ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഭാഷാതിര്‍ത്തികള്‍ക്കപ്പുറം പലരും കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ ദൃശ്യം 3 റിലീസിന് തയാറെടുക്കുകയാണ്. പോസിറ്റീവ് റിപ്പോര്‍ട്ട് വന്നാല്‍ മലയാളത്തിലെ സകല കളക്ഷന്‍ റെക്കോഡുകളും ചിത്രം തകര്‍ത്തെറിയുമെന്ന് ഉറപ്പാണ്. മലയാളം വേര്‍ഷന്‍ റിലീസിനായി ബോളിവുഡും കാത്തിരിക്കുകയാണ്.

നിര്‍മാതാക്കളുമായുള്ള കരാറനുസരിച്ച് മലയാളം വേര്‍ഷന്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഹിന്ദി വേര്‍ഷന്‍ ഷൂട്ട് ആരംഭിക്കാന്‍ പാടുള്ളൂ. മോളിവുഡിനെപ്പോലെ ബോളിവുഡിലും ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിക്കാന്‍ സാധ്യതയുള്ള ചിത്രമാണ് ദൃശ്യം 3. ആദ്യ രണ്ട് ഭാഗങ്ങളും മലയാളത്തിന് പുറമെ തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു.

ദൃശ്യം തെലുങ്ക് പതിപ്പ്‌ Photo: Amazon Prime Video

മൂന്നാം ഭാഗവും തെലുങ്കില്‍ റീമേക്ക് ചെയ്യുമെന്ന് ഏറെക്കുറെ ഉറപ്പായതാണ്. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ദൃശ്യം 3യുടെ തെലുങ്ക് റീമേക്കില്‍ നിന്ന് നായകനായ വെങ്കടേഷ് പിന്മാറിയെന്നാണ് വാര്‍ത്ത. കഴിഞ്ഞദിവസമാണ് താരം പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ സിനിമാപേജുകളില്‍ നിറഞ്ഞത്. എന്തുകൊണ്ടാണ് പിന്മാറിയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

ദൃശ്യം 2 മലയാളം വേര്‍ഷനെപ്പോലെ ഒ.ടി.ടിയിലായിരുന്നു തെലുങ്ക് പതിപ്പും പുറത്തുവിട്ടത്. മലയാളവും തെലുങ്കും പുറത്തിറങ്ങിയ ശേഷം തിയേറ്ററിലെത്തിയ ഹിന്ദി വേര്‍ഷന്‍ 200 കോടിയോളമാണ് കളക്ഷന്‍ നേടിയത്. എന്നാല്‍ ഒ.ടി.ടിയും വൈഡ് റിലീസും വ്യാപിച്ചതിനാല്‍ മൂന്നാം ഭാഗം റീമേക്ക് ചെയ്യുക എന്നത് റിസ്‌ക് പിടിച്ച പരിപാടിയാണെന്ന് പല സിനിമാപേജുകളും അഭിപ്രായപ്പെട്ടിരുന്നു.

വെങ്കടേഷ് Photo: Screen grab/ Amazon Prime Video

തെലുങ്കില്‍ നിലവില്‍ തരക്കേടില്ലാത്ത രീതിയില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോവുകയാണ് വെങ്കടേഷ്. നായകനായെത്തിയ അവസാന ചിത്രം ബ്ലോക്ക്ബസ്റ്ററാക്കിയ താരത്തിന് നിലവില്‍ റീമേക്ക് ചെയ്യുന്നതിലെ റിസ്‌ക് മനസിലായെന്നും അതിനാലാണ് പിന്മാറിയതെന്നും തെലുങ്ക് പേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

അതേസമയം റിലീസിന് മുമ്പ് വമ്പന്‍ ലാഭമാണ് ദൃശ്യം 3 മലയാളം പതിപ്പിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍, ഒ.ടി.ടി റൈറ്റ്‌സ് വന്‍ തുകക്കാണ് ആശീര്‍വാദില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. ഓവര്‍സീസ് റൈറ്റ്‌സിലും വലിയ ലാഭം ആശീര്‍വാദിന്റെ കീശയിലെത്തിയിട്ടുണ്ട്. കളക്ഷനിലും ഇതേ മാജിക് ആവര്‍ത്തിക്കാനാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

ഏപ്രില്‍ രണ്ടിനാണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുക. സമ്മര്‍ റിലീസുകളിലെ ഏറ്റവും ഹൈപ്പേറിയ ചിത്രത്തിന് കേരള ബോക്‌സ് ഓഫീസില്‍ എതിരാളികളേറെയാണ്. വാഴ 2 ദൃശ്യം 3ക്കൊപ്പം തിയേറ്ററിലെത്തുമ്പോള്‍ തൊട്ടടുത്തയാഴ്ച പള്ളിച്ചട്ടമ്പിയും റിലീസിനുണ്ട്.

Content Highlight: Rumors that Venkatesh stepped out from Drishyam 3 Telugu remake

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