ഏത് തരത്തിലുള്ള കഥാപാത്രവും ആ യുവനടന്‍ ഈസിയായി ചെയ്യും: സൈജു കുറുപ്പ്
Entertainment
ഏത് തരത്തിലുള്ള കഥാപാത്രവും ആ യുവനടന്‍ ഈസിയായി ചെയ്യും: സൈജു കുറുപ്പ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd May 2025, 8:14 am

ടി. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വന്ന നടനാണ് സൈജു കുറുപ്പ്. പിന്നീട് നായകനായും വില്ലനായും സഹകഥാപാത്രമായും ഒട്ടേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തിലെ അറക്കല്‍ അബുവെന്ന കഥാപാത്രം സൈജു കുറുപ്പിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധ നേടിയ വേഷമാണ്. ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് അദ്ദേഹം.

നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ആസാദി. സിനിമയില്‍ ശ്രീനാഥ് ഭാസി, രവീണ രവി, സൈജു കുറുപ്പ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ശ്രീനാഥ് ഭാസിയെ കുറിച്ച് സംസാരിക്കുകയാണ് സൈജു കുറുപ്പ്. ഏത് തരത്തിലുള്ള കഥാപാത്രവും കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ശ്രീനാഥ് ഭാസിയെന്ന് സൈജു പറയുന്നു.

ശ്രീനാഥ് ഭാസിയെന്ന നടന് ഒരു പാവത്താനായ കഥാപാത്രമാകാനും അതിന് നേര്‍വിപരീതമായ മറ്റൊരു കഥാപാത്രമാകാനും സാധിക്കുമെന്നും രണ്ട് എക്‌സ്ട്രീം തരത്തിലുള്ള കഥാപാത്രങ്ങള്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുമെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പ്രായത്തിനനുസരിച്ചുള്ള ഏത് കഥാപാത്രവും ചെയ്യാന്‍ ശ്രീനാഥ് ഭാസിക്ക് സാധിക്കുമെന്നും സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് എക്‌സ്ട്രീം തരത്തിലുള്ള കഥാപാത്രങ്ങള്‍ ശ്രീനാഥ് ഭാസിക്ക് ചെയ്യാന്‍ പറ്റും. ഒന്ന് നല്ല സോഫ്റ്റ് സ്‌പോക്കണ്‍ ആയിട്ടുള്ള ഒരു നല്ലവനായിട്ടുള്ള കഥാപാത്രം. അപ്പുറത്ത് കുറച്ച് ഗ്രെ ഷെയ്ഡുള്ള കഥാപാത്രമാണെങ്കില്‍ അതും കൈകാര്യം ചെയ്യാന്‍ പറ്റും. അങ്ങനത്തെ ഒരു നടനാണ് അദ്ദേഹം. എവിടെയും പ്ലേസ് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നു. സ്‌ക്രീനില്‍ ഏത് ഏയ്ജാണോ ഫീല്‍ ചെയ്യുന്നത്, ആ ഏയ്ജ് ഗ്രൂപ്പില്‍ വരുന്ന ഏത് കഥാപാത്രവും അദ്ദേഹത്തിന് ഈസിയായി കൈകാര്യം ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നു,’ സൈജു കുറുപ്പ് പറയുന്നു.

Content Highlight: Saiju Kurup talks  about Sreenath Bhasi.