മലപ്പുറം: സമസ്തയുടെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നിന്നും വിട്ടുനിന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍. മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്തക്കുള്ളിലെ ലീഗ് നേതാക്കളുമാണ് പരിപാടിയില്‍ നിന്ന് വിട്ടുനിന്നത്.
ഉദ്ഘാടനത്തിന് ശേഷം പ്രഭാഷണം നടത്തേണ്ടിയിരുന്ന പാണക്കാട് അബ്ബാസ് അലി തങ്ങളും പരിപാടിയില്‍ എത്തിയില്ലെന്നാണ് വിവരം. അസൗകര്യം ഉള്ളതുകൊണ്ട് പങ്കെടുക്കില്ലെന്നാണ് അബ്ബാസ് അലി തങ്ങള്‍ വിശദീകരണം നല്‍കിയത്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അസാന്നിധ്യത്തില്‍ പരിപാടിയില്‍ പങ്കെടുക്കാനുള്ള ചുമതല അബ്ബാസ് അലി തങ്ങള്‍ക്കായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പങ്കെടുത്ത ചടങ്ങിലാണ് ലീഗ് നേതാക്കള്‍ എത്താതിരുന്നത്. സമസ്ത-ലീഗ് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ലീഗ് നേതാക്കളുടെ അസാന്നിധ്യമുണ്ടായത്.
നൂറാംവാര്‍ഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി സമസ്ത ഇന്നലെ (ബുധന്‍) നടത്തിയ പുസ്തക പ്രകാശന ചടങ്ങിലാണ് ലീഗ് നേതാക്കള്‍ പങ്കെടുക്കാതിരുന്നത്.
നേരത്തെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന നിലമ്പൂരിലെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ നിന്ന് ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ അബ്ബാസ് അലി തങ്ങള്‍ വിട്ടുനിന്നിരുന്നു. ജില്ലയില്‍ ഉണ്ടായിട്ടും അബ്ബാസലി തങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നായിരുന്നു ആരോപണം.
ഹജ്ജില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിദേശത്തായതിനാല്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താല്‍ അബ്ബാസലി തങ്ങളെയാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.
എന്നാല്‍ അബ്ബാസലി തങ്ങള്‍ ജില്ലയില്‍ നടന്ന മറ്റ് പരിപാടികളില്‍ പങ്കെടുക്കുകയും കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനില്‍ക്കുകയുമാണ് ചെയ്തത്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതുകൊണ്ടാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നതെന്ന് അനൗദ്യോഗിക വിശദീകരണം ലഭിച്ചതായി മാധ്യമങ്ങള്‍ അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് സമീപകാല ചരിത്രത്തില്‍ തന്നെ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുക്കാത്ത യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് കാരണമായിരുന്നു.
Content Highlight: Samastha’s 100th anniversary event; League leaders abstained