നല്ല വേഷങ്ങള്‍ കിട്ടാതായതോടെ അച്ഛന്‍ പതറിപ്പോയി; കൊട്ടാരക്കര ശ്രീധരന്‍ നായരെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ച് സായ് കുമാര്‍
Film News
നല്ല വേഷങ്ങള്‍ കിട്ടാതായതോടെ അച്ഛന്‍ പതറിപ്പോയി; കൊട്ടാരക്കര ശ്രീധരന്‍ നായരെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ച് സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 3:47 pm

മലയാളത്തിന്റെ പ്രിയ താരമാണ് സായ് കുമാര്‍. ‘റാം ജി റാവു സ്പീക്കിംഗ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നായകനായും വില്ലനായും ഒരുപാട് സിനിമയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്.

നാടക നടനും ചലചിത്ര അഭിനേതാവുമായ കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനാണ് സായ് കുമാര്‍. അച്ഛന്‍ എന്ന രീതിയില്‍ പൂര്‍ണ്ണമായും വിജയിച്ചൊരാളാണ് അദ്ദേഹമെങ്കിലും ചില നിമിഷങ്ങളില്‍ പതറിപ്പോയെന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് സായ് കുമാര്‍ അച്ഛനെ പറ്റിയുള്ള ഓര്‍മകള്‍ പങ്കുവെച്ചത്.

‘സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു സമയത്തില്‍ നിന്നും പടങ്ങളുടെ എണ്ണം കുറയുകയും നല്ല വേഷങ്ങള്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യം വരുകയും ചെയ്തപ്പോള്‍ കൊട്ടാരക്കര ശ്രീധരന്‍നായര്‍ എന്ന വ്യക്തി പതറിപ്പോയോ എന്നൊരു സംശയം തോന്നിയിട്ടുണ്ട്.

എട്ട് മക്കളടങ്ങുന്ന കുടുബമാണെങ്കിലും അച്ഛന് പണം സേവ് ചെയ്യുന്ന സ്വഭാവമില്ലാത്തതുകൊണ്ട് പലപ്പോഴും പണത്തിന് ബുദ്ധിമുട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആവശ്യങ്ങളധികവും പറയാറില്ല, എന്നാല്‍ അച്ഛന്‍ വളരെ ദാനശീലനുമായിരുന്നു. പലപ്പോഴും മുഴുവന്‍ പണവും അച്ഛന് ലഭിച്ചിട്ടുണ്ടാകില്ല,’ സായ് കുമാര്‍ പറഞ്ഞു.

അച്ഛന് പണത്തെക്കാള്‍ പ്രാധാന്യം കഥാപാത്രമാണ്. അച്ഛന്‍ ട്രെയ്നില്‍ ഉച്ചയ്ക്ക് എത്തുമെങ്കിലും ആദ്യം എത്തുന്നത് അച്ഛന്റെ പെട്ടികളായിരിക്കും. നാട്ടുകാരോടൊക്കെ കുശലം പറഞ്ഞ് രണ്ട് മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ് അച്ഛന്‍ എത്താറുള്ളത്,’ സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അമ്മയുടെ സ്വാദിഷ്ടമായ ആഹാരത്തെക്കുറിച്ചും താരം ഓര്‍ത്തെടുത്തു. പഴയക്കാല താരങ്ങളായ പ്രേം നസീറും, സത്യനും, ബഹദൂറുമൊക്കെ അമ്മയുടെ ആഹാരത്തെ പുകഴ്ത്തിയിട്ടുണ്ടെന്നും സായ് കുമാര്‍ പറഞ്ഞു.

താന്‍ മേക്കപ്പിടുമ്പോഴും ദിവസവും രാവിലെ പ്രാര്‍ഥിക്കുമ്പോഴും ആദ്യം അച്ഛനും അമ്മയുമാണ് മനസ്സില്‍ വരുന്നത്. അതുകൊണ്ടുതന്നെ തന്റെ മാതാപിതാക്കള്‍ മരിച്ചുപോയെങ്കിലും അവരുമായി അകല്‍ച്ച തോന്നിയിട്ടില്ലെന്നും താരം കൂട്ടിചേര്‍ത്തു.


Content Highlight: sai kumar about kottarakkara sreedharan nair