സുതാര്യതയെ മോദിസര്‍ക്കാര്‍ പേടിക്കുന്നതെന്തിന്?; വിവരാവകാശഭേദഗതി ബില്‍- പുനര്‍വായന
Right To Information Act
സുതാര്യതയെ മോദിസര്‍ക്കാര്‍ പേടിക്കുന്നതെന്തിന്?; വിവരാവകാശഭേദഗതി ബില്‍- പുനര്‍വായന
ജിതിന്‍ ടി പി
Tuesday, 23rd July 2019, 1:32 pm

ജനാധിപത്യത്തില്‍ ഭരിക്കപ്പെടുന്നവന് ഭരിക്കുന്നവനെ ചോദ്യം ചെയ്യാനാകണം. അഞ്ച് വര്‍ഷം കഴിഞ്ഞ് വരുന്ന തെരഞ്ഞെടുപ്പുകള്‍ക്കുപരിയായി നിരന്തരം സൂക്ഷ്മപരിശോനയ്ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിധേയമാകണം. ഇതിന് പൊതുജനങ്ങള്‍ക്കുമുന്നിലുള്ള ഏക ആയുധമാണ് വിവരാവകാശനിയമം.

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ നിയമനിര്‍മാണരംഗത്ത് രാജ്യത്തുണ്ടായ വിപ്ലവമാണ് 2005-ലെ വിവരാവകാശനിയമം. ഭരണത്തിലെ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പൗരന്മാര്‍ക്ക് നല്‍കുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തിയ 1923-ലെ ഔദ്യോഗിക രഹസ്യനിയമമുള്‍പ്പെടെ, മറ്റ് നിയമമനുസരിച്ച് നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥചെയ്ത ഏതൊരു വിവരവും വിവരാവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി പൗരന്മാര്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നതാണ് വിവരാവകാശനിയമത്തെ മറ്റെല്ലാനിയമങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്.

ഈ നിയമത്തേയും അത് പ്രായോഗികമാക്കേണ്ട കമ്മീഷനെയുമാണ് രണ്ടാം മോദി സര്‍ക്കാര്‍ ഉന്നം വെച്ചിരിക്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട കമ്മീഷനെ കൈപിടിയിലാക്കാനുള്ള ശ്രമമാണ് വിവരാവകാശ ഭേദഗതി ബില്ലിലൂടെ മോദിയും അമിത് ഷായും ലക്ഷ്യംവെക്കുന്നത്.

സര്‍ക്കാറിന്റെ പൊതു അധികാരസ്ഥാനങ്ങളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ജനങ്ങളുമായി ബന്ധപ്പെട്ടതോ ജനങ്ങള്‍ക്കവകാശപ്പെട്ടതോ ആയ വിവരങ്ങളാണ്. ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ പണംകൊണ്ടാണ്. ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കറിയാനുള്ള അവകാശമാണ് വിവരാവകാശനിയമം ഉറപ്പുനല്‍കുന്നത്.

ഈ നിയമത്തോടെ ജനങ്ങള്‍ക്ക് ജനപ്രതിനിധികളെ തിരഞ്ഞെടുക്കാന്‍ മാത്രമല്ല, ജനപ്രതിനിധികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്ന് അറിയാനും അവകാശമുണ്ടെന്നുവന്നു.

സുതാര്യത വാക്കിലല്ല

ഇക്കാലമത്രയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആര്‍ക്കും നല്‍കാതെ രഹസ്യമായിവെച്ച പല വിവരങ്ങളും പുറത്തുവന്നതോടുകൂടി ഉദ്യോഗസ്ഥരുടെ ധൂര്‍ത്ത്, അനാസ്ഥ, കാലതാമസം എന്നിവ ജനങ്ങള്‍ അറിഞ്ഞുതുടങ്ങിയത് ഭരണതലത്തില്‍ ജനങ്ങളുടെ ഇടപെടലിന് അവസരമുണ്ടാക്കി. അപേക്ഷകള്‍ ഓരോ ഓഫീസിലും ലഭിക്കുന്നതോടുകൂടി അതത് ഓഫീസുകളില്‍ കാര്യക്ഷമതയുടെയും സുതാര്യതയുടെയും സന്ദേശമാണ് എത്തുന്നത്.

പ്രധാനമന്ത്രിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് മുതല്‍ റഫാല്‍ വരെയുള്ള വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തുവരുന്നത് വിവരാവകാശ നിയമത്തിന്റെ പിന്‍ബലത്തിലാണ്.

