സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് പൂര്‍ണ ബോധ്യത്തോടെ!സജിതാ മഠത്തില്‍ സംസാരിക്കുന്നു
Kerala State Film Award
സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ടത് പൂര്‍ണ ബോധ്യത്തോടെ!സജിതാ മഠത്തില്‍ സംസാരിക്കുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th July 2018, 5:14 pm

കോഴിക്കോട്: കേരള പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യാതിഥിയെന്ന രീതിയില്‍ ആളുകളെ കൊണ്ടുവരുന്നതിനെതിരെ തയ്യാറാക്കിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി സജിതാ മഠത്തില്‍. ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ തനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ല. മോഹന്‍ലാല്‍ എന്ന നടന്റെ പേരു കൂട്ടി ചേര്‍ത്ത് വിവാദമുണ്ടാക്കിയാലും ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും സജിത ഡൂള്‍ന്യൂസിനോടു പറഞ്ഞു.

സജിതയുടെ വാക്കുകളിലൂടെ…

നമ്മള്‍ ഫൈറ്റു ചെയ്യുന്നത് ഒരു പോളിസിക്കുവേണ്ടിയിട്ടാണ്. കൃത്യമായിട്ടുള്ള കാഴ്ചപ്പാടോടു കൂടിയിട്ടാണ് നമ്മളെല്ലാവരും അതില്‍ പങ്കുചേരുന്നത്. അതൊരു വ്യക്തിയെയല്ല. അത് എ അല്ലെങ്കില്‍ ബി ആയാലും നമ്മള്‍ ഇതേകാര്യം തന്നെയാണ് ചെയ്യുക. അതാണ് ഒരു കാര്യം. ഞാന്‍ ഒപ്പുവെച്ചത് എന്തിനാണെന്ന കാര്യത്തില്‍ എനിക്ക് യാതൊരു കണ്‍ഫ്യൂഷനുമില്ല. അതില്‍ ലാല്‍ എന്നു പറയുന്ന വളരെ പ്രധാനപ്പെട്ട നമ്മളെല്ലാം ഇഷ്ടപ്പെടുന്ന ഒരു ആക്ടറുടെ പേരുവരുമ്പോഴേക്കും ഞാന്‍ എന്റെ തീരുമാനത്തില്‍ നിന്ന് പിറകിലേക്ക് പോകുന്ന പ്രശ്നമേ ഉദിക്കുന്നില്ല.

കാരണം എന്നെ സംബന്ധിച്ചിടത്തോളം ഞാനടക്കം ഒപ്പിട്ടിട്ടുള്ള ആളുകള്‍ മുന്നോട്ടുവെച്ചിട്ടുള്ള ഒരു കാര്യമുണ്ട്, അതായത് ഈ അവാര്‍ഡ് ചടങ്ങുകള്‍ കുറേക്കൂടി വ്യത്യസ്തമായി നടത്തേണ്ടതുണ്ട് എന്നത്. അവാര്‍ഡ് ദാന ചടങ്ങിന് ഏറ്റവുമധികം പ്രാധാന്യം കൊടുക്കേണ്ടത് അവാര്‍ഡ് കിട്ടിയവര്‍ക്കു തന്നെയാണ്. കുറേക്കാലമായി നടക്കുന്ന ഒരു ചര്‍ച്ചയാണിത്.

അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ എന്നു പറയുന്നത് സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ പലതവണ കിട്ടിയിട്ടുള്ള വ്യക്തികള്‍ ചേര്‍ന്നിട്ടുള്ളതാണ്. അവരുടെ എല്ലാവരുടേയും അഭിപ്രായം തുടക്കം മുതല്‍ തന്നെ സ്ട്രോങ്ങായിട്ട് തന്നെ, പുരസ്‌കാരദാന ചടങ്ങ് മഹാമഹമാക്കരുത് എന്നതായിരുന്നു” ഈ അഭിപ്രായം കൗണ്‍സിലില്‍ ഞങ്ങളെല്ലാം തുടക്കം മുതല്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതൊരു പുതിയ കാര്യമല്ല.

അതനുസരിച്ച് ഞങ്ങള്‍ കാര്യങ്ങള്‍ പ്ലാന്‍ചെയ്തു മുന്നോട്ടുകൊണ്ടുപോയിക്കൊണ്ടിരിക്കുന്ന സമയത്താണ് മറ്റൊരു വിവാദവുമായി ബന്ധപ്പെട്ട് അമ്മയുടെ പ്രസിഡന്റ് കൂടിയായിട്ടുള്ള ലാല്‍ മന്ത്രിയെ കാണുന്നത്. ആ കോണ്ടസ്റ്റില്‍ നിന്നും നമുക്ക് കാര്യങ്ങളെ അടര്‍ത്തിവെക്കാന്‍ പറ്റില്ലല്ലോ?

ലാലെന്നു പറയുന്ന മഹാനായിട്ടുള്ള നടനും ലാലെന്നു പറയുന്ന അമ്മ പ്രസിഡന്റും രണ്ടും രണ്ടാണ്. സിനിമയിലെ ഡബ്ബിള്‍ റോള്‍ അഭിനയമല്ലത്. നമ്മളുടെ വഴക്കുകള്‍ എന്നു പറയുന്നത് അമ്മ പ്രസിഡന്റായിട്ടുള്ള ലാലിനോടാണ്. അല്ലാതെ മഹാനടനായിട്ടുള്ള ലാലിനോടല്ല. ഇപ്പോള്‍ കേരളത്തില്‍ മതങ്ങള്‍ക്കും താരങ്ങള്‍ക്കുമാണ് പ്രൈവറ്റ് ആര്‍മിയുള്ളതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. അതുപോലുള്ള അവസ്ഥയാണ്. അങ്ങനെയുള്ള പ്രൈവറ്റ് ആര്‍മിയോട് ( ഫാന്‍സ് അസോസിയേഷന്‍ എന്ന ചെല്ല പേരുമുണ്ട്) ചെറുത്തുനില്‍ക്കാനുള്ള, ചെറുത്തുനില്‍ക്കേണ്ട ആവശ്യം എനിക്ക് ഇല്ല.

നമ്മള്‍ വളരെ ചെറിയ മനുഷ്യരാണ് ആ അര്‍ത്ഥത്തില്‍. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ കാണുന്നത് ഡോ. ബിജു തുടക്കം കുറച്ചിട്ടുള്ള ആ പ്രസ്താവനയില്‍ മുന്നോട്ടുവെച്ചിട്ടുള്ള ഒരു കാര്യം എന്നു പറയുന്നത് അവാര്‍ഡ് ദാനചടങ്ങില്‍ മുഖ്യാതിഥി എന്ന ആശയം ഒഴിവാക്കണം എന്നതിനെക്കുറിച്ചാണ്. അതിലെവിടെയും നടന്‍ ലാലിന്റെ പേരൊന്നും മെന്‍ഷന്‍ ചെയ്തിട്ടില്ല.

പക്ഷേ അങ്ങനെയൊരു കത്ത് എഴുതാനുണ്ടായ കാരണം സ്വാഭാവികമായും ഇന്നു അമ്മ എന്ന സംഘടനയുടെ അധാര്‍മ്മിക പ്രവൃത്തികള്‍ തന്നെയാണ്. അപ്പോള്‍ അതിനെ നമുക്ക് രണ്ടായിട്ട് കാണാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ഞാന്‍ ആ പ്രസ്താവനയില്‍ നിന്നും ഒരിക്കലും വിട്ടുനില്‍ക്കുന്നില്ല. ഞാന്‍ ഒപ്പിട്ടത് ഒപ്പിട്ടത് തന്നെയാണ്. എനിക്ക് ഒപ്പിട്ടത് മാറ്റിപ്പറയേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.

പിന്നെ വേറൊരു കാര്യം ഒരുതരം പേടിപ്പിക്കുന്നത് നടക്കില്ല. പേടിപ്പിച്ചുകൊണ്ട് ഇങ്ങനെ തകര്‍ത്തു കളയും എന്നു പറയുന്ന രീതിയിലുള്ള പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്തുനിന്നു വന്നിട്ടുണ്ടെങ്കിലും അത് എതിര്‍ക്കേണ്ടതാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഈ ഇന്‍ഡസ്ട്രിക്ക് അകത്തുനിന്ന് പണിയെടുക്കണമെങ്കില്‍ നിങ്ങള്‍ ഇന്നയിന്നയാളുകളെ തൃപ്തിപ്പെടുത്താതെ ഇന്നയിന്നയാളുകളോട് വഴക്കിടാതെ നിന്നാല്‍ മാത്രമേ പറ്റുള്ളൂവെന്ന് എന്നോടൊരാള്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ ആ ഇന്‍ഡസ്ട്രി വേണ്ടാന്ന് തീരുമാനിക്കും. അതിനുള്ള അവകാശം ഏതു വ്യക്തിക്കും ഉണ്ട്.

ഇതില്‍ സംഭവിക്കുന്നതെന്താണെന്നുവെച്ചാല്‍ ഒരുതരം ആണ്‍കൂട്ടായ്മ പെട്ടെന്ന് രൂപപ്പെടുകയാണ്, ആ കത്ത് കൊടുത്തത് കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു, അതില്‍ ആണുങ്ങളുടെ പേരുകള്‍ മാത്രമേയുള്ളൂ. അതില്‍ വേറൊരു വളരെ മഹാനായ ഒരു ആണ്‍നടന് വേണ്ടിയിട്ടാണ് അവര് നില്‍ക്കുന്നത്. നിന്നോട്ടെ,. ഈയൊരു കൂട്ടായ്മ എന്തുകൊണ്ടാണ് അവള്‍ പുറത്താവുകയും അവന്‍ അകത്താവുകയും ചെയ്തപ്പോള്‍ ഉണ്ടാവാതിരുന്നത്? ഈയൊരു കൂട്ടായ്മ വേറെ പല ഘട്ടങ്ങളിലും ആവശ്യമായിരുന്ന കാലത്തൊന്നും എന്താണ് ഉണ്ടാവാതിരുന്നത്?

ഈ മഹാനായ നടനെ സംബന്ധിച്ചിടത്തോളം ഈ കൂട്ടായ്മയുടെയൊന്നും ആവശ്യമൊന്നുമില്ലായിരുന്നു. അല്ലാതെ തന്നെ നില്‍ക്കാന്‍ പറ്റുന്ന സ്ട്രോങ് ആയിട്ടുള്ള വ്യക്തിത്വമാണ്. എന്നാല്‍ ഒട്ടും സ്ട്രോങ്ങല്ലാത്ത ഒരു വ്യക്തി അപ്പുറത്ത് ഉണ്ടായിരുന്നു. അല്ലെങ്കില്‍ കുറേപ്പേര് ഉണ്ടായിരുന്നു.

കസബയുടെ വിഷയം ഉണ്ടായിരുന്ന സമയത്ത് പാര്‍വ്വതിയ്ക്കെതിരെ ഇത്രയും വലിയ ആക്രമണം ഉണ്ടായിരുന്ന സമയത്ത് ഇവരാരും അവളോടൊപ്പം നിന്നിട്ടുണ്ടായിരുന്നില്ലല്ലോ. അവളുടെ വ്യക്തിത്വത്തിനെ തകര്‍ത്ത് എറിഞ്ഞ കാലത്ത് ഇവരാരും തന്നെ ഇതുപോലെ പ്രസ്താവന ഇറക്കിയിട്ടില്ലല്ലോ, മുഖ്യമന്ത്രിയുടെ അടുത്ത് പറഞ്ഞിട്ടില്ലല്ലോ ഇതൊരു ഗൂഢാലോചനയാണെന്ന്.

എന്നെ സംബന്ധിച്ച് ഞാനെന്തിന് വേണ്ടി നിലകൊളളുന്നുവെന്നതിന് കുറേക്കൂടി വ്യക്തത കൈവന്നിരിക്കുകയാണ്. ഞാന്‍ വിചാരിക്കുന്നത് ഇത്തരം പ്രസ്താവനകള്‍, ചെറുത്തുനില്‍പ്പുകള്‍ എത്ര ചെറുതാണെങ്കിലും എത്ര ആക്രമണം നേരിട്ടാലും അതിനുവേണ്ടി നില്‍ക്കണമെന്നുതന്നെയാണ്.

അതിന് തുടക്കമിട്ടിട്ടുള്ള ഡോ. ബിജുവിനെപ്പോലുള്ള ആളുകളെ അറ്റാക്ക് ചെയ്ത് തോല്‍പ്പിക്കാമെന്നതുള്ളത് തെറ്റിദ്ധാരണയാണ് യഥാര്‍ത്ഥത്തില്‍. അദ്ദേഹം എത്രയോ നല്ല ചിത്രങ്ങള്‍ ചെയ്ത് നാഷണല്‍ അവാര്‍ഡും ഇന്റര്‍നാഷണല്‍ അവാര്‍ഡും നേടിയിട്ടുള്ള ആളാണ്. ഈയെഴുതിവെച്ചിട്ടുള്ള, ഒപ്പിട്ടിട്ടുള്ള ആള്‍ക്കാരില്‍ എത്രപേര് അദ്ദേഹത്തിനോടൊപ്പം നില്‍ക്കാന്‍ പറ്റും? പണം കൊണ്ടും അഹങ്കാര കൊണ്ടും സിനിമാ വ്യവസായത്തിന്റെ അഴുക്കു നിറഞ്ഞ അടിയൊഴുക്കിലും അവര്‍ വലുതായിരിക്കാം!

