ഒറ്റദിവസം മാത്രമേ ലാലേട്ടന്റെ ആ സിനിമയില്‍ അഭിനയിച്ചുള്ളൂ, പക്ഷേ സിനിമ മുഴുവന്‍ ഞാന്‍ നിറഞ്ഞുനില്‍ക്കുമെന്ന് അറിഞ്ഞില്ല: സംവൃത സുനില്‍
Entertainment
ഒറ്റദിവസം മാത്രമേ ലാലേട്ടന്റെ ആ സിനിമയില്‍ അഭിനയിച്ചുള്ളൂ, പക്ഷേ സിനിമ മുഴുവന്‍ ഞാന്‍ നിറഞ്ഞുനില്‍ക്കുമെന്ന് അറിഞ്ഞില്ല: സംവൃത സുനില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th June 2025, 11:49 am

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിയായി സിനിമയിലേക്കെത്തിയ താരം ചുരുക്കം സിനിമകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസില്‍ ഇടംനേടി. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത സംവൃത സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തു.

സംവൃത അതിഥിവേഷത്തിലെത്തിയ ചിത്രമാണ് ഹലോ. മോഹന്‍ലാലിനെ നായകനാക്കി റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ചെറിയ വേഷത്തിലാണ് സംവൃത പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിന്റെ കാമുകിയായി രണ്ട് സീനില്‍ മാത്രമായിരുന്നു സംവൃത വന്നുപോയത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് താരം.

ചെറിയൊരു വേഷമാണെന്ന് ആദ്യമേ പറഞ്ഞിരുന്നെന്നും മോഹന്‍ലാലിന്റെ സിനിമയാണെന്ന് കേട്ടപ്പോള്‍ മറ്റൊന്നും ആലോചിച്ചിരുന്നില്ലെന്നും നടി പറയുന്നു. ഒറ്റദിവസത്തെ ഷൂട്ട് മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളൂവെന്നും വളരെ വേഗത്തില്‍ തന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സംവൃത സുനില്‍.

‘ആ സിനിമയുടെ കഥയൊന്നും എന്നോട് പറഞ്ഞില്ല, ചെറിയൊരു വേഷമാണ്, ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. ആരുടെ സിനിമയാണെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ പടമാണെന്ന് അറിഞ്ഞു. പിന്നെ ഒന്നും നോക്കിയില്ല. ലാലേട്ടന്റെ കൂടെയുള്ള റോളാണെങ്കില്‍ കഥയറിയേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ പോയി അഭിനയിച്ചു. ഒറ്റദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പക്ഷേ, ആ സിനിമയില്‍ എന്റെ ഒരു ഫോട്ടോ ആദ്യം തൊട്ട് അവസാനം വരെ ലാലേട്ടന്റെ മുറിയില്‍ കാണിക്കുന്നുണ്ട്. ഷൂട്ടിന്റെ സമയത്ത് ആ ഫോട്ടോ വെറുതേ എടുത്തതാണെന്നാണ് വിചാരിച്ചത്. പക്ഷേ, പടത്തിലിങ്ങനെ നിറഞ്ഞുനില്‍ക്കുമെന്നൊന്നും അപ്പോള്‍ അറിയില്ലായിരുന്നു. പടം കണ്ടുകൊണ്ടിരുന്നപ്പോള്‍ എനിക്കും അത് വലിയ സര്‍പ്രൈസായി,’ സംവൃത സുനില്‍ പറഞ്ഞു.

മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ പുതുമുഖം പാര്‍വതി മില്‍ട്ടനാണ് നായികയായി എത്തിയത്. ജഗതി ശ്രീകുമാര്‍, സലിംകുമാര്‍, സിദ്ദിഖ്, ജനാര്‍ദനന്‍, മധു തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നു. ആ വര്‍ഷത്തെ ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

Content Highlight: Samvrutha Sunil about her cameo in Hallo movie