എമ്പുരാന്റെ വിജയം സോഷ്യല്‍മീഡിയയില്‍ ആരാധകരുമായി പങ്കുവെക്കുന്ന മോഹന്‍ലാലിന്റെ നടപടിയില്‍ അസ്വസ്ഥരായി സംഘപരിവാര്‍ പ്രൊഫൈലുകള്‍.
എമ്പുരാനില്‍ ഗുജറാത്ത് കലാപമടക്കമടക്കമുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചതും കേന്ദ്രഭരണകക്ഷിയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള നരേഷനും മോഹന്‍ലാലിന്റെ അറിവോടെയല്ലെന്നായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകളുടെ വാദം.
മോഹന്‍ലാല്‍ അറിയാതെയാണ് ഗുജറാത്തും ഗോദ്രയും ഒക്കെ സിനിമയില്‍ കടന്ന് കൂടിയതെന്നും സിനിമയുടെ ഒരു പ്രിവ്യൂ ഷോ പോലും വെക്കാതിരിക്കാന്‍ പൃഥ്വിരാജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.
സസ്‌പെന്‍സുകള്‍ ലീക്കാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രിവ്യൂ ഷോ വേണ്ടെന്ന് വെച്ചെന്ന് പൃഥ്വി കള്ളം പറയുകയായിരുന്നെന്നും റിലീസ് ദിവസം രാവിലെ മാത്രമാണ് മോഹന്‍ലാല്‍ സിനിമ കണ്ടതെന്നും അതിന് ശേഷമാണ് ”പണി” കിട്ടിയ വിവരം ലാല്‍ അറിഞ്ഞതെന്നുമായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകളുടെ നരേഷന്‍.
47 വര്‍ഷം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ഒരു വ്യക്തിയെ കിരീടം വെച്ച രാജാവിനെ, ”രാജകീയമായി പറ്റിക്കാന്‍” രായപ്പന് കഴിഞ്ഞു എന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകളുടെ അധിക്ഷേപം.
ചിത്രത്തില്‍ പൃഥ്വിരാജിന്റെ ഫ്‌ലാഷ്ബാക്കും ഭജരംഗി എന്ന കഥാപാത്രത്തിന്റെ പശ്ചാത്തലവും ഒക്കെ തിരുകി കയറ്റപ്പെട്ടതാണ് എന്ന് സിനിമ കണ്ടവര്‍ക്ക് മനസിലാകുമെന്നും സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെയാണ് സിനിമയുടെ വിജയത്തിന് നന്ദി പറഞ്ഞുകൊണ്ടും ബോക്‌സ് ഓഫീസ് കളക്ഷനുകള്‍ പങ്കുവെച്ചുകൊണ്ടുമുള്ള മോഹന്‍ലാലിന്റെ പോസ്റ്റുകള്‍ ഒന്നിന് പിറകെ ഒന്നായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.
ഇതോടെ മോഹന്‍ലാല്‍ അറിയാതെയാണ് ചില ഭാഗങ്ങള്‍ സിനിമയില്‍ തിരുകിക്കയറ്റിയതെന്ന സംഘപരിവാറിന്റെ വാദം പൊളിഞ്ഞു.
ഇന്നലെ വരെ തനിക്ക് ഉണ്ടായിരുന്ന വിശ്വാസ്യതയും സ്‌നേഹവും ഒക്കെ ഇനി എന്നെങ്കിലും തിരികെ നേടാന്‍ മോഹന്‍ലാലിന് കഴിയുമോ എന്ന് കണ്ടറിയണമെന്നും ‘എക്‌സ് ലാലേട്ടന്‍ മുറിവില്‍ ഉപ്പു പുരട്ടുകയാണെന്നു’മൊക്കെ പറഞ്ഞാണ് ഇപ്പോള്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തുന്നത്.
നേരത്തെ ‘തിരക്കഥയോ തിരുകിയ കഥയോ, എമ്പുരാന്‍ പുകയുന്നു’ എന്ന് പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ജനം ടി.വി പങ്കുവെച്ചിരുന്നു.
മോഹന്‍ലാല്‍ അറിയാതെ പൃഥ്വിയും മുരളി ഗോപിയും ചേര്‍ന്നൊരുക്കിയ നാടകമാണ് എമ്പുരാന്റെ കാര്യത്തില്‍ നടന്നതെന്നായിരുന്നു സംഘപരിവാറിന്റെ പ്രചരണം.
എന്നാല്‍ മോഹന്‍ലാലിന്റെ നിലപാടോടെ അവരുടെ ആ വാദവും പൊളിഞ്ഞു. ഇതോടെ മോഹന്‍ലാലിനെതിരെയും തുറന്നയുദ്ധവുമായി എത്തുകയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍. പൈസ കിട്ടിയാല്‍ എന്തും ചെയ്യുമെന്നും മോഹന്‍ലാല്‍ ജനങ്ങളോട് മാപ്പു ചോദിക്കണമെന്നുമൊക്കെയാണ് ഇവരുടെ ആവശ്യം.
Content Highlight: Sangh Parivar against Mohanlal Who sharing Empuran’s success posts