ലാല്‍ സാറിന് ചുറ്റും ഒരു ഓറയുണ്ട്; ഒപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് സെയ്ഫ് അലി ഖാന്‍
Malayalam Cinema
ലാല്‍ സാറിന് ചുറ്റും ഒരു ഓറയുണ്ട്; ഒപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് സെയ്ഫ് അലി ഖാന്‍
അശ്വിന്‍ രാജേന്ദ്രന്‍
Friday, 10th July 2026, 7:50 am

മലയാളികള്‍ക്കെന്നും അഭിമാനിക്കാവുന്ന താരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി സിനിമയിലെത്തുകയും കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി സിനിമയില്‍ തുടരുകയും ചെയ്യുന്ന താരം ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ്. മറ്റൊരു നടനും അവകാശപ്പെടാനില്ലാത്ത വിധം എണ്ണിയാലൊടുങ്ങാത്തത്ര കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച താരത്തിന് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നല്‍കിക്കൊണ്ടായിരുന്നു രാജ്യം അടുത്തിടെ ആദരിച്ചത്.

സെയ്ഫ് അലി ഖാന്‍ പ്രിയദര്‍ശനും മോഹന്‍ലാലിനുമൊപ്പം. Photo: X.com

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലിഖാന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ഹിന്ദി ചിത്രം ഹൈവാന്റെ ചിത്രീകരണ സമയത്ത് മോഹന്‍ലാലുമായുണ്ടായ അനുഭവത്തെ കുറിച്ചാണ് ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെയ്ഫ് അലിഖാന്‍ സംസാരിച്ചത്.

മോഹന്‍ലാല്‍ സാറിനെ താന്‍ മുമ്പും കണ്ടിട്ടുണ്ടെന്നും എങ്കിലും തന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിലുള്ള സൂക്ഷമതയാണെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു. ചിത്രത്തില്‍ ഒരു ഷോട്ടില്‍ മാത്രമാണ് അദ്ദേഹമുള്ളതെങ്കിലും പ്രിയന്‍ സാറുമായുള്ള അദ്ദേഹത്തിന്റെ കോമ്പിനേഷന്‍ രസകരമായിരുന്നുവെന്നും അവര്‍ തമ്മിലുള്ള കമ്യൂണിക്കേഷന്‍ മനോഹരമായിരുന്നെന്നും താരം പറഞ്ഞു. ക്യാമറ ഉണ്ടന്നുള്ള കാര്യം പരിഗണിക്കാതെ അത്രയും സൂക്ഷ്മമായാണ് ലാല്‍ സാര്‍ അഭിനയിക്കുന്നതെന്നും അദ്ദേഹത്തിന് ചുറ്റും ഒരു ഓറയുണ്ടെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

ഹൈവാന്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 2016ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമാണ് ഒപ്പം. ചിത്രത്തിന്റെ ഹിന്ദി റീ മേക്കായ ഹൈവാനില്‍ അക്ഷയ് കുമാറും സെയ്ഫ് അലി ഖാനുമാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ മോഹന്‍ലാലും കാമിയോ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സെയ്ഫ് അലി ഖാനും മോഹന്‍ലാലിനുമൊപ്പം പ്രിയദര്‍ശന്‍ പങ്കുവെച്ച ഫോട്ടോ വൈറലായിരുന്നു.

Content Highlight: Saif Ali khan talks about his experience with Mohanlal in the set of Oppam movie remake Haiwan’s set

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.