കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത് സൈജു കുറുപ്പും തോമസ് തിരുവല്ലയും ചേർന്ന് നിർമിച്ച സിനിമയാണ് ഭരതനാട്യം. ഒരു കോമഡി ചിത്രമാണ് ഭരതനാട്യം. സൈജു കുറുപ്പ്, സായ് കുമാർ, കലാരഞ്ജിനി, ശ്രീജ രവി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കുടുംബത്തിൽ നടക്കുന്ന രഹസ്യം പുറത്തറിയാതിരിക്കാൻ കുടുംബവും യുവാവും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിൻ്റെ പ്രമേയം. എന്നാൽ അത് കാണിക്കുന്നത് നർമത്തിലൂടെയാണ്. തിയേറ്ററിൽ വിജയമായില്ലെങ്കിലും ഒ.ടി.ടിയിൽ ഇറങ്ങിയതിന് ശേഷം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് സൈജു കുറുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
റെവന്യൂ വരുന്നത് ഏത് പ്ലാറ്റ്‌ഫോം ആണെങ്കിലും തനിക്ക് അത് ഓക്കെയാണെന്നും ഭരതനാട്യം തിയേറ്ററിൽ വിജയമായില്ലെന്നും എന്നാൽ ഒ.ടി.ടിയിൽ ഇറങ്ങിയതിന് ശേഷം വരുമാനം ഉണ്ടായെന്നും പറയുകയാണ് സൈജു കുറുപ്പ്. ഭരതനാട്യം സിനിമയിൽ പ്രൊഡ്യൂസർ എന്ന നിലയിൽ താൻ സന്തോഷവാനാണെന്നും സൈജു കുറുപ്പ് പറയുന്നു.
‘റെവന്യൂ വരുന്നത് ഏത് പ്ലാറ്റ്‌ഫോം ആണെങ്കിലും അത് എനിക്ക് ഓക്കെയാണ്. തിയേറ്റർ മാത്രമല്ല ഒ.ടി.ടി, സാറ്റലൈറ്റ് ചാനൽ, യൂട്യൂബ് ഇതൊക്കെ റെവന്യൂ ജനറേറ്റ് ചെയ്യുന്നതാണ്. ഭരതനാട്യം തിയേറ്ററുകളിൽ നിന്ന് അത്ര വരുമാനം ഉണ്ടാക്കിയില്ല. എന്നാൽ ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ നിന്ന് അതിന് വരുമാനം ലഭിച്ചു. ഒരു ആക്ടർ എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും ഉറപ്പായും ഞാൻ സന്തോഷവാനാണ്,’ സൈജു കുറുപ്പ് പറഞ്ഞു.
ഭരതൻ്റെ നാടകമാണ് ചിത്രത്തിനെ ഭരതനാട്യം എന്ന് പേരിട്ടതിനുള്ള കാരണം. നാടകക്കമ്മറ്റിയും പൊതുപ്രവർത്തനവുമായി നടക്കുന്ന ചെറുപ്പക്കാരനാണ് ശശിധരൻ നായർ. എന്നാൽ പെട്ടെന്ന് ശശിധരൻ്റെ അച്ഛന് ഹൃദയാഘാതം വരികയും ആശുപത്രിക്കിടക്കയിൽ വെച്ച് മകനോട് ഒരു രഹസ്യം പറയുകയും ചെയ്യുന്നു. എന്നാൽ അത് കേട്ട ശശിധരൻ വല്ലാത്തൊരു അവസ്ഥയിൽ ആകുകയും ചെയ്യുന്നു. പിന്നീട് ഒട്ടും താത്പര്യമില്ലാത്ത അതിഥികൾ വീട്ടിലേക്ക് വരികയും അത് നാട്ടുകാരിൽ നിന്നും ഒളിപ്പിച്ച് വെക്കാൻ ശ്രമിക്കുന്ന കുടുംബവും പ്രേഷകനെ സിനിമയ്ക്ക് മുന്നിലേക്ക് പിടിച്ചിരുത്തുന്നതാണ്. പ്രേഷകരെ ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുന്ന സിനിമ കൂടിയാണ് ഭരതനാട്യം.
ചിത്രത്തിൽ ശശിധരൻ നായരായി അഭിനയിച്ചത് സൈജു കുറുപ്പാണ്. ഭരതൻ നായരായി സായ് കുമാറും, സരസ്വതിയായി കലാരഞ്ജിനിയും, രുക്മിണിയായി ശ്രീജ രവിയും കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
Content Highlight: Saiju Kurup Talking about Bharathanatyam Movie