ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു: ടൊവിനോ തോമസ്
Film News
ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 5th March 2022, 1:39 pm

പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രത്യേക ഉദ്ദേശങ്ങളുണ്ടായിരുന്നു എന്ന് ടൊവിനോ തോമസ്. വാര്‍ത്തകള്‍ കാണുമ്പോള്‍ പ്രത്യേക ഉദ്ദേശമുണ്ടെന്ന് തോന്നുമെന്നും നാരദന്‍ ഇത്തരം പ്രവണതകളെ പറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്നും ടൊവിനോ പറഞ്ഞു.

ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ പ്രതികരണം. ടൊവിനോയ്‌ക്കൊപ്പം ആഷിഖ് അബുവും അന്ന ബെന്നും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു.

വാര്‍ത്തകളിലൂടെ ഷാരൂഖ് ഖാന്റെയും ആര്യന്‍ ഖാന്റേയും പേരിന് കളങ്കം സംഭവിക്കുകയാണ്. അപ്പോള്‍ ആളുകളും ഇതിലെ വസ്തുതകള്‍ നോക്കാതെ ധാര്‍മികത മാത്രം പരിശോധിക്കും. ഇതിനെ പറ്റി എന്താണ് അഭിപ്രായമെന്നാണ് അവതാരകന്‍ ചോദിച്ചത്.

‘അത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ പ്രത്യേക ഉദ്ദേശങ്ങളുണ്ടെന്ന് തോന്നുന്നു. ഇത്തരം വാര്‍ത്തകളിലൂടെ ഷാരൂഖ് ഖാനേയും മകനേയും പറ്റി ദുഷ്പ്രചരണങ്ങള്‍ നടക്കും. ഇതെന്റെ പ്രസ്താവനയല്ല. പക്ഷേ വാര്‍ത്തകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നും. കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതായതുകൊണ്ട് തന്നെ ആര്യന്‍ പുറത്തുവന്നു,’ ടൊവിനോ പറഞ്ഞു.

‘ഇത്തരം പ്രവണതകളെ പറ്റി ചിന്തിക്കാന്‍ നാരദന്‍ ജനങ്ങളെ പ്രേരിപ്പിക്കും. ടി.ആര്‍.പി റേറ്റിംഗ് ചാനലുകളെ വേഗത്തിലും വസ്തുതകള്‍ പരിശോധിക്കാതെയും വാര്‍ത്ത കൊടുക്കുന്നതിന് പ്രേരിപ്പിക്കും. ടി.ആര്‍.പി റേറ്റിംഗാണ് പ്രധാന വില്ലന്‍,’ ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ആര്യന്‍ ഖാന്റെ സംഭവത്തില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടായിരുന്നുവെന്ന് ആഷിഖ് അബു പറഞ്ഞു. ‘കേരളത്തിലും ഇതുപോലെയുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. ആരും തെറ്റ് തിരുത്താനോ ക്ഷമാപണം നടത്താന്‍ പോലും തയാറാവാറില്ല,’ ആഷിഖ് കൂട്ടിച്ചേര്‍ത്തു.

ഇങ്ങനെയുള്ള വാര്‍ത്തകളില്‍ ഒന്നും സംഭവിച്ചില്ല എന്ന് തെളിഞ്ഞാലും അത് സെന്‍സേഷണലൈസ് ചെയ്യാറില്ലെന്നാണ് അന്നാ ബെന്‍ അഭിപ്രായപ്പെട്ടത്.

മുംബൈ തീരത്തെ ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതിനാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാനെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു അറസ്റ്റ്. എന്നാല്‍ ആര്യനില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയിരുന്നില്ല.

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഗൂഡാലോചനയില്‍ പങ്കുള്ളതായി തെളിവില്ലെന്ന് എന്‍.സി.ബി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിലെ നടപടികളിലും ലഹരി കണ്ടെത്താനായുള്ള റെയ്ഡിലും പിഴവുകള്‍ പറ്റിയതായാണ് എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട്.

ടൊവിനോ നായകനായി നാരദന്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് റിലീസ് ചെയ്തത്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ അന്നാ ബെന്നായിരുന്നു നായിക. മാധ്യമമേഖലയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്.


Content Highlight: Tovino thomas about aryan khan news