ഇംഗ്ലീഷ് പടം പോലെയുണ്ടെന്ന് പലരും പറഞ്ഞു; ലാല്‍ അത്തരമൊരു വേഷം പിന്നീട് ചെയ്തിട്ടില്ല: ഛായാഗ്രാഹകന്‍ സാലു ജോര്‍ജ്
Entertainment
ഇംഗ്ലീഷ് പടം പോലെയുണ്ടെന്ന് പലരും പറഞ്ഞു; ലാല്‍ അത്തരമൊരു വേഷം പിന്നീട് ചെയ്തിട്ടില്ല: ഛായാഗ്രാഹകന്‍ സാലു ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 12:58 pm

തനിയാവര്‍ത്തനം, പാദമുദ്ര ഉള്‍പ്പെടെയുള്ള മികച്ച ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനാണ് സാലു കെ. ജോര്‍ജ്. 1981ല്‍ ജലരേഖ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.

ശേഷം മികച്ച നിരവധി സിനിമകളുടെ ഭാഗമാകാന്‍ സാലുവിന് സാധിച്ചിരുന്നു. ഇപ്പോള്‍ ആര്‍. സ്റ്റുഡിയോ മലയാളം പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പാദമുദ്ര സിനിമയെ കുറിച്ച് പറയുകയാണ് സാലു ജോര്‍ജ്.

ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ആ സിനിമക്ക് ശേഷം അതുപോലൊരു കഥാപാത്രം നടന്‍ പിന്നീട് ചെയ്തിട്ടില്ലെന്നാണ് സാലു പറയുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ പ്രത്യേകമായി കാവടിയാട്ടമൊക്കെ പരിശീലിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പാദമുദ്ര സിനിമയിലെ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞാല്‍, അതുപോലൊരു കഥാപാത്രം പിന്നീട് അദ്ദേഹം ചെയ്തിട്ടില്ല. അതിനുവേണ്ടി ലാല്‍ പ്രത്യേകമായി കാവടിയാട്ടമൊക്കെ പ്രാക്ടീസ് ചെയ്തിരുന്നു.

ഒരു കഥാപാത്രത്തിലേക്ക് എത്താനായി അത്തരം ശ്രമങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവും. ലാലിനെയൊന്നും നമുക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആവില്ല. വേണുവേട്ടനും (നെടുമുടി വേണു) മോഹന്‍ലാലും സീമയുമൊക്കെ വളരെ നന്നായി ചെയ്ത സിനിമയായിരുന്നു പാദമുദ്ര.

സുകുമാരന്‍ സാര്‍ ഈയടുത്തായി എന്നെ വിളിച്ചിരുന്നു. പുറത്ത് നിന്ന് ആരൊക്കെയോ അദ്ദേഹത്തെ വിളിച്ചിട്ട് ‘നല്ല പടമാണ്. ഒരു ഇംഗ്ലീഷ് പടം കാണുന്നത് പോലെ ഇരിക്കുന്നു’ എന്ന് പറഞ്ഞുവത്രേ. ‘അതിന്റെ ഫുള്‍ ക്രെഡിറ്റും സാലുവിനാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഞാന്‍ അപ്പോള്‍ ‘എനിക്കല്ല. സാര്‍ ഓരോ ഫ്രെയിമും വരച്ച് തന്നതിരുന്നല്ലോ. അതില്‍ നിന്നാണ് ആ സിനിമ ഇത്ര നന്നായി കിട്ടിയത്’ എന്നായിരുന്നു മറുപടി കൊടുത്തത്. സത്യത്തില്‍ ഇപ്പോഴുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ നമുക്ക് മൂഡ് കിട്ടാത്തത് അതുകൊണ്ടാണ്.

ഓരോരുത്തരും കഥയായിട്ട് പറയുന്നത് ഒരു സീനോ ഷോട്ടോ അല്ലെങ്കില്‍ നാല് ലൈനോ ഒക്കെയാണ്. അതില്‍ നിന്ന് സിനിമയുടെ ഒരു മൂഡും നമുക്ക് കിട്ടില്ല. പണ്ടൊക്കെ ആണെങ്കില്‍ ഡീറ്റെയിലായി കഥ പറഞ്ഞു തരുമായിരുന്നു,’ സാലു ജോര്‍ജ് പറയുന്നു.

പാദമുദ്ര:

ആര്‍. സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യചിത്രമാണ് പാദമുദ്ര. മോഹന്‍ലാല്‍, നെടുമുടി വേണു, സീമ, ഉര്‍വ്വശി, രോഹിണി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മാതുപ്പണ്ടാരം, കുട്ടപ്പന്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് 1988ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.


Content Highlight: Saloo George Talks About Mohanlal And Padamudra Movie