അവൻ മികച്ച രീതിയിൽ ടീമിനെ മുന്നിൽ നിന്നും നയിച്ചു: പ്രശംസയുമായി സച്ചിൻ
Cricket
അവൻ മികച്ച രീതിയിൽ ടീമിനെ മുന്നിൽ നിന്നും നയിച്ചു: പ്രശംസയുമായി സച്ചിൻ
Sudev A
Wednesday, 3rd June 2026, 9:09 am

ഐ.പി.എല്ലിലെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ രണ്ടാം കിരീട നേട്ടത്തിന് പിന്നാലെ ആര്‍.സി.ബി നായകന്‍ രജത് പാടിദാറിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. പാടിദാര്‍ ടീമിനെ മുന്നില്‍ നിന്നും നയിച്ചുവെന്നും എല്ലാ താരങ്ങള്‍ക്കും ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള അന്തരീഷം പാടിദാര്‍ ഉണ്ടാക്കിയെന്നുമാണ് സച്ചിന്‍ പറഞ്ഞത്. റെഡ്ഡിറ്റിലെ ഒരു പോസ്റ്റിലൂടെയായായിരുന്നു മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രതികരണം.

‘വളരെ വിജയകരമായ ഒരു ടീം ക്യാമ്പയ്നിലൂടെ ശക്തമായ ഒരു ഐഡന്റിറ്റി രൂപപ്പെടുത്തി. എല്ലാവരും ചേര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നതാണ് ആര്‍.സി.ബി ടീമിന്റെ ഐഡന്റിറ്റി. രജത് പാടിദാര്‍ മികച്ച രീതിയില്‍, ടീമിനെ മുന്നില്‍ നിന്നും നയിച്ചു. ഇതിനൊപ്പം മറ്റുള്ളവര്‍ക്കും മുന്നോട്ട് വന്ന് ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സാധിക്കുന്ന ഒരു അന്തരീക്ഷം അവന്‍ സൃഷ്ടിച്ചു. ക്യാപ്റ്റന്‍സിയും ടീം അംഗങ്ങളുടെ സംഭാവനകളും തമ്മിലുള്ള ഈ ബാലന്‍സിങ് ആണ് ആര്‍.സി.ബിയെ മറ്റൊരു ഫൈനലിലെത്തിച്ചത്,’ സച്ചിന്‍ പറഞ്ഞു.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ആര്‍.സി.ബിയുടെ രണ്ടാം കിരീട നേട്ടം. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

രണ്ടാം കിരീടം സ്വന്തമാക്കിയതോടെ ചെന്നൈ സൂപ്പര്‍ കിങ്സിനും മുംബൈ ഇന്ത്യന്‍സിനും ശേഷം ഐ.പി.എല്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമായും ബെംഗളൂരു മാറിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തിയായിരുന്നു ആര്‍.സി.ബിയുടെ ആദ്യ കിരീട നേട്ടം.

ഐ.പി.എല്ലില്‍ ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷം ആദ്യത്തെ രണ്ട് സീസണിലും തുടര്‍ച്ചയായി കിരീടം സ്വന്തമാക്കുന്ന ഏക നായകനാണ് പാടിദാര്‍. ഇതിഹാസ താരങ്ങളായ എം.എസ്. ധോണിക്കോ രോഹിത് ശര്‍മയ്ക്കോ ഗൗതം ഗംഭീറിനോ പോലും ഇല്ലാത്ത അപൂര്‍വ നേട്ടമാണ് ബെംഗളൂരു ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

രജത് പാടിദാർ

ഇത്രയും കാലം ബെംഗളൂരുവിനെ നയിച്ച വിരാട് കോഹ്ലി ഉള്‍പ്പെടെയുള്ള ക്യാപ്റ്റന്‍മാര്‍ക്ക് സാധിക്കാത്തതാണ് പാടിദാര്‍ സ്വന്തം പേരില്‍ കുറച്ചതെന്നും എടുത്തുപറയണം.

സീസണിലുടനീളം ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് പാടിദാര്‍ കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 501 റണ്‍സാണ് പാടിദാര്‍ നേടിയത്. ഐ.പി.എല്‍ കരിയറില്‍ 57 മത്സരങ്ങളില്‍ നിന്ന് 1612 റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.

 

Content Highlight: Sachin Tendulker praise Rajat Patidar captaincy performance in IPL

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.