ക്രിയേറ്റീവ് പേഴ്സണ്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിനോടൊപ്പം നില്‍ക്കുന്ന എത്രപേര് അതിലുണ്ട്. മോഹന്‍ലാല്‍ എന്ന മലയാളം കണ്ട മഹാനടനൊപ്പം സംവിധായകനെന്ന നിലയ്ക്ക് നില്‍ക്കാന്‍ പറ്റുന്നയാളാണ് ഡോ ബിജു. സിനിമ വ്യവസായം മാത്രമായി കാണുന്ന പ്രമാണിമാര്‍ക്ക് അത് മനസ്സിലാവാന്‍ പ്രയാസമാണ്.

ഈ പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുള്ള പലരേയും വിളിച്ച് നിങ്ങള്‍ മോഹന്‍ലാലിനെതിരായ എന്തെങ്കിലും പ്രസ്താവനയില്‍ ഒപ്പിട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ സ്വാഭാവികമായും അവര് ഇല്ല എന്നായിരിക്കും പറയുക. കാരണം ഈ പ്രസ്താവനയില്‍ ഒരിടത്തുപോലും ലാലെന്നുള്ള ഒരു നടന്റെയോ അല്ലെങ്കില്‍ അമ്മ പ്രസിഡന്റായ ലാലിന്റെയോ പേര് മെന്‍ഷന്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അവര്‍ ഇല്ല എന്നു പറയുന്നതില്‍ തെറ്റില്ല.

നമുക്ക് പലകാര്യങ്ങളോടും അഭിപ്രായ വ്യത്യാസങ്ങളുണ്ടാവും. അദ്ദേഹം ഒരു കംപ്ലീറ്റ് നടനാണ്. ഒരു കംപ്ലീറ്റ് പേഴ്സണാവണമെന്നില്ല. അതേപോലെ തന്നെ പല മഹാ വൃക്തിത്വങ്ങളെ കുറിച്ചും നമ്മള്‍ അഭിപ്രായ വ്യത്യാസം പറയാറുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച്, കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച്, കേരളത്തിലെ പ്രശസ്തരായ പലരേയും കുറിച്ചുള്ള നമ്മളുടെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറയാനുള്ള ഒരു അന്തരീക്ഷം നമ്മുടെ കേരളത്തില്‍ ഇത്രയും നാള്‍ ഉണ്ടായിരുന്നു.

ഇപ്പോള്‍ അതിനേക്കാള്‍ സ്ട്രോങ്ങാണ് ഒരു താരത്തിനെതിരെ സംസാരിച്ചാല്‍, പ്രത്യേകിച്ച് സ്ത്രീകളോ കുറേക്കൂടി വീക്കര്‍ സെക്ഷനില്‍ നിന്നുവരുന്നവരോ സംസാരിച്ചു കഴിഞ്ഞാല്‍ അവരെ ആക്രമിക്കുന്നത്. പ്രൈവറ്റ് ആര്‍മിയുണ്ടാക്കുന്നതുപോലെയാണ് ഫെയ്ക്ക് ഐഡികള്‍ എന്നു പറയുന്നത് ഈ വിര്‍ച്ച്വല്‍ ആര്‍മിയിലൂടെയാണ് അവര് നമ്മളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ അത് ബാധിക്കുന്നതുപോലുമില്ല.

104 പേര് ഒപ്പിട്ടിട്ടുള്ള ഒരു പ്രസ്താവനയില്‍ ഡോ. ബിജുവിനെ മാത്രം എടുത്തു പറഞ്ഞ് മാധ്യമങ്ങള്‍ കോര്‍ണര്‍ ചെയ്യുന്നതിന്റെ ഉദ്ദേശം മനസ്സിലാവാന്‍ അതിബുദ്ധിയൊന്നും വേണ്ട. സിനിമാ സംഘടനാ ഭാരവാഹികള്‍ മുഖ്യമന്ത്രിക്കു കൊടുത്തിട്ടുള്ള പ്രസ്താവനയില്‍ ഗുഢാലോചന നടത്തിയെന്നാണ് ആരോപിക്കുന്നത്. ഇതേ ആരോപണം വേറെ പല കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുള്ള കത്തില്‍ ഒപ്പിട്ടിട്ടുള്ള ആളുകള്‍ക്കുനേരെയും വെക്കാവുന്നതാണ്. അവര് മറ്റൊരു ഗൂഢാലോചനയാണ് നടത്തുന്നതെന്ന് നമുക്ക് തിരിച്ചും പറയാവുന്നതാണ്.