39 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ സുനില്‍ ഗാവസ്‌കറും അക്കാലത്തെ പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകനായിരുന്ന സുരേഷ് മേനോനും ഒന്നിച്ച് ഒരു ലിഫ്റ്റില്‍ സഞ്ചരിക്കുകയായിരുന്നു. ഏതാനും നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലിഫ്റ്റിലേയ്ക്ക് ഒരാള്‍ കൂടി കടന്നുവന്നു. അയാളുടെ പേര് ജാവേദ് മിയാന്‍ദാദ് എന്നായിരുന്നു!
ഗാവസ്‌കര്‍ ഉടനെ ഒരു ചോദ്യം ഉന്നയിച്ചു,
”എനിക്ക് ഒരു കാര്യം അറിയണമെന്നുണ്ട് ജാവേദ്. കഴിഞ്ഞ ഏതാനും മാസങ്ങള്‍കൊണ്ട് എത്ര ലക്ഷം രൂപയാണ് നിങ്ങള്‍ പുതിയതായി സമ്പാദിച്ചത്?’
ഗാവസ്‌കറിന്റെ വാക്കുകളില്‍ ഒട്ടും അതിശയോക്തി ഇല്ലായിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പ് ഷാര്‍ജയില്‍ വെച്ചുനടന്ന ഓസ്ട്രലേഷ്യ കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാന പന്തില്‍ നാല് റണ്‍സ് വേണം എന്ന സാഹചര്യത്തില്‍ മിയാന്‍ദാദ് ചേതന്‍ ശര്‍മയ്‌ക്കെതിരെ പറത്തിയ സിക്‌സറാണ് പാക്കിസ്ഥാന്റെ വിജയം പൂര്‍ത്തിയാക്കിയത്!

ജാവേദ് മിയാന്‍ദാദ്
അതോടെ മിയാന്‍ദാദ് പാകിസ്ഥാന്റെ ദേശീയ ഹീറോ ആയി മാറി. ആ ഒരൊറ്റ ഷോട്ടിന്റെ പേരില്‍ അളവില്ലാത്ത സമ്പത്തും നിരവധി പാരിതോഷികങ്ങളും മിയാന്‍ദാദിലേയ്ക്ക് ഒഴുകിയെത്തിയിരുന്നു. അതുകൊണ്ടാണ് ഗാവസ്‌കര്‍ മിയാന്‍ദാദിനോട് അങ്ങനെ ചോദിച്ചത്!
2025ലെ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും മാറ്റുരച്ചപ്പോള്‍ പാക് ടീമിലെ ഓരോ അംഗവും കൊതിച്ചിട്ടുണ്ടാവണം, എനിക്ക് ഈ തലമുറയിലെ മിയാന്‍ദാദ് ആവണം! ഒറ്റ രാത്രികൊണ്ട് കോടീശ്വരനാകണം പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ അമരത്വം നേടണം!
പാകിസ്ഥാനികള്‍ക്ക് ഇന്ത്യയോട് കടുത്ത അമര്‍ഷമുണ്ടായിരുന്നു. അവരുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യ വിസമ്മതിച്ച നിമിഷം മുതല്‍ പകയുടെ കനല്‍ എരിഞ്ഞുതുടങ്ങിയിരുന്നു. ഫര്‍ഹാന്റെ ഗണ്‍ സെലിബ്രേഷനും റൗഫിന്റെ വിമാനം താഴെവീഴുന്ന ആംഗ്യവുമെല്ലാം അതിന്റെ ബാക്കിപത്രങ്ങളായിരുന്നു.
ഇന്ത്യയുടെ റണ്‍ചെയ്‌സിന്റെ പത്തൊമ്പതാം ഓവറില്‍ ഉണ്ടായ കാര്യങ്ങള്‍ ശ്രദ്ധിക്കുക. ശിവം ദുബെയില്‍ നിന്ന് ഒരു ഡോട്ട്‌ബോള്‍ കിട്ടിയപ്പോള്‍ ബോളറായ ഫഹീം അഷ്‌റഫ് മുന്നോട്ട് നടന്നുചെന്ന് ബാറ്ററെ തുറിച്ചുനോക്കി! അടുത്ത പന്തില്‍ ദുബേ ലോങ്ങ്-ഓഫില്‍ പിടികൊടുത്തപ്പോള്‍ ഫഹീം വന്യമായി അലറുകയും ചെയ്തു!
അവസാന ഓവറില്‍ ഇന്ത്യയ്ക്ക് 10 റണ്‍സ് വേണ്ടിയിരുന്നു. രവി ശാസ്ത്രി പറഞ്ഞു,
”This Is Still Anybody’s Game…”
അതിനുപിന്നാലെ ഹാരിസ് റൗഫ് ബോള്‍ ചെയ്യാനെത്തി. തന്നെ പുറത്താക്കിയതിനുശേഷം ജസ്പ്രീത് ബുംറ നടത്തിയ ആഘോഷം റൗഫിന്റെ മനസ്സില്‍ കിടന്ന് പുകയുന്നുണ്ടായിരുന്നു!
Bumrah. Yorker. Rauf had no answer. 🥵
Watch the Asia Cup Final LIVE NOW on the Sony Sports Network TV channels & Sony LIV.#SonySportsNetwork #DPWorldAsiaCup2025 #INDvPAK pic.twitter.com/ANoD149Fyp
— Sony Sports Network (@SonySportsNetwk) September 28, 2025
ആറ് മികച്ച പന്തുകള്‍ എറിയാന്‍ സാധിച്ചാല്‍ ഇനിയുള്ള കാലം മുഴുവനും പാക്കിസ്ഥാനില്‍ താന്‍ ആരാധിക്കപ്പെടുമെന്ന് റൗഫിന് നല്ല നിശ്ചയമുണ്ടായിരുന്നു.
പക്ഷേ റൗഫിന്റെ രണ്ടാമത്തെ പന്ത് മിഡ്-വിക്കറ്റിനുമുകളിലൂടെ പറന്നു! സിക്‌സര്‍ ഒരിക്കലും നിസ്സംഗത കൈവിടാത്ത ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ആവേശം മൂലം തന്റെ മുന്നിലിരുന്ന മേശയില്‍ മുഷ്ടിചുരുട്ടി ഇടിച്ചു!
ആ സിക്‌സര്‍ ഒരു പ്രസ്താവനയായിരുന്നു,
”ആര്‍ക്കും ജയിക്കാവുന്ന കളിയല്ല ഇത്! ഇന്ത്യയുടെ മാത്രം ഗെയ്മാണിത്…”


