ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്റെ കാര്യത്തില്‍ ആ രണ്ട് നടന്മാരെയാണ് ആലപ്പുഴ ജിംഖാനക്ക് വേണ്ടി റഫറന്‍സാക്കിയത്: സന്ദീപ് പ്രദീപ്
Entertainment
ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്റെ കാര്യത്തില്‍ ആ രണ്ട് നടന്മാരെയാണ് ആലപ്പുഴ ജിംഖാനക്ക് വേണ്ടി റഫറന്‍സാക്കിയത്: സന്ദീപ് പ്രദീപ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 1:31 pm

ഷോര്‍ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് സന്ദീപ് പ്രദീപ്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടിയാണ് സന്ദീപിന്റെ ആദ്യചിത്രമെങ്കിലും ബേസില്‍ ജോസഫ് നായകനായ ഫാലിമിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഈ വര്‍ഷത്തെ ഗംഭീര വിജയങ്ങളായ ആലപ്പുഴ ജിംഖാനയിലും പടക്കളത്തിലും സന്ദീപിന്റെ സാന്നിധ്യമുണ്ടായിരുന്നു.

നായകന്റെ കൂട്ടുകാരനായ ഷിഫാസ് എന്ന കഥാപാത്രത്തെയാണ് സന്ദീപ് ആലപ്പുഴ ജിംഖാനയില്‍ അവതരിപ്പിച്ചത്. ചിത്രത്തിനായി നസ്‌ലെന്‍, ലുക്മാന്‍, ഗണപതി എന്നിവര്‍ക്കൊപ്പം സന്ദീപും ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയിരുന്നു. ചിത്രത്തിനായി ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ നടത്തിയ അനുഭവം പങ്കുവെക്കുകയാണ് സന്ദീപ് പ്രദീപ്.

രണ്‍ബീര്‍ കപൂര്‍, ആമിര്‍ ഖാന്‍ എന്നിവര്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനാണ് ആലപ്പുഴ ജിംഖാനക്ക് വേണ്ടി റഫറന്‍സാക്കിയതെന്ന് സന്ദീപ് പറഞ്ഞു. എല്ലാവരും വളരെയധികം ഹാര്‍ഡ്‌വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമയില്‍ അത് പ്രത്യേകം എടുത്തുകാണാമെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ ഏറ്റവും പ്രയാസം തനിക്കായിരുന്നെന്നും സന്ദീപ് പറയുന്നു. കാര്‍ത്തിക് സൂര്യയോട് സംസാരിക്കുകയായിരുന്നു സന്ദീപ് പ്രദീപ്.

‘ആലപ്പുഴ ജിംഖാനയിലേക്ക് ഖാലിദിക്ക വിളിച്ചപ്പോള്‍ തന്നെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷന്‍ വേണമെന്ന് പറഞ്ഞിരുന്നു. ബോക്‌സര്‍മാരുടെ കഥയായതുകൊണ്ട് അത് നിര്‍ബന്ധമായിരുന്നു. ആമിര്‍ ഖാനും രണ്‍ബീര്‍ കപൂറും നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷായിരുന്നു ഞങ്ങളെല്ലാവരും റഫറന്‍സാക്കിയത്. അവര്‍ ചെയ്ത രീതി ഫോളോ ചെയ്യുകയല്ല, ആ ഒരു ബോഡി ലെവല്‍ മാത്രം എടുത്തു.

ഇതില്‍ ഏറ്റവും പ്രയാസം എനിക്കായിരുന്നു. പടത്തിലേക്ക് വിളിച്ച സമയത്ത് എന്റെ വെയിറ്റ് 65 കിലോയായിരുന്നു. പക്ഷേ, അതില്‍ ഫാറ്റായിരുന്നു കൂടുതല്‍. പക്ഷേ, പൊക്കമുള്ളതുകൊണ്ട് വെയിറ്റുള്ളത് അറിയില്ല. കണ്ടാല്‍ മെലിഞ്ഞതുപോലെയേ തോന്നുള്ളൂ. എനിക്ക് ബള്‍ക്കിയാകാന്‍ പറ്റില്ല. ഡയറ്റെടുത്ത് വെയിറ്റ് കുറക്കാനും പറ്റില്ല. ആകെ ചെയ്യാന്‍ പറ്റുന്നത് ഫാറ്റിനെയെല്ലാം മസിലാക്കി കണ്‍വെര്‍ട്ട് ചെയ്യുക എന്നതായിരുന്നു. അതിന് ഹാര്‍ഡ്‌വര്‍ക്ക് ചെയ്തതിന്റെ റിസള്‍ട്ട് കാണാന്‍ പറ്റി,’ സന്ദീപ് പ്രദീപ് പറയുന്നു.

തല്ലുമാലയുടെ വന്‍ വിജയത്തിന് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത് വിഷു റിലീസായെത്തിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്‌ലെന്‍, ലുക്മാന്‍ അവറാന്‍, ഗണപതി, ബേബി ജീന്‍, അനഘ നാരായണന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നത്. വിഷു റിലീസുകള്‍ക്കിടയിലെ വിജയിയായി ആലപ്പുഴ ജിംഖാന മാറി.

Content Highlight: Sandeep Pradeep saying he followed Aamir Khan and Ranbir Kapoor for the body transformation reference for Alappuzha Gymkhana movie