എമ്പുരാന് മുമ്പ് ബ്രോ ഡാഡി പോലെ, L3 ക്ക് മുമ്പ് കോമഡി ചിത്രവുമായി മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോ വീണ്ടും?
Entertainment
എമ്പുരാന് മുമ്പ് ബ്രോ ഡാഡി പോലെ, L3 ക്ക് മുമ്പ് കോമഡി ചിത്രവുമായി മോഹന്‍ലാല്‍- പൃഥ്വിരാജ് കോമ്പോ വീണ്ടും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 9:54 am

അഭിനയത്തിന് പുറമെ സംവിധാനവും തനിക്ക് നന്നായി വഴങ്ങുമെന്ന് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ഇഷ്ടനടനായ മോഹന്‍ലാലിനെ നായകനാക്കിയാണ് പൃഥ്വി ആദ്യചിത്രം ഒരുക്കിയത്. ആദ്യ സംവിധാന സംരംഭം തന്നെ ആ വര്‍ഷത്തെ ഇയര്‍ ടോപ്പറാക്കാന്‍ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചു. തുടര്‍ന്ന് ചെയ്ത രണ്ട് സിനിമകളിലും മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍.

മൂന്ന് സിനിമകള്‍ക്കും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ആദ്യ ചിത്രമായ ലൂസിഫറും അതിന്റെ രണ്ടാം ഭാഗമായ എമ്പുരാനും തിയേറ്ററില്‍ കളക്ഷന്‍ റെക്കോഡുകള്‍ സൃഷ്ടിച്ചു. ഈ രണ്ട് സിനിമകള്‍ക്കും ഇടയില്‍ ഒരുങ്ങിയ ബ്രോ ഡാഡി നേരിട്ട് ഒ.ടി.ടിയില്‍ റിലീസാവുകയായിരുന്നു. മോഹന്‍ലാലിലെ പഴയ കോമഡി ഭാവങ്ങള്‍ തിരിച്ചുകൊണ്ടു വന്ന ചിത്രമായിരുന്നു ബ്രോ ഡാഡി.

ഇപ്പോഴിതാ ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമായ ‘L3’ ക്ക് മുമ്പ് മറ്റൊരു ചിത്രത്തിനായി മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രോ ഡാഡി പോലെ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാകും ഒരുങ്ങുകയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ വിപിന്‍ ദാസാകും ചിത്രത്തിന്റെ കഥയൊരുക്കുക എന്നും കേള്‍ക്കുന്നുണ്ട്.

മുദ്ദുഗൗ, അന്താക്ഷരി, ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും വാഴ എന്ന സിനിമക്ക് തിരക്കഥ ഒരുക്കുകയും ചെയ്ത വിപിന്‍ ദാസ് മലയാളത്തിലെ മികച്ച സംവിധായകരുടെ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ എന്ന നടന് പരമാവധി പെര്‍ഫോം ചെയ്യാന്‍ സാധിക്കുന്ന കോമഡി സ്‌ക്രിപ്റ്റാകും വിപിന്‍ ഒരുക്കുക എന്നാണ് ആരാധകര്‍ കരുതുന്നത്.

ആശീര്‍വാദ് സിനിമാസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21ന് ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്യുമെന്നാണ് കരുതുന്നത്. പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ ദാസ് ഒരുക്കുന്ന സന്തോഷ് ട്രോഫിക്ക് ശേഷമാകും മോഹന്‍ലാല്‍ പ്രൊജക്ടിലേക്ക് ഇരുവരും കടക്കുക.

നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. ഇതിന് പിന്നാലെ മഹേഷ് നാരായണന്‍ ഒരുക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലും മോഹന്‍ലാല്‍ ഭാഗമാകും. മമ്മൂട്ടി, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Rumors that Prithviraj going to direct a Comedy movie before L3 with Mohanlal written by Vipin Das