എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മോഹന്‍ലാലിനെ എത്രത്തോളം ബാധിച്ചുവെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും പേഴ്‌സണല്‍ ഓഡിറ്ററുമായ എം.ബി സനില്‍കുമാര്‍.
അദ്ദേഹം മുംബൈയില്‍ ഒരു ഷൂട്ടുമായി ബന്ധപ്പെട്ട് നില്‍ക്കുമ്പോഴാണ് ഈ വിവാദം ഉണ്ടായതൊന്നും ഒരു രാത്രി മുഴുവന്‍ അദ്ദേഹം ടെന്‍ഷനിലായിരുന്നെന്നും സനില്‍കുമാര്‍ പറയുന്നു.
‘ ഒരു രാത്രി അദ്ദേഹം വേദനിച്ചിട്ടുണ്ട്. മനസാ വാചാ അദ്ദേഹം അറിയാത്ത, അല്ലെങ്കില്‍ ശ്രദ്ധിക്കാത്ത കാര്യമാണ്. ഇതൊക്കെ ചിലപ്പോള്‍ അബദ്ധവും ആയിരിക്കും. ബോധപൂര്‍വായ ഒരു മനസ് അക്കാര്യത്തില്‍ അദ്ദേഹത്തിനില്ല.
ഞാനറിയാത്ത കാര്യം എന്റെ തലയില്‍കൊണ്ടുവെക്കുമ്പോള്‍ വേദനയുണ്ടാകില്ലേ. ആ രാത്രി അദ്ദേഹത്തോടൊപ്പം ഞാനും ഉണ്ടായിരുന്നു. മുംബൈയില്‍ ഒരു ബ്രാന്‍ഡ് ഷൂട്ടിന് പോയതായിരുന്നു.
പെട്ടെന്ന് ഇങ്ങനെ ആവുന്നു. രാത്രി മുഴുവന്‍ അതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിറ്റേ ദിവസം അദ്ദേഹം പോസ്റ്റിട്ടു. പലരോടും സംസാരിച്ച ശേഷമാണ് പോസ്റ്റിട്ടത്. അദ്ദേഹം സുഹൃത്തുക്കളെ തന്നെ വിളിച്ച് ചോദിക്കും. എന്താണ് ചെയ്യേണ്ടത് എന്ന്.
അല്ലാതെ ഒരാളും അദ്ദേഹത്തെ വിളിച്ചിട്ടില്ല. ഒരു ഡിഫന്‍സില്‍ നിന്നും വിളിച്ചിട്ടില്ല, ഒരു പൊളിറ്റീഷ്യനും വിളിച്ചിട്ടില്ല. ഒരു അഡ്മിനിസ്‌ട്രേഷനോ ഗവര്‍മെന്റ് ഒഫീഷ്യലോ പൊലീസ് ഓഫീസറോ ജുഡീഷ്യറിയോ എന്തിന് ഒരു പത്രക്കാര്‍ പോലും വിളിച്ചിട്ടില്ല.
സ്‌നേഹിതരാണ് പറഞ്ഞത്. അവര്‍ അത് പറയുമ്പോള്‍ അവരോട് ചര്‍ച്ച ചെയ്തു. ഒരു സ്‌നേഹിതന്‍ പറയുമ്പോള്‍ വേറെ ഒരാളോട് ചോദിക്കുമല്ലോ. അങ്ങനെ അഭിപ്രായം സമന്വയിപ്പിച്ചു എന്നല്ലാതെ ഒരാളും ഒന്നിനും വിളിച്ചിട്ടില്ല.
തെറ്റായിപ്പോയിക്കാണുമെന്ന് പലരും പറയുമ്പോള്‍ അങ്ങനെയാണോ എന്നാല്‍ ക്ഷമ ചോദിക്കണമെങ്കില്‍ ക്ഷമ ചോദിക്കാം എനിക്ക് ഈഗോയില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മാപ്പ് പറഞ്ഞപ്പോള്‍ പിന്നെ എന്തിനാണ് നിങ്ങള്‍ മാപ്പ് ചോദിച്ചത് എന്നായി. മനപൂര്‍വം തെറ്റ് ചെയ്തതല്ലേ എന്നൊക്കെ ചോദിച്ചു. പിന്നെ അദ്ദേഹം അതൊന്നും ശ്രദ്ധിച്ചിട്ടില്ല.
മോഹന്‍ലാല്‍ എന്ന വ്യക്തിക്ക് ഇതിലൊന്നും ഒരു കാര്യവും ഇല്ല എന്നതാണ്. ഒരു പ്രഷറും അദ്ദേഹത്തിന് മുകളിലില്ല. സെന്‍സര്‍ കട്ട് ചെയ്തതുപോലും സ്വമേധയാ ചെയ്തതാണ്. ആരും പറഞ്ഞിട്ടല്ല. തെറ്റ് വന്നെങ്കില്‍ ചെയ്യാമെന്ന തീരുമാനത്തിന്റെ പുറത്താണ്,’ സനില്‍കുമാര്‍ പറഞ്ഞു.
Content Highlight: Sanil Kumar about Mohanlal and Empuraan Controversy