ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഉത്തരവ്
Kerala News
ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th June 2022, 11:14 pm

കവരത്തി: ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഉത്തരവ്. പഠനം മുടക്കി സമരം ചെയ്യരുതെന്നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലുള്ളത്.

രാജു കുരുവിള കേസുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി വിധിയും വിദ്യാര്‍ത്ഥികളുടെ പാഠ്യപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന വിധത്തിലുള്ള യാതൊരു പ്രതിഷേധങ്ങളും അനുവദിക്കില്ലെന്ന വിധിയും സൂചിപ്പിച്ചാണ് ഉത്തരവ്.

സമരങ്ങള്‍ വിലക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശം സംരക്ഷിക്കാനാണെന്ന് ഉത്തരവില്‍ പറയുന്നു. സമരങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലവന്മാര്‍ക്ക് കൈമാറിയിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘം ചേരുന്നതിനും സമരാഹ്വാനം നടത്തുന്നതും വിലക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ചില വിദ്യാര്‍ത്ഥി സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നുവെന്ന് വിശദീകരിച്ചാണ് ഉത്തരവ്.

അതേസമയം, കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന കപ്പലുകളുടെ സര്‍വീസ് അധികൃതര്‍ സ്ഥിരമായി മുടക്കി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്. ലക്ഷദ്വീപിലേക്കുപോയ എം.വി. കോറല്‍സ് ഞായറാഴ്ച തിരിച്ചെത്താത്തതിനാല്‍ യാത്ര മുടങ്ങിയവര്‍ തിങ്കളാഴ്ചയാണ് മടങ്ങിയത്.

ദ്വീപില്‍ ചരക്ക് കയറ്റിറക്കത്തില്‍വന്ന കാലതാമസമാണ് എം.വി. കോറല്‍സ് കപ്പലിന്റെ സര്‍വീസുകളിലെ പാളിച്ചയെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍, കപ്പലുകളുടെ സര്‍വീസ് ഷെഡ്യൂള്‍ തയ്യാറാക്കുംമുമ്പ് ഒരുക്കങ്ങള്‍ നടത്താത്തതാണെന്ന് കാലതാമസത്തിന് കാരണമെന്ന് ദ്വീപുനിവാസികള്‍ ആരോപിക്കുന്നു. അറ്റകുറ്റപണിക്കായി കയറ്റിയ അഞ്ചുകപ്പലുകള്‍ ഉടന്‍ പണിതീര്‍ക്കണമെന്ന് ദ്വീപ് നിവാസികള്‍ ആവശ്യപ്പെടുന്നു. കാലാവസ്ഥാ പ്രശ്നങ്ങള്‍ പറഞ്ഞ് എയര്‍ ആംബുലന്‍സും പലപ്പോഴും നല്‍കാറില്ല.