ലീഗിന്റെ രീതി മൃദുലമായ ഭാഷ, നിലപാടുകളില്‍ തീവ്രതപോരെന്ന് ചിലര്‍ക്ക് തോന്നിയേക്കാം: സാദിഖലി തങ്ങള്‍
Kerala News
ലീഗിന്റെ രീതി മൃദുലമായ ഭാഷ, നിലപാടുകളില്‍ തീവ്രതപോരെന്ന് ചിലര്‍ക്ക് തോന്നിയേക്കാം: സാദിഖലി തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 11:59 pm

മലപ്പുറം: മുസ്‌ലിം ലീഗിന്റെ രീതി മൃദുലമായ ഭാഷയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ചില നിലപാടുകളില്‍ തീവ്രത പോരെന്ന് ചിലര്‍ക്ക് തോന്നിയേക്കാമെന്നും എന്നാല്‍ തീവ്ര നിലപാടുള്ളവരോടും മൃദുവായി ഇടപെടുന്നതാണ് ലീഗിന്റെ രീതിയെന്നും സാദഖലി പറഞ്ഞു. തിരൂരിലെ മുസ്‌ലിം ലീഗ് കണ്‍വെന്‍ഷനിലാണ് സാദിഖലി തങ്ങളുടെ പരാമര്‍ശം.

യുവാക്കള്‍ക്കൊക്കെ തീവ്രതയാണ് ആവശ്യം, ഏത് തീവ്ര ഭാഷയുള്ളവരുടും മൃദുലമായി പെരുമാറാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. മുസ്‌ലിം ലീഗിന്റെ ചരിത്രമതാണ്. ഓരോ തീരുമാനങ്ങളും ആലോചിച്ചെടുക്കുന്നതാണ്. ആ തീരുമാനങ്ങളെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കാതെ ഒപ്പം നില്‍ക്കണമെന്നാണ് പ്രവര്‍ത്തകരോട് പറയാനുള്ളത്. ഇത്തരം തീരുമാനങ്ങള്‍ ആദ്യം കയ്ക്കുമെങ്കിലും പിന്നീട് മധുരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.

സമുദായത്തിന്റെ വിദ്യാഭ്യാസ കാര്യത്തില്‍ നമുക്ക് മുന്നേറ്റം വേണം. ദാരിദ്ര്യ നിര്‍മാര്‍ജനം വേണം, തൊഴിലവസരം വേണം, വികസനങ്ങള്‍ വേണം. അതിനൊക്കെയുള്ള രാഷ്ട്രീയ നിലപാടുകള്‍ക്ക് രൂപം നല്‍കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. അത്തരം കാഴ്ചപ്പാടുകളെ പിന്തുണക്കുയാണ് ലീഗിനെ സ്‌നേഹിക്കുന്നവര്‍ ചെയ്യേണ്ടതെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

അതേസമയം, സി.പി.ഐ.എമ്മിനോട് ചേരുന്നതോടെ ഒരാള്‍ മതവിശ്വാസത്തില്‍ നിന്ന് പുറത്തുപോകുമെന്ന്
കണ്‍വെന്‍ഷനില്‍ സംസാരിച്ച മുന്‍ എം.എല്‍.എ കെ.എം. ഷാജി പറഞ്ഞു. ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സ്വതന്ത്ര്യ ലൈംഗികതയെ പ്രോത്സാഹിപ്പുക്കുകയാണെന്നും മതനിരാസത്തിലേക്ക് വിദ്യാര്‍ത്ഥികളെ നയിക്കുകയാണെന്നും ഷാജി പറഞ്ഞു.

കേരളത്തില്‍ സംഘപരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്നത് സ.പി.ഐ.എമ്മാണ്. ലൗ ജിഹാദ് എന്ന് ആദ്യം പറയുന്നത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണെന്നും ഷാജി പറഞ്ഞു.

മുസ്ലിം വിരുദ്ധരായ എക്സ് മുസ്ലിങ്ങളായ എല്ലാവരും സി.പി.ഐ.എമ്മുകാരാണ്. മുസ്ലിം വിരുദ്ധരെയും മതവിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പരിപാടിയാണ് സി.പി.ഐ.എം ചെയ്യുന്നതെന്നും ഷാജി പറഞ്ഞു.