വിവരാവകാശ കമ്മിഷന്റെ പ്രാധാന്യം

വിവരാവകാശ നിയമമനുസരിച്ച് നിയമിക്കപ്പെടുന്ന കേന്ദ്ര, സംസ്ഥാന കമ്മിഷന് നിയമം ഫലപ്രദമായി നടപ്പാക്കുന്നതില്‍ വിപുലമായ അധികാരങ്ങളുണ്ട്. നിയമം അനുശാസിക്കുന്നവിധം പ്രവര്‍ത്തിക്കാത്ത പൊതു അധികാരസ്ഥാനങ്ങളെ നിയമാനുസൃതം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ കമ്മിഷന് അധികാരമുണ്ട്.

നിയമം അനുശാസിക്കുന്ന കാലപരിധിക്കുള്ളില്‍ വിവരം നല്‍കാത്ത പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ കാലപരിധി കഴിഞ്ഞുള്ള ഓരോദിവസവും 250 രൂപ നിരക്കില്‍ പരമാവധി 25,000 രൂപ വരെ പിഴ അടപ്പിക്കാനും ബോധപൂര്‍വം വിവരം നല്‍കാതിരിക്കുകയോ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നതില്‍ വീഴ്ച വരുത്തുകയോ ചെയ്യുന്ന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കെതിരെ സര്‍വീസ് ചട്ടമനുസരിച്ച് ശിക്ഷാനടപടി കൈക്കൊള്ളാന്‍ സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്യാനും വിവരം ബോധപൂര്‍വം നിഷേധിച്ചതുകാരണം അപേക്ഷകനുണ്ടാവുന്ന നഷ്ടത്തിന് തുല്യമായ നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറോട് കല്പിക്കാനും കമ്മിഷന് അധികാരമുണ്ട്.

ഭേദഗതിയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

ഭരണപരമായ വിവരങ്ങള്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കി 30 ദിവസത്തിനകം നല്‍കണമെന്നാണ് 2005 ല്‍ നിലവില്‍ വന്ന വിവരാവകാശ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഈ ബില്‍ ഭേദഗതി ചെയ്യാനുള്ള നീക്കം കഴിഞ്ഞ ദിവസമാണ് ലോക്‌സഭയില്‍ പാസായത്. ബില്ലിലെ സുപ്രധാനമായ രണ്ട് ഭാഗങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്യാനൊരുങ്ങുന്നത്.

നിലവിലുള്ള നിയമമനുസരിച്ച് വിവരാവകാശ കമ്മീഷണറുടെ കാലാവധി അഞ്ച് വര്‍ഷമോ 65 വയസ്സോ ആണ്. മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേതിന് തുല്യമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ ശമ്പളം സുപ്രിം കോടതി ജഡ്ജിയുടെ ശമ്പളത്തിന് തുല്യവുമാണ്. ഈ വ്യവസ്ഥകള്‍ മുഴുവന്‍ ഇനി കേന്ദ്രത്തിന് തീരുമാനിക്കാമെന്നാണ് ഭേദഗതി ബില്ലില്‍ പറയുന്നത്.

വിവരാവകാശ കമ്മീഷണര്‍മാരെ തിരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായി കണക്കാക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ ന്യായീകരണം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാ സ്ഥാപനവും വിവരാവകാശ കമ്മീഷന്‍ ആര്‍.ടി.ഐ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതുമാണ്.

അതുകൊണ്ട് തന്നെ രണ്ട് കമ്മീഷനുകളുടെയും അധികാര പദവിയും സേവന വ്യവസ്ഥകളും അതിനനുസരിച്ച് നിശ്ചയിക്കേണ്ടതുണ്ടെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.

എന്നാല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ 1998 ല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ രൂപീകരിക്കുന്നത് മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ക്ക് സമാനമായാണ്. അതായത് ആര്‍ട്ടിക്കിള്‍ 315 പ്രകാരം യു.പി.എസ്.സി ചെയര്‍മാന് തത്തുല്യമായ ശമ്പളവും ആനുകൂല്യവുമാണ് എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടുവന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷനുള്ളത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കപ്പെടുന്നതും സമാനമായ രീതിയിലാണ്. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ശമ്പളവും ആനുകൂല്യവും കമ്മീഷനംഗങ്ങള്‍ക്ക് സുപ്രീംകോടതി ജഡ്ജിമാരുടെ ആനുകൂല്യങ്ങളുമാണ് ശുപാര്‍ശ ചെയ്യുന്നത്.

