ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ കൂട്ടായ നയതന്ത്ര സംവിധാനം ആവശ്യം: റഷ്യന്‍ വിദേശകാര്യ മന്ത്രി
World News
ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാന്‍ കൂട്ടായ നയതന്ത്ര സംവിധാനം ആവശ്യം: റഷ്യന്‍ വിദേശകാര്യ മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 10:21 am

മോസ്‌കോ: ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാനായി ഒരു കൂട്ടായ നയതന്ത്ര സംവിധാനം ആവശ്യമാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. ഫലസ്തീനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഗസയിലെ സമാധാനം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അറബ് ലീഗിന്റെയും ഇസ്ലാമിക് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെയും സംയുക്ത പ്രതിനിധി സംഘത്തോട് സെര്‍ജി ലാവ്റോവ് ആവശ്യപ്പെട്ടു.

ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും അപലപിക്കുന്നുവെന്നും എന്നാല്‍ തീവ്രവാദത്തിനെതിരായ ഫലസ്തീനികളുടെ പോരാട്ടം ഗസക്കാര്‍ക്ക് ഒരു കൂട്ടായ ശിക്ഷയായി മാറരുതെന്നും സെര്‍ജി ലാവ്റോവ് പറഞ്ഞു.

അന്താരാഷ്ട്ര തലത്തിലെ മാനുഷിക മാനദണ്ഡങ്ങള്‍ നഗ്‌നമായി ലംഘിക്കുന്നവരാല്‍ ഫലസ്തീനികള്‍ നിരന്തരം ആക്രമിക്കപെടുകയാണെന്നും വേഗത്തിലുള്ള വെടിനിര്‍ത്തല്‍, മാനുഷിക സഹായ വിതരണം, ബന്ദികളെ മോചിപ്പിക്കല്‍ എന്നിവക്കാണ് തങ്ങള്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്നും റഷ്യന്‍ മന്ത്രി പറഞ്ഞു.

ഗസയില്‍ സമാധാനം പുനഃസ്ഥാപിക്കുക എന്നത്അ ന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടുവെങ്കിലും അതിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നത് 1967ല്‍ നിശ്ചയിക്കപ്പെട്ട അതിര്‍ത്തിയില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള ഒരു സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സൃഷ്ടിക്കുക എന്നതാണെന്ന് റഷ്യയിലെ ഉന്നത നയതന്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടി.

മിഡില്‍ ഈസ്റ്റ് ക്വാര്‍ട്ടറ്റ് എന്ന് വിളിക്കപ്പെടുന്ന പശ്ചിമേഷ്യയിലെ സമാധാന പ്രക്രിയയുടെ മുന്‍ മധ്യസ്ഥര്‍ക്ക് ആ കാര്യത്തില്‍ കാര്യക്ഷമത ഇല്ലെന്ന് റഷ്യന്‍ മന്ത്രി പറഞ്ഞു. 2002ല്‍ മാഡ്രിഡില്‍ സ്ഥാപിതമായ സംഘടനയില്‍ യു.എസ്, റഷ്യ, യൂറോപ്യന്‍ യൂണിയന്‍, യു.എന്‍ എന്നിവര്‍ ഉള്‍പ്പെടുന്നുണ്ട്.

മിഡില്‍ ഈസ്റ്റ് ക്വാര്‍ട്ടന്റ്റിന്റെ സമാധാനത്തിനായുള്ള പ്രവര്‍ത്തനം ദ്വിരാഷ്ട പരിഹാരത്തിലേക്ക് എത്തുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയിരിക്കെ ക്വാര്‍ട്ടന്റ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായും അരക്ഷിതാവസ്ഥയില്‍ എത്തിയെന്ന് സെര്‍ജി ലാവ്റോവ് പറഞ്ഞു.

ക്വാര്‍ട്ടറ്റിലെ മറ്റെല്ലാ അംഗങ്ങളും നൂറ്റാണ്ടുകളായി നടത്തുന്ന ഇടപെടലുകള്‍ അംഗീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നതായി ലാവ്റോവ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഫലസ്തീനും മുസ്ലിം രാഷ്ട്രങ്ങളും ഈ സമാധാന പദ്ധതിയെ ഇസ്രഈല്‍ അനുകൂലമായി കണ്ടു. റഷ്യ, യു.എന്‍, ഇ.യു എന്നിവയെല്ലാം ട്രംപിന്റെ നിര്‍ദേശം നിരസിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Russia wants a two-state solution to the Palestine – Israel issue