'അര്‍ബന്‍ നക്‌സലു'കളെ ഉന്നംവെയ്ക്കുന്ന പുസ്തകം വിതരണം ചെയ്ത് ആര്‍.എസ്.എസ്
Urban Naxal
'അര്‍ബന്‍ നക്‌സലു'കളെ ഉന്നംവെയ്ക്കുന്ന പുസ്തകം വിതരണം ചെയ്ത് ആര്‍.എസ്.എസ്
ദെബോറ ഗ്രെ
Thursday, 25th July 2019, 2:18 pm

ഇന്ത്യയിലെ വലതുപക്ഷ അധികാര മേല്‍ക്കോയ്മ പേറുന്നവരുടെ പൊതുസ്വഭാവം എന്നുപറയുന്നതുതന്നെ അരോചകവും അതോടൊപ്പം അങ്ങേയറ്റം പരിമിതവുമായ ഭാവനയാണ്. ആര്‍.എസ്.എസ് പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തില്‍ ഇതു കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന ചില ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണമാണ് ഈ പുസ്തകം. ഈ ദുഷിച്ച അജണ്ടയെ നയിക്കുന്നത് ഒരുകൂട്ടം നിന്ദ്യമായ കഥകളാണ്.

ജയ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിശ്വ സംവാദ് കേന്ദ്ര പ്രസിദ്ധീകരിച്ച പുസ്തകത്തിന് (കോന്‍ ഹേ അര്‍ബന്‍ നക്‌സല്‍സ്?) 20 രൂപയാണു വില. മകരന്ദ് പരഞ്ജ്‌പെ, വിവേക് അഗ്നിഹോത്രി, ഡോ. നീലം മഹേന്ദ്ര തുടങ്ങിയവരുടെ 15 ലേഖനങ്ങളാണ് ഇതിലുള്ളത്. വിവിധയിടങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാജസ്ഥാനിലെ നാഗോറില്‍ ആഡംബരപൂര്‍വം നടന്ന ചടങ്ങില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതാണ് പുസ്തകം പ്രകാശനം ചെയ്തത് എന്നതാണ് ഏറ്റവും കൗതുകം.

നിന്ദ്യമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ഒരു ശേഖരം

2008 ഓഗസ്റ്റില്‍ ബിഹാറിലുണ്ടായ പ്രളയം കവര്‍ ചെയ്യവെ നേപ്പാളില്‍ നിന്നുള്ള അജ്ഞാതനായ ഒരു മാവോയിസ്റ്റിനെ ആഷിഷ് കുമാര്‍ (അന്‍ഷു) എങ്ങനെയാണു പരിചയപ്പെടുന്നത് എന്നു പറയുന്നതാണ് ആദ്യ അധ്യായം. അന്‍ഷുവിന്റെ നേപ്പാള്‍ സന്ദര്‍ശനവേളയില്‍ ഗൈഡായിരുന്നു ഈ മാവോയിസ്റ്റ് (നേപ്പാളിലെ കുസഹ അണക്കെട്ട് തകര്‍ന്നതായിരുന്നു പ്രളയത്തിനു കാരണം).

ദല്‍ഹിയില്‍ നിന്നുള്ള ചിലയാളുകള്‍ ഇന്ത്യന്‍ സര്‍ക്കാരിനെ താഴെയിറക്കാനായി ഒരു മാവോയിസ്റ്റ് പ്രചാരണം നടത്തിയെന്ന് ഇയാള്‍ അന്‍ഷുവിനോടു പറയുന്നു. ഈ പേരുകള്‍ പുറത്തുപറഞ്ഞാല്‍ എല്ലാവരും ഞെട്ടുമത്രെ. ഇപ്പോള്‍ ‘അര്‍ബന്‍ നക്‌സലുകള്‍’ എന്നു വിളിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റും അവര്‍ക്കെതിരെ റെയ്ഡും ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ താന്‍ വീണ്ടും വീണ്ടും ആ മാവോയിസ്റ്റ് പറഞ്ഞ കാര്യം ചിന്തിക്കുകയാണെന്ന് അന്‍ഷു പറയുന്നു.

പക്ഷേ തന്റെ വാദങ്ങളെ സാധൂകരിക്കാനായി അന്‍ഷു ഒരു തെളിവും മുന്നോട്ടുവെയ്ക്കുന്നില്ലെന്നതാണു രസകരം. വര്‍ഷങ്ങള്‍ക്കു മുന്‍പ് അജ്ഞാതനായ ഒരു വ്യക്തി പറഞ്ഞ കാര്യങ്ങള്‍ വെച്ചുകൊണ്ട് ഇന്നെങ്ങനെയാണ് അദ്ദേഹത്തിനു നിഗമനങ്ങളിലെത്താന്‍ സാധിക്കുന്നത്! ഏതെങ്കിലും ‘അര്‍ബന്‍ നക്‌സലി’നെതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ ഒരു ശൃംഖല മുഴുവന്‍ പ്രവര്‍ത്തനക്ഷമമാകുമെന്നാണ് പിന്നീട് അന്‍ഷു പറയുന്നത്. തലസ്ഥാനത്ത് ജനങ്ങള്‍ അവരുടെ വിയോജിപ്പ് രേഖപ്പെടുത്താന്‍ ഒത്തുകൂടുന്ന രണ്ടു സ്ഥലങ്ങളായ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് മുതല്‍ ജന്തര്‍ മന്ദിര്‍ വരെ അതുണ്ടാകുമെന്ന് അന്‍ഷു പറയുന്നു.

മേധാ പട്കര്‍, ബിനായക് സെന്‍, സോണി സോറി, അരുന്ധതി റോയ് എന്നിവര്‍ സായുധ നക്‌സലുകളെ പിന്തുണയ്ക്കുന്നവരാണെന്ന് അന്‍ഷു പറയുന്നു, അതും ഒരിക്കല്‍ക്കൂടി തെളിവുകളുടെ ഒരു കണിക പോലുമില്ലാതെ. ഇന്ത്യയുടെ സമാധാനത്തിന്റെയും സംസ്‌കാരത്തിന്റെയും ശത്രുക്കളാണ് ഇത്തരം ആളുകളെന്ന് വരച്ചുകാണിക്കാനും അതുവഴി അവരുടെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുമാണ് ഈ അധ്യായം വഴി ലക്ഷ്യമിടുന്നത്.

അജയ് സേട്ടിയ എഴുതിയ അടുത്ത അധ്യായത്തില്‍ നക്‌സല്‍ സ്ലീപ്പര്‍ സെല്ലുകളെക്കുറിച്ചാണു പരാമര്‍ശിക്കുന്നത്. പക്ഷേ അവയെ ‘സ്ലീപ്പിങ് സെല്ലുകള്‍’ എന്നാണ് അതില്‍ വിശേഷിപ്പിക്കുന്നത്. വരവര റാവു, സുധീര്‍ ധാവ്‌ലെ, സുധാ ഭരദ്വാജ്, സുരേന്ദ്ര ഗാഡ്‌ലിങ്, മഹേഷ് റൗട്ട്, റോണ വില്‍സണ്‍ എന്നിവര്‍ ഈ സ്ലീപ്പര്‍ സെല്ലുകളുടെ ഭാഗമാണെന്ന് അജയ് ആരോപിക്കുന്നു. അതേസമയം സ്വാമി അഗ്നിവേശ് ഇതുവരെ പിടിക്കപ്പെടാത്തതില്‍ ഖേദിക്കുന്നുമുണ്ട് അജയ്.

ഇടതുപാര്‍ട്ടികളുടെ പിന്തുണ വേണ്ടതിനാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നക്‌സലുകളോട് മൃദുസമീപനമാണു പുലര്‍ത്തുന്നതെന്നും അയാള്‍ ആരോപിക്കുന്നുണ്ട്. ഇടതു ചായ്‌വുള്ള പ്രൊഫസര്‍മാരും മാധ്യമപ്രവര്‍ത്തകരും നക്‌സല്‍ അനുകൂലികളാണെന്നും ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നക്‌സല്‍ സംഘങ്ങള്‍ നടത്തുന്ന അക്രമത്തെ അവര്‍ പിന്തുണയ്ക്കുന്നുണ്ടെന്നുമാണ് അയാളുടെ അടുത്ത ആരോപണം. ഇത്തരം ഗുരുതരമായ ആരോപണങ്ങള്‍ പൂര്‍ണമായി സാമാന്യവത്കരണത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നതാണ് ഇതിന്റെ കര്‍ത്താക്കളുടെ പ്രവര്‍ത്തന പ്രക്രിയ.

പക്ഷേ ചിലപ്പോഴൊക്കെ ഈ പ്ലോട്ട് തെന്നിമാറിപ്പോവുന്നത് കാണാം. യഥാര്‍ഥത്തില്‍ ഒരു അലസനായ തിരക്കഥാകൃത്ത് ഒരു മോശം ബോളിവുഡ് ചിത്രത്തില്‍ എല്ലാ അയഞ്ഞ അറ്റങ്ങളെയും കെട്ടാന്‍ ശ്രമിക്കുകയാണ് ഇവിടെ.

ഒരു എഴുത്തുകാരന്‍ പറയുന്നത് ജെ.എന്‍.യു നക്‌സല്‍ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണെന്നാണ്. അവര്‍ക്ക് യാഥാസ്ഥിതിക മുസ്‌ലിങ്ങളുടെയും ഭീകരരുടെയും പിന്തുണയുണ്ടത്രെ. അവരെപ്പോലുള്ളവരാണു ഭീമ-കൊറേഗാവ് സംഭവത്തിനും രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയതുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലപ്പെടുത്താനുള്ള പദ്ധതിയുടെയും പിന്നിലെന്നും അയാള്‍ പറയാന്‍ ശ്രമിക്കുന്നു. മാത്രമല്ല, അവര്‍ നാല് റൈഫിളുകളും നാലുലക്ഷം റൗണ്ട് വെടിയുണ്ടകളും വാങ്ങാന്‍ ആഗ്രഹിച്ചെന്നും എഴുത്തുകാരന്‍ പറയുന്നു. എന്തൊക്കെയാണെങ്കിലും ശ്രീലങ്കയില്‍ നിന്നുള്ള എല്‍.ടി.ടി.ഇയിലെ ഒരംഗം നടത്തിയ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

അര്‍ബന്‍ നക്‌സല്‍ ഗൂഢാലോചന

എങ്ങനെയാണ് നക്‌സല്‍ അനുഭാവികള്‍ പൊലീസിലേക്കും സായുധസൈനിക വിഭാഗങ്ങളിലേക്കും ഉദ്യോഗസ്ഥവൃന്ദത്തിലേക്കും സിവില്‍ സര്‍വീസിലേക്കും നുഴഞ്ഞുകയറുന്നത് എന്ന് വിവേക് അഗ്നിഹോത്രി എന്നയാള്‍ പറയുന്നു. ഈ വിവേക് അഗ്നിഹോത്രിയാണ് ‘അര്‍ബന്‍ നക്‌സല്‍’ എന്ന പദപ്രയോഗത്തിന്റെ പിതാവ്.

എങ്ങനെയാണ് കര്‍ഷകരില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും അഭിഭാഷകരില്‍ നിന്നും പ്രൊഫസര്‍മാരില്‍ നിന്നും കലാകാരന്മാരില്‍ നിന്നും ഒരു അര്‍ബന്‍ നക്‌സല്‍ രൂപപ്പെടുന്നതെന്ന് അയാള്‍ പറയുന്നുണ്ട്. താന്‍ പിന്തുണയ്ക്കുന്ന ആശയത്തെ പുറമേ കാണിക്കാതെ അവിശ്വാസം വളര്‍ത്താനും ഒരാള്‍ക്കെതിരെ വെറുപ്പുണ്ടാക്കാനും ഈ രീതിയാണ് അയാളുപയോഗിക്കുന്നത്. അവര്‍ രാജ്യത്തിനെതിരെ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അയാള്‍ ആരോപിക്കുന്നു.

‘സാസിഷ് കേ സൂത്രധാര്‍’ എന്നു പേരിട്ടിരിക്കുന്ന ഒരധ്യായത്തില്‍ വരവര റാവു, സുധാ ഭരദ്വാജ്, അരുണ്‍ ഫെരേര, ഗൗതം നവ്‌ലാഖ, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, ആനന്ദ് ടെല്‍റ്റുംഡെ, ഫാ. സ്റ്റാന്‍ സ്വാമി, സൂസന്‍ എബ്രഹാം എന്നിവരാണ് രാജ്യത്തിനെതിരേ ഗൂഢാലോചന ചമയ്ക്കുന്നവരില്‍ പ്രധാനികളെന്ന് പറയുന്നുണ്ട്. ഇപ്പറയുന്ന വ്യക്തികള്‍ ചെയ്തിട്ടുള്ള എല്ലാ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളെയും പ്രതിപാദിക്കുന്ന ലേഖനം എഴുതിയിട്ടുള്ളത് ജ്യോതിരാദിത്യ എന്നയാളാണ്. മുന്‍പ് ദൈനിക് ജാഗരണിലാണ് ഇതു പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘ബഡി ഹൈസിയാത് വാലേ നക്‌സലി സമര്‍ഥക്’ എന്നു പേരിട്ടിരിക്കുന്ന അധ്യായത്തില്‍ ഭീമ കൊറേഗാവില്‍ നടന്ന ദളിതര്‍ക്കെതിരായ അക്രമത്തില്‍ ഒരു വലതുപക്ഷ ഹിന്ദുത്വ സംഘടനയ്ക്കും പങ്കില്ലെന്നും സംഭാജി ഭിഡെ, മിലിന്ദ് എക്‌ബോടെ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്നും അവകാശപ്പെടുന്നുണ്ട്. കബീര്‍ കാല മഞ്ചിന്റെ (കെ.കെ.എം) വീടുകളില്‍ പൊലീസ് നടത്തിയ പരിശോധനകള്‍ അവരാണ് ഇതിനു പിന്നിലെ ആസൂത്രകര്‍ എന്നു സ്ഥാപിക്കാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. യു.പി.എ കാലത്ത് കെ.കെ.എം നിരീക്ഷണത്തിലായിരുന്നു എന്ന വസ്തുത തങ്ങളുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ മറ്റെഴുത്തുകാര്‍ ഉപയോഗിച്ചിട്ടുണ്ട്.

പുസ്തകത്തിലെ മറ്റധ്യായങ്ങളും ഇതേ മാതൃകയില്‍ ജെ.എന്‍.യു വിദ്യാര്‍ഥി മുന്നേറ്റത്തെക്കുറിച്ചും ഭീമ കൊറേഗാവ് ആസൂത്രണത്തെക്കുറിച്ചും പറയുകയും ബുദ്ധിജീവികള്‍ക്കെതിരായ പ്രചാരണം നടത്തുകയും ചെയ്യുന്നു. ഓരോ ലേഖനവും ആരോപണങ്ങളുടെ വലിപ്പം ക്രമേണ കൂട്ടുന്നവയാണ്.

ഇന്ത്യയെ കോളനിവത്കരിക്കാനുള്ള ചൈനയുടെ വിശാലമായ ഗൂഢാലോചനയുടെ ഭാഗമാണ് അര്‍ബന്‍ നക്‌സലുകള്‍ എന്നുവരെ ഒരെഴുത്തുകാരന്‍ പറയുന്നു. മാവോയിസ്റ്റുകള്‍ മമതാ ബാനര്‍ജിയെ ഒരു ലേബര്‍ ക്യാമ്പിലെത്തിച്ച് മാറ്റിനിര്‍ത്തുകയും കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെയും അംഗങ്ങളെ വെടിവെച്ചുകൊല്ലുമെന്നും അയാള്‍ ആരോപിക്കുന്നു. നക്‌സലിസം ഒരു അഹന്തയാണെന്നും നമ്മുടെ പൂര്‍വികരുടെ ‘നല്ല പഴയ ദിനങ്ങളി’ലേക്കു തിരികെപ്പോവുമ്പോഴാണ് അതിനു പരിഹാരമുണ്ടാവുന്നതെന്നും മറ്റൊരു എഴുത്തുകാരന്‍ പറയുന്നു.

സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ തൂത്തുക്കുടിയില്‍ കലാപമുണ്ടാക്കിയത് നക്‌സലൈറ്റുകളും ക്രിസ്ത്യന്‍ പള്ളിയുമാണെന്ന് മറ്റൊരധ്യായം പറയുന്നു.

ഒരധ്യായം മുഴുവന്‍ സ്വാമി അഗ്നിവേശിന്റെ പ്രവര്‍ത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനാണ് ഉപയോഗിക്കുന്നത്. ഈ കാവിവേഷധാരി ക്രിസ്ത്യനാണെന്നു വരെ സ്ഥാപിക്കാന്‍ അതില്‍ ശ്രമിക്കുന്നുണ്ട്.

ജെ.എന്‍.യുവിലെ ഒരു വിദ്യാര്‍ഥിനിയെയും അവളുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ മാത്രമായി ‘ജെ.എന്‍.യു മേന്‍ പനപ്തി പന്‍ഖുദിയാന്‍’ എന്നൊരധ്യായമുണ്ട്.

അച്ചടിയായാലും, ഇലക്ട്രോണിക്കായാലും വ്യക്തികളെ ലക്ഷ്യം വെയ്ക്കാനും അവര്‍ക്കെതിരെ ഒരു പൊതുവികാരം സൃഷ്ടിക്കാനുമാണ് ഇത്തരം പരമാധികാര സംഘടനകള്‍ ഇത്തരം പ്രചാരണം നടത്തുന്നത്. അവര്‍ അക്രമങ്ങള്‍ പോലും സൃഷ്ടിക്കുന്നു. അതായത്, ഭരണനിര്‍വഹണത്തിന്റെ സുപ്രധാന സ്ഥാനങ്ങള്‍ നിയന്ത്രിക്കുന്ന ആര്‍.എസ്.എസ്, 2014-നുശേഷവും (മോദി 1.0), 2019-നുശേഷവും (മോദി 2.0) ഇതില്‍ നിന്നു പിന്മാറില്ലെന്നുറപ്പാണ്. ഭരണഘടനാ മൂല്യങ്ങളോടും മനുഷ്യാവകാശങ്ങളോടും പ്രതിജ്ഞാബദ്ധമായ എല്ലാവരെയും ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത് എന്നതാണ് അതിനര്‍ഥം.

‘സബ്‌രംഗ് ഇന്ത്യ ഡോട്ട് ഇന്‍’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന ലേഖനത്തിന്റെ പരിഭാഷയാണിത്.

പരിഭാഷ: ഹരിമോഹന്‍

ദെബോറ ഗ്രെ
സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് അസോസിയേറ്റ് എഡിറ്റര്‍. മുംബൈ മിറര്‍, ഡി.എന്‍.എ, ദ ക്വിന്റ്, ദ ട്രിബ്യൂണ്‍ തുടങ്ങിയ മാധ്യമങ്ങളില്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകയാണ്.