ലാലേട്ടനും മമ്മൂക്കയുമായി നസ്‌ലെന്‍ യുദ്ധത്തിനില്ല, മെയ് റിലീസില്‍ നിന്ന് പിന്മാറാന്‍ മോളിവുഡ് ടൈംസ്?
Malayalam Cinema
ലാലേട്ടനും മമ്മൂക്കയുമായി നസ്‌ലെന്‍ യുദ്ധത്തിനില്ല, മെയ് റിലീസില്‍ നിന്ന് പിന്മാറാന്‍ മോളിവുഡ് ടൈംസ്?
അമര്‍നാഥ് എം.
Monday, 6th April 2026, 4:30 pm

പുറത്തിറങ്ങുന്ന സിനിമകള്‍ക്കെല്ലാം ഗംഭീര റിപ്പോര്‍ട്ടും വമ്പന്‍ കളക്ഷനും ലഭിക്കുന്ന കാഴ്ചക്കാണ് മോളിവുഡ് സാക്ഷ്യം വഹിക്കുന്നത്. ആട് 3ക്ക് പിന്നാലെ വാഴ 2വും ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ നേടുകയാണ്. ഈ മാസം ഇനിയും പല വമ്പന്‍ സിനിമകള്‍ പുറത്തിറങ്ങാനുള്ളത് പ്രേക്ഷകരുടെ പ്രതീക്ഷ ഇരട്ടിയാക്കുന്നുണ്ട്.

ഏപ്രില്‍ റിലീസുകള്‍ വെറും സാമ്പിളാണെന്നും യഥാര്‍ത്ഥ വെടിക്കെട്ട് അടുത്ത മാസത്തിലാണെന്നുമാണ് മെയ് റിലീസുകള്‍ സൂചിപ്പിക്കുന്നത്. ഇന്‍ഡസ്ട്രിയുടെ ഗതിമാറ്റാന്‍ സാധ്യതയുള്ള പ്രൊജക്ടുകളാണ് അടുത്ത മാസം തിയേറ്ററുകളിലെത്തുന്നത്. പല ഴോണറുകളിലായി വമ്പന്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മാറ്റുരക്കുന്നുണ്ട്.

നസ്‌ലെന്‍ നായകനായെത്തുന്ന മോളിവുഡ് ടൈംസാണ് ഇതില്‍ പ്രധാനം. മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14ന് തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ചിത്രം പറഞ്ഞ റിലീസ് ഡേറ്റില്‍ നിന്ന് പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പല വമ്പന്‍ സിനിമകളും മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തുന്നുണ്ട്. മമ്മൂട്ടി നായകനായെത്തുന്ന പേട്രിയറ്റാണ് ആദ്യ റിലീസ്. മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബേസില്‍ ജോസഫ്- ടൊവിനോ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന അതിരടിയും മെയ് റിലീസുകളില്‍ വമ്പനാണ്.

ഇന്‍ഡസ്ട്രി മുഴുവന്‍ ഉറ്റുനോക്കുന്ന ദൃശ്യം 3യും മെയ് മാസത്തിലാണ് തിയേറ്ററുകളിലെത്തുക. മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് ദൃശ്യം 3യുടെ റിലീസ്. ഇത്രയും വമ്പന്‍ സിനിമകള്‍ക്കൊപ്പമുള്ള റിലീസ് മോളിവുഡ് ടൈംസിന് തിരിച്ചടിയാകാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ജൂണ്‍ അവസാനവാരമാകും ചിത്രം റിലീസ് ചെയ്യുക.

‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ്‌ലൈനോടെയാണ് മോളിവുഡ് ടൈംസ് ഒരുക്കിയത്. നസ്‌ലെന് പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ നസ്‌ലെന്റെ ഗെറ്റപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതുവരെ കാണാത്ത നസ്‌ലെനെ മോളിവുഡ് ടൈംസില്‍ കാണാനാകുമെന്നാണ് പ്രതീക്ഷ.

Content Highlight: Rumors that Mollywood Times release date postponed

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം