കെ.ജി.എഫ് എന്ന ഒരൊറ്റ സിനിമയിലൂടെ സ്വന്തം കരിയറിനൊപ്പം സ്വന്തം ഇന്‍ഡസ്ട്രിയെയും കൈപിടിച്ചുയര്‍ത്തിയ നടനാണ് യഷ്. അതുവരെ സാധാരണ കന്നഡ ഹീറോ എന്ന ലേബലില്‍ ഒതുങ്ങിനിന്ന യഷ് കെ.ജി.എഫിന് ശേഷം പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി. കെ.ജി.എഫ് 2ലൂടെ കന്നഡയിലെയും കരിയറിലെയും ആദ്യ 1000 കോടി ചിത്രം ഇന്‍ഡസ്ട്രിക്ക് സമ്മാനിച്ചു.

കെ.ജി.എഫ് 2 റിലീസ് ചെയ്ത് മൂന്ന് വര്‍ഷമായിട്ടും യഷ് നായകനായ മറ്റൊരു ചിത്രം റിലീസായിട്ടില്ല. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് റിലീസിന് തയാറെടുക്കുകയാണ്. 2023ല്‍ അനൗണ്‍സ് ചെയ്ത ടോക്‌സിക് അടുത്തിടെയാണ് ഷൂട്ട് പൂര്‍ത്തിയായത്. ടോക്‌സിക്കിനൊപ്പം നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയും യഷ് പൂര്‍ത്തിയാക്കി.

യഷ് Photo: Screen grab/ KVN Productions

ഈ രണ്ട് സിനിമകള്‍ക്ക് ശേഷം യഷിന്റെ അടുത്ത പ്രൊജക്ട് ഇതുവരെ അനൗണ്‍സ് ചെയ്തിട്ടില്ല. ഇപ്പോഴിതാ യഷിന്റെ അടുത്ത പ്രൊജക്ടിനെക്കുറിച്ചുള്ള അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച. അടുത്ത ചിത്രം യഷ് തന്നെ സംവിധാനം ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. സംവിധാനവും നായകവേഷവും ഒന്നിച്ച് കൈകാര്യം ചെയ്യുക എന്നാകും യഷിന്റെ പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കെ.ജി.എഫ് 2ല്‍ റോക്കി ഭായ്‌യുടെ സംഭാഷണങ്ങളെല്ലാം തയാറാക്കിയത് യഷ് തന്നെയായിരുന്നു. ടോക്‌സിക്കില്‍ ഗീതു മോഹന്‍ദാസിന് പകരം നിരവധി സീനുകള്‍ യഷ് സംവിധാനം ചെയ്തിട്ടുണ്ടെന്നും റൂമറുകള്‍ കേട്ടിരുന്നു. ടോക്‌സിക്കില്‍ ഗീതു മോഹന്‍ദാസിനൊപ്പം റൈറ്റിങ് ക്രെഡിറ്റില്‍ യഷിന്റെ പേരുമുണ്ട്. എന്നാല്‍ ഒരു ചിത്രം പൂര്‍ണമായി സംവിധാനം ചെയ്യാന്‍ താരത്തിന് സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

യഷ് Photo: Republic World

ടോക്‌സിക്കിന് ശേഷം ഈ വര്‍ഷം രാമായണത്തിലും യഷ് ഞെട്ടിക്കുമെന്ന് ഉറപ്പാണ്. രാമനായി രണ്‍ബീര്‍ കപൂര്‍ വേഷമിടുമ്പോള്‍ രാവണനായാണ് റോക്കിങ് സ്റ്റാര്‍ എത്തുന്നത്. ആദ്യഭാഗത്തില്‍ 10 മിനിറ്റ് മാത്രമാകും രാവണന്റെ സ്‌ക്രീന്‍ ടൈമെന്നും രണ്ടാം ഭാഗത്തില്‍ യഷിന്റെ അഴിഞ്ഞാട്ടമായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗോഡ്ഫാദര്‍മാര്‍ ആരുമില്ലാതെ സിനിമയിലേക്കെത്തി തന്റേതായ സാമ്രാജ്യം പടുത്തുയര്‍ത്തിയ നടനാണ് യഷ്. കെ.ജി.എഫിലൂടെ കരിയറില്‍ ബെഞ്ച്മാര്‍ക്ക് സൃഷ്ടിച്ച യഷ് സംവിധായകനായി ഞെട്ടിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ചിത്രത്തെക്കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ ടോക്‌സിക്കിന്റെ റിലീസിന് ശേഷം പുറത്തുവിടുമെന്നും കരുതുന്നു.

 

Content Highlight: Rumors that Yash is going to direct his next film after Toxic and Ramayana

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