പാലക്കാട്: കര്‍ണാടകയിലെ ഭൂമി കുംഭകോണത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍.
‘മുതലാളി മാരാര്‍ജി ഭവന്‍ കൂടി വിറ്റ് ഒരു പോക്ക് പോകും’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. കര്‍ണാടകയിലെ ഏക്കര്‍ കണക്കിന് ഭൂമി ഏറ്റെടുത്ത് തിരിമറി നടത്തിയെന്ന ആരോപണം വീണ്ടും ശക്തമായതോടെയാണ് രാജീവ് ചന്ദ്രശേഖറിനെതിരെ വിമര്‍ശനം ഉയരുന്നത്.
ഒരാഴ്ച മുമ്പ് 500 കോടി രൂപയുടെ കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്‌മെന്റ് ബോര്‍ഡ്) ഭൂമി ക്രമക്കേടില്‍ രാജീവ് ചന്ദ്രശേഖറിന് പങ്കുള്ളതായി സൗത്ത് ന്യൂസിനെ ഉദ്ധരിച്ച് ഡൂള്‍ന്യൂസ് ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംഭവത്തില്‍ അഭിഭാഷകനായ കെ.എന്‍. ജഗദേഷ് കുമാര്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കിയതോടെയാണ് വിവരം പുറത്തുവന്നത്.
രാജീവ് ചന്ദ്രശേഖറിന് പുറമെ അഞ്ജു രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു, അജിത് ഗോപാല്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയായിരുന്നു അഭിഭാഷകന്റെ പരാതി. എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ അന്ന് രംഗത്തെത്തിയത്.
1995ല്‍ ദൊബാസ്പേട്ടിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത 175 ഏക്കര്‍ കൃഷിഭൂമി കെ.ഐ.എ.ഡി.ബി ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡിന് കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുവദിച്ചിരുന്നു. ഏക്കറിന് 1.1 ലക്ഷം രൂപ നല്‍കിയാണ് കെ.ഐ.എ.ഡി.ബി ഭൂമി ഏറ്റെടുത്തത്.
തുടര്‍ന്ന് 1995 മെയ് 23ന് 149 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡിന് കെ.ഐ.എ.ഡി.ബി കൈമാറുകയായിരുന്നു. 1996 ഏപ്രില്‍ 17ന് രജിസ്റ്റര്‍ ചെയ്ത ലീസ് ഡീഡും കൈമാറിയിരുന്നു. പരാതിയില്‍ പറയുന്നത് പ്രകാരം, 2004 വരെ ഈ സ്ഥലത്ത് ഒരു വ്യാവസായിക പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല.
എന്നാല്‍ ബി.പി.എല്‍ കമ്പനി ഏക്കര്‍ കണക്കിനുള്ള ഭൂമി ബാങ്ക് ഓഫ് ബഹ്‌റൈന്‍ ആന്‍ഡ് കുവൈറ്റില്‍ പണയപ്പെടുത്തിയെന്നാണ് ആരോപണം. ഇതിന് കെ.ഐ.എ.ഡി.ബിയുടെ അനുമതി ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ഭൂമിയുടെ ഏതാനും ഭാഗങ്ങള്‍ പ്രമുഖ കമ്പനികള്‍ക്ക് വിറ്റതായും അഭിഭാഷകന്‍ പറയുന്നു.
നിലവില്‍ ഈ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന് പരാതി നല്‍കിയതിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
രാജീവ് ചന്ദ്രശേഖറിന് നേരിട്ട് ബന്ധമുള്ള കമ്പനിയാണ് ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡ്. ബി.പി.എല്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ ടി.പി.ജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെയാണ് രാജീവ് ചന്ദ്രശേഖര്‍ വിവാഹം കഴിച്ചിരിക്കുന്നത്.
Content Highlight: Sandeep varier mocks Rajeev Chandrasekhar over Karnataka land scam