സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലര്‍ 2. രജിനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു 2023ല്‍ പുറത്തിറങ്ങിയ ജയിലര്‍. അണ്ണാത്തെയുടെ വന്‍ പരാജയത്തിന് ശേഷം രജിനികാന്തും ബീസ്റ്റ് നല്‍കിയ ക്ഷീണത്തിന് ശേഷം നെല്‍സണും ഒരുമിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ അനൗണ്‍സ്‌മെന്റ് സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരുന്നു. ആദ്യഭാഗത്തെക്കാള്‍ ഇരട്ടി ഇംപാക്ട് രണ്ടാം ഭാഗത്തിനുണ്ടാകുമെന്ന് അനൗണ്‍സ്‌മെന്റ് വീഡിയോ സൂചന നല്‍കിയിരുന്നു. രണ്ടാം ഭാഗത്തിന്റെ പുതിയ ഷെഡ്യൂള്‍ അട്ടപ്പാടിയില്‍ പുരോഗമിക്കുകയാണ്. ചെന്നൈ, കോഴിക്കോട്, ഗോവ എന്നിവിടങ്ങളിലാകും മറ്റ് ഷെഡ്യൂളുകള്‍.
ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അണിയറപ്രവര്‍ത്തകരില്‍ നിന്ന് സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. രജിനിയുടെ മുന്‍ ചിത്രമായ വേട്ടൈയനില്‍ ഫഹദ് മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. ഫഹദിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
ആദ്യഭാഗത്തില്‍ മലയാളി താരം വിനായകനായിരുന്നു വില്ലന്‍ വേഷം അവതരിപ്പിച്ചത്. രണ്ടാം ഭാഗത്തില്‍ എസ്.ജെ. സൂര്യയാണ് വില്ലനായി വേഷമിടുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ സെറ്റില്‍ എസ്.ജെ സൂര്യ ജോയിന്‍ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇതാദ്യമായാണ് എസ്.ജെ. സൂര്യ രജിനി ചിത്രത്തിന്റെ ഭാഗമാകുന്നത്.
ആദ്യഭാഗത്തില്‍ അതിഥിവേഷത്തിലെത്തിയ മോഹന്‍ലാലും ശിവരാജ് കുമാറും ഈ ഭാഗത്തിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവരോടൊപ്പം തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയും ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. 2026 പകുതിയോടെയാകും ചിത്രം തിയേറ്ററിലെത്തുക. ആദ്യഭാഗത്തിന്റെ അതേ ക്രൂ തന്നെയാണ് രണ്ടാം ഭാഗത്തിലുമുള്ളത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജിനിയുടെ അടുത്ത റിലീസ്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ സ്റ്റാര്‍ കാസ്റ്റാണ് കൂലിയുടേത്. രജിനിക്ക് പുറമെ നാഗാര്‍ജുന, ഉപേന്ദ്ര, സത്യരാജ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം ആമിര്‍ ഖാനും കൂലിയുടെ ഭാഗമാകുന്നുണ്ട്. ഓഗസ്റ്റ് 14ന് കൂലി തിയേറ്ററുകളിലെത്തും.
Content Highlight: Rumors that Fahad Faasil might be a part of Jailer 2