോന്നല്‍ ഉണ്ടായെന്നും ഗെയിമിങ് പ്രൊമോഷന്‍ താന്‍ പാതി വഴി നിര്‍ത്തിയെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സാനിയ.

‘എനിക്ക് ഒരു തവണ മിസ്‌റ്റേക്ക് പറ്റിയിട്ടുണ്ട്. ഒരു സമയത്ത് ഞാന്‍ ഗെയിമിങ് പ്രൊമോഷന്‍ ചെയ്തിരുന്നു. പക്ഷെ ഒരു പോയിന്റ് കഴിഞ്ഞപ്പോഴേക്കും എനിക്ക് തന്നെ എവിടെയോ ഒരു തോന്നല്‍ ഉണ്ടായി. അതായത്, ഞാന്‍ ചെയ്യുന്നത് അത്ര നല്ല കാര്യമല്ല എന്ന തോന്നല്‍ ഉണ്ടായി. ഗെയിമിങ് പ്രൊമോട്ട് ചെയ്യുന്നത് നല്ലതല്ലെന്ന് മനസിലാക്കി.

അങ്ങനെ ഞാന്‍ അവര്‍ക്ക് പൈസ തിരികെ നല്‍കി. ഒപ്പം ഗെയിമിങ് പ്രൊമോഷന്‍ ഞാന്‍ പാതി വഴി നിര്‍ത്തുകയും ചെയ്തു. ചില സമയത്ത് നമുക്ക് ഒരു റെസ്‌പോണ്‍സിബിളിറ്റിയുണ്ട്. 2.6 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള ഞാന്‍ ഇത്തരം ഒരു കാര്യം ഉപയോഗിക്കണമെന്ന് പറഞ്ഞ് പ്രൊമോട്ട് ചെയ്യുമ്പോള്‍ എനിക്ക് അതിന്റേതായ റെസ്‌പോണ്‍സിബിളിറ്റി ഉണ്ടാകും,’ സാനിയ ഇയ്യപ്പന്‍ പറഞ്ഞു.

Content Highlight: Saniya Iyyappan Talks About Gaming Promotion