ലാലേട്ടന്റെ ആ സിനിമയില്‍ അറിയാതെ പെട്ടുപോയതാണ്, അന്ന് അഭിനയമൊന്നും അറിയില്ലായിരുന്നു: സംവൃത സുനില്‍
Entertainment
ലാലേട്ടന്റെ ആ സിനിമയില്‍ അറിയാതെ പെട്ടുപോയതാണ്, അന്ന് അഭിനയമൊന്നും അറിയില്ലായിരുന്നു: സംവൃത സുനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th June 2025, 11:39 am

ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. രസികന്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച സംവൃത വളരെ പെട്ടെന്ന് മലയാളികളുടെ മനം കവര്‍ന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റെ സാന്നിധ്യമറിയിച്ചു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും വീണ്ടും ടെലിവിഷന്‍ ഷോയിലൂടെ സജീവമായിരിക്കുകയാണ്.

രസികന് മുമ്പ് തന്നെ സംവൃത സിനിമാലോകത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായ അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ ചെറിയൊരു രംഗത്തില്‍ സംവൃത പ്രത്യക്ഷപ്പെടുന്നുണ്ട്. ആ രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവൃത സുനില്‍. ആ ചിത്രത്തില്‍ അറിയാതെ പെട്ടുപോയതാണ് സംവൃത സുനില്‍ പറഞ്ഞു.

നന്ദിനിയുടെ സീനില്‍ പുറകിലെ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് ആ സിനിമയില്‍ അഭിനയിച്ചതെന്നും അന്ന് സിനിമ എന്താണെന്ന് പോലും അറിവില്ലായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ഷൂട്ട് കാണാന്‍ പോയതിന്റെ കൂട്ടത്തില്‍ ആ സീനില്‍ ഭാഗമായതാണെന്നും ഇപ്പോഴാണ് പലരും ആ സീനില്‍ താനുണ്ടെന്ന് മനസിലാക്കുന്നതെന്നും നടി പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംവൃത സുനില്‍.

‘അയാള്‍ കഥയെഴുതുകയാണ് എന്ന പടത്തില്‍ ചെറിയൊരു സീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതാണ് എന്റെ ആദ്യത്തെ സിനിമയെന്ന് വേണമെങ്കില്‍ പറയാം (ചിരിക്കുന്നു). സത്യം പറഞ്ഞാല്‍ ആ പടത്തില്‍ അറിയാതെ പെട്ടുപോയതാണ്. ഷൂട്ടിങ് ലൊക്കേഷനിലെത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു. അത് സിനിമയില്‍ വരികയും ചെയ്തു.

അഭിനയമെന്താണെന്നോ സിനിമയെന്താണെന്നോ എന്നൊന്നും അറിയാത്ത പ്രായത്തിലാണ് ആ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോഴാണ് പലരും ആ സിനിമയില്‍ ഞാനുണ്ടെന്ന് മനസിലാക്കുന്നത്. സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റുമെല്ലാം വന്നതിന്റെ ഗുണമാണ് ഇത്തരം കാര്യങ്ങള്‍ എല്ലാവരിലേക്കും എത്തുന്നത്. പണ്ട് ഇതൊന്നും കണ്ടുപിടിക്കാന്‍ കഴിയില്ലായിരുന്നു.

സോഷ്യല്‍ മീഡിയ കാരണം എനിക്കുണ്ടായ മറ്റൊരു ഗുണമാണ് രസികനിലെ പാട്ട് വൈറലായത്. ഓരോ റീലും വീഡിയോയുമൊക്കെ ഞാന്‍ കാണാറുണ്ട്. ഇപ്പോഴത്തെ ജനറേഷനിലുള്ളവര്‍ക്ക് എന്നെ പരിചയപ്പെടുത്തിയ പാട്ടാണ് അത്. വിദ്യാജിയുടെ മ്യൂസിക് അതിന് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കൂടുതല്‍ ക്രെഡിറ്റും അദ്ദേഹത്തിനാണ്,’ സംവൃത സുനില്‍ പറയുന്നു.

Content Highlight: Samvrutha Sunil about her presence in Ayal Kadhayezhuthukayanu Movie