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപിടിച്ച് അഴിമതിരഹിത ഭരണകൂടത്തിനായാണ് സി.വി.സിയും ദേശീയ മനുഷ്യാവകാശകമ്മീഷനും പ്രവര്‍ത്തിക്കേണ്ടത്. സമാന ഉത്തരവാദിത്വം തന്നെയാണ് വിവരാവകാശ കമ്മീഷനിലും അധിഷ്ഠിതമായിട്ടുള്ളത്.

എന്നാല്‍ ജോലിയേയും ശമ്പളത്തേയും ബാധിക്കുമെന്ന് വരുമ്പോള്‍ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പോലും സുതാര്യമായി പ്രവര്‍ത്തിക്കാതെ വരും. വിവരാവകതാശ ബില്‍ ഭേഗതി ചെയ്യുന്നതിലൂടെ സംസ്ഥാനങ്ങളിലും സമാനമായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വിവരാവകാശ കമ്മീഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ളതാണ് പ്രസ്തുത ഭേദഗതികളെന്നാണ് പ്രതിപക്ഷ ആരോപണം.

വിവരാവകാശ കമ്മീഷന് മേല്‍ അധികാരം ചുമത്തുന്നതിന് വേണ്ടി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതി മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര സിവില്‍ കമ്മീഷനും ബാധകമാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഒന്നാം മോദി സര്‍ക്കാര്‍= രണ്ടാം മോദി സര്‍ക്കാര്‍

ഭരണപരമായ കാര്യങ്ങളില്‍ സുതാര്യതയില്ലാതെ തോന്നിയ പോലെ പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് വിവരാവകാശ നിയമത്തിലെ വെള്ളം ചേര്‍ക്കല്‍ എന്ന് വിവരാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും ആരോപിക്കുന്നുണ്ട്. ഭരണഘടനാസ്ഥാപനങ്ങളെ ഒന്നൊന്നായി വിലയ്‌ക്കെടുത്ത ഒന്നാം മോദി സര്‍ക്കാരിനെയാണ് രണ്ടാം മോദി സര്‍ക്കാരും പിന്തുടരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍, റിസര്‍വ് ബാങ്ക്, സുപ്രീംകോടതി തുടങ്ങി ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത ചോദ്യംചെയ്തത് പോലെ വിവരാവകാശ കമ്മീഷനും ഇനി സംശയത്തിന്റെ നിഴലിലാകും.

കേന്ദ്രസര്‍ക്കാരിന്റെ കൈയിലെ ചട്ടുകമായി പ്രവര്‍ത്തിക്കുന്ന ഒരു ഭരണഘടനാ സ്ഥാപനമായി മാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ അഞ്ച് വര്‍ഷം ധാരാളമായിരുന്നു. ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരായി കേന്ദ്രസര്‍ക്കാര്‍ പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിച്ചപ്പോള്‍ അതിന് വെള്ളവും വളവും നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു മടിയുമുണ്ടായിരുന്നില്ല.

മോദിയുടെ റാലികളുടെ സമയം അനുസരിച്ച് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്ന അസാധാരണ നടപടികളും ഇക്കാലത്തുണ്ടായി. ഏറ്റവുമൊടുവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തിയതി പ്രഖ്യാപിച്ചതും മോദിയുടെ ഉദ്ഘാടന മഹാമഹം കഴിഞ്ഞ്.

ജനാധിപത്യത്തിലെ മൂന്നാം തൂണെന്ന് അറിയപ്പെടുന്ന നിയമവ്യവസ്ഥ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലായത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലാണ്. കക്ഷി രാഷ്ട്രീയഭേദമന്യേ രാജ്യത്തെ പൗരന്‍മാര്‍ ഏറ്റവും അവസാനം അഭയം പ്രാപിക്കുന്നത് നീതി ന്യായവ്യവസ്ഥയിലാണ്. മോദി കാലത്ത് നീതിന്യായ വ്യവസ്ഥയും സ്വതന്ത്രമല്ലെന്ന് തുറന്നുപറഞ്ഞ് പരമോന്നത കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ തെരുവിലിറങ്ങി പത്രസമ്മേളനം നടത്തിയത് ഇക്കാലത്താണ്.

കോടതിയിലെ കേസുകളുടