കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ട്; എല്ലാറ്റിനും സമയമുണ്ട്, അതിൽ വിശ്വസിക്കുന്നു: സംയുക്ത വർമ
Entertainment
കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ട്; എല്ലാറ്റിനും സമയമുണ്ട്, അതിൽ വിശ്വസിക്കുന്നു: സംയുക്ത വർമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th June 2025, 10:51 pm

ഒരു കാലത്ത് മലയാള സിനിമകളിൽ സജീവമായിരുന്നു സംയുക്ത വർമ. 1999ൽ സത്യൻ അന്തിക്കാടിൻ്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച സംയുക്ത ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി.

നല്ലൊരു നർത്തകി കൂടിയായ സംയുക്ത പിന്നീട് നിരവധി സിനിമകളിൽ അഭിനയിക്കുകയും അവാർഡുകൾ നേടുകയും ചെയ്തു. 2002ൽ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും അവർ വിട്ടുനിന്നു. കുബേരനാണ് അവസാനം അഭിനയിച്ച ചിത്രം. യോഗയിലാണ് നടി ശ്രദ്ധിക്കുന്നത്. ഇപ്പോൾ സിനിമയിലേക്കുള്ള തിരിച്ചുവരവിനെപ്പറ്റി സംസാരിക്കുകയാണ് നടി.

കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാൽ തനിക്ക് യോഗയാണ് പഠിക്കാൻ താത്പര്യമെന്നും നടി പറഞ്ഞു. ഇന്നത്തെ കാലത്തെ കഥ പഴയത് പോലെയല്ലെന്ന് ബിജു മേനോൻ തന്നോട് പറയാറുണ്ടെന്നും ഒരിക്കൽ കഥ കേൾക്കാൻ തയ്യാറായെന്നും സംയുക്ത പറയുന്നു.

എന്നാൽ ചില പ്രശ്നങ്ങൾ കാരണം കേൾക്കാൻ പറ്റിയില്ലെന്നും പിന്നെ കേൾക്കാം എന്നുപറഞ്ഞ് ആ കഥ മാറ്റിവെച്ചുവെന്നും അവർ വ്യക്തമാക്കി. സമയത്തിൽ വിശ്വസിക്കുന്നയാളാണ് താനെന്നും സംയുക്ത കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയാണ് നടി.

‘കഥ പറയാൻ വന്നോട്ടെ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, എനിക്കിപ്പോൾ യോഗയിൽ ഒരുപാട് പഠിക്കാനാണ് ആഗ്രഹം. എനിക്കറിയാത്ത എത്രയോ തലങ്ങൾ ഇനിയുമുണ്ട് പഠിക്കാനും ചെയ്യാനും. ബിജുവേട്ടൻ ഇടക്കിടെ പറയാറുണ്ട് ‘ഇന്നത്തെ കാലത്തെ കഥ പഴയത് പോലെയല്ല, ഒന്ന് കേട്ടു നോക്കൂ ആ വ്യത്യാസം മനസിലാക്കാം’ എന്ന്.

ഒരിക്കൽ ഒരു കഥ കേൾക്കാൻ എല്ലാം സെറ്റായി. പക്ഷേ, കൃത്യം ആ സമയത്ത് അമ്മക്ക് എൻ്റെ അനിയത്തിയുടെ അടുത്തേക്ക് വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നെ, മോൻ്റെ കാര്യവും വീട്ടിലെ കാര്യവും എല്ലാം എൻ്റെ തലയിലായി. ആകെ തിരക്ക്. പിന്നെ കേൾക്കാം എന്നുപറഞ്ഞ് ആ കഥയും മാറ്റി വെച്ചു. എല്ലാറ്റിനും ഉണ്ട് ഒരു സമയം. അതിൽ പൂർണമായി വിശ്വസിക്കുന്നയാളാണ് ഞാൻ,’ സംയുക്ത പറയുന്നു.

Content Highlight: Samyuktha Varma Talking about her Comeback in Films