ആരുമറിയാതെ അടിവേരറുക്കുമ്പോള്‍...
Right To Information Act
ആരുമറിയാതെ അടിവേരറുക്കുമ്പോള്‍...
കെ.ജെ ജേക്കബ്
Tuesday, 23rd July 2019, 7:43 am

മോദിജി ഭരണഘടനയെ തൊട്ടു ആണയിടുകയും അതാണ് തന്റെ വേദപുസ്തകം എന്ന് പറയുകയും ചെയ്തിട്ടുണ്ട്.

ആ ഭരണഘടനയുടെ ഉള്ളടക്കത്തിന്റെ ഭാവി എന്തായിരിക്കും എന്ന് പക്ഷെ നമുക്ക് അറിയില്ല. ഇപ്പോഴത്തെ കണക്കനുസരിച്ചു ലോക്‌സഭയിലും രാജ്യസഭയിലും സര്‍ക്കാരിന് മൂന്നില്‍ രണ്ടു ഭൂരിപക്ഷമില്ല. പക്ഷെ അതെത്രകാലം അങ്ങിനെ നില്‍ക്കും എന്നറിയാന്‍ ഒരു വഴിയുമില്ല.

പക്ഷെ പൗരന്മാരുടെ കേവലാവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന നിയമങ്ങളുടെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനമായിക്കൊണ്ടിരിക്കുന്നുണ്ട്. പൗരനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള യു.എ.പി.എ ബില്‍ ഇതിനകം തന്നെ പാസാക്കി.

ഇന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കമ്മീഷന്റെ അധ്യക്ഷന്‍ സുപീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ആളായിരിക്കണം. പുതിയ നിയമമനുസരിച്ച് സുപ്രീം കോടതി ജഡ്ജിയായി വിരമിച്ച ആള്‍ മതി.

സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുമ്പോള്‍ത്തന്നെ ഒരാള്‍ ചീഫ് ജസ്റ്റിസാകുമോ എന്ന കാര്യം ഏകദേശം അറിയാം. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ നിയമമനുസരിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ആകാന്‍ സാധ്യതയുള്ളവരെ നമുക്ക് മനസിലാകും. പുതിയ നിയമമനുസരിച്ച് സര്‍ക്കാരിന്റെ ഓപ്ഷന്‍ വളരെ വിശാലമാകുന്നു. അതിന്റെ പ്രത്യാഘാതം എന്താകും എന്ന് സാവധാനം ആലോചിച്ചാല്‍ പിടികിട്ടും.

അതിലും ഗൗരവമായ, ഗുരുതരമായ ഒരു നിയമനിര്‍മ്മാണം പകുതിവഴി പിന്നിട്ടിരിക്കുന്നു. വിവരാവകാശ കമ്മീഷന്റെ അടിവേരുമാന്തുന്ന ഒരു നിയമമാണ് അത്. ഇപ്പോഴുള്ള നിയമപ്രകാരം ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാര്‍ക്കു തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ പദവിയും സേവന വേതന വ്യവസ്ഥകളുമാണുള്ളത്. അഞ്ചുവര്ഷത്തേക്കാണ് നിയമനം. പദവിയില്‍നിന്നു മാറ്റണമെങ്കില്‍ വലിയ പ്രക്രിയയുണ്ട്.

ഇന്ന് ലോക്‌സഭാ പാസാക്കിയ നിയമമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്മാരുടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള തുല്യത എടുത്തു കളഞ്ഞു. ഇനിമേല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്മാരുടെ (സംസ്ഥനങ്ങളിലെയും) നിയമനകാലാവധിയും ശമ്പളവും കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം. ജോലിയുടെ ഉറപ്പ് സര്‍ക്കാരിന്റെ കൈയിലാകുമ്പോള്‍ സര്‍ക്കാരിനെ അലോസരപ്പെടുത്താന്‍ എത്രപേര്‍ തയാറാകുമെന്നു ആലോചിച്ചാല്‍ മനസിലാകും. സര്‍ക്കാരില്‍നിന്നും പൗരന്റെ അവകാശങ്ങള്‍ പിടിച്ചുവാങ്ങാനും ഉറപ്പിക്കാനും ഉത്തരവാദപ്പെട്ട അധികാര സ്ഥാപനങ്ങളുടെ കഴുത്ത് സര്‍ക്കാരിന്റെ തന്നെ കൈകളില്‍ വച്ചുകൊടുക്കുന്ന ഭീതിദമായ കാഴ്ച! ഇനി ബില്‍ രാജ്യസഭയുടെ കടമ്പ കൂടി കടന്നാല്‍ മതി.

മനുഷ്യാവകാശ കമ്മീഷന്‍ നിയമവും യു എ പി എ ഭേദഗതിയും കേരളത്തില്‍നിന്നുള്ള കോണ്‍ഗ്രസുകാരും കെയേസ്യൂക്കാരുമായ അംഗങ്ങളുടെ വോട്ടുകളോടുകൂടിയാവണം പാസായത് (സര്‍ക്കാറിന് സ്വന്തമായി രാജ്യസഭയില്‍ ഭൂരിപക്ഷമില്ല). ഈ നിയമങ്ങളൊന്നും ഒരു കാരണവശാലും ദുരുപയോഗിക്കില്ല എന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പു മതിയായിരുന്നു കോണ്‍ഗ്രസുകാര്‍ക്ക്. വിവരാവകാശ കമ്മീഷന്‍ നിയമത്തില്‍ വലിയ എതിര്‍പ്പ് ഇവിടെനിന്നുള്ളവര്‍ ലോക്‌സഭയില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യസഭയില്‍ എത്തുമ്പോള്‍ എന്താകും എന്ന് അപ്പോള്‍ കാണാം.

ഏതായാലും കളി ഗംഭീരമായി നടക്കുന്നു. ബില്ലുകള്‍ വരുന്നു; രണ്ടോ മൂന്നോ ദിവസം കൊണ്ട് പാസാകുന്നു. കമ്മിറ്റികളില്ല, ചര്‍ച്ചയില്ല. പാര്‍ലമെന്ററി സംവിധാനത്തിലെ ചെക്ക് ആന്‍ഡ് ബാലന്‍സ് സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല; അത്തരം സംവിധാനങ്ങളെപോലും ദുര്ബലപ്പെടുത്താനുള്ള നിയമനിര്‍മ്മാണം നടക്കുമ്പോഴും.

ചില ശബ്ദങ്ങള്‍ അവിടെയുണ്ടായിരുന്നെങ്കില്‍ എന്ന് നമുക്കിനിയും വളരെക്കാലം ഖേദിക്കേണ്ടിവരും.