ബെംഗളൂരു: കര്‍ണാടകയിലെ 500 കോടി രൂപയുടെ കെ.ഐ.എ.ഡി.ബി (കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ്) ഭൂമി ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പങ്കെന്ന് റിപ്പോര്‍ട്ട്. സൗത്ത് ന്യൂസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
1995ല്‍ ദൊബാസ്‌പേട്ടിലെ കര്‍ഷകരില്‍ നിന്ന് ഏറ്റെടുത്ത 175 ഏക്കര്‍ കൃഷിഭൂമി കെ.ഐ.എ.ഡി.ബി ബി.പി.എല്‍ കളര്‍ ടെലിവിഷന്‍, ട്യൂബ്, ബാറ്ററി നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി അനുവദിച്ചിരുന്നു.
സംഭവത്തില്‍ അഭിഭാഷകനായ കെ.എന്‍. ജഗദേഷ് കുമാര്‍ അന്വേഷണം ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് അപ്പീല്‍ നല്‍കിയതോടെയാണ് വിവരം പുറത്തുവന്നത്.
രാജീവ് ചന്ദ്രശേഖറിന് പുറമെ അഞ്ജു രാജീവ് ചന്ദ്രശേഖര്‍, മുന്‍ മന്ത്രി കട്ട സുബ്രഹ്‌മണ്യ നായിഡു, അജിത് ഗോപാല്‍ നമ്പ്യാര്‍ എന്നിവര്‍ക്കെതിരെയാണ് അഭിഭാഷകന്റെ പരാതി. എസ്.ഐ.ടി അന്വേഷണം ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ രംഗത്തെത്തിയത്.
രാജീവ് ചന്ദ്രശേഖറിന് നേരിട്ട് ബന്ധമുള്ള കമ്പനിയാണ് ബി.പി.എല്‍. ബി.പി.എല്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ ടി.പി.ജി നമ്പ്യാരുടെ മകള്‍ അഞ്ജു ചന്ദ്രശേഖറിനെയാണ് രാജീവ് ചന്ദ്രശേഖര്‍ വിവാഹം കഴിച്ചിരിക്കുന്നത്.
ഏക്കറിന് 1.1 ലക്ഷം രൂപ നല്‍കിയാണ് കെ.ഐ.എ.ഡി.ബി ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് 1995 മെയ് 23ന് 149 ഏക്കര്‍ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ബി.പി.എല്‍ ഇന്ത്യ ലിമിറ്റഡിന് കെ.ഐ.എ.ഡി.ബി കൈമാറുകയായിരുന്നു. 1996 ഏപ്രില്‍ 17ന് രജിസ്റ്റര്‍ ചെയ്ത ലീസ് ഡീഡും കൈമാറി.
പരാതിയില്‍ പറയുന്നത് പ്രകാരം, 2004 വരെ ഈ സ്ഥലത്ത് ഒരു വ്യാവസായിക പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ല. എന്നാല്‍ ബി.പി.എല്‍ കമ്പനി ഏക്കര്‍ കണക്കിനുള്ള ഭൂമി ബാങ്ക് ഓഫ് ബഹ്റൈന്‍ ആന്‍ഡ് കുവൈറ്റില്‍ പണയപ്പെടുത്തിയെന്നാണ് വിവരം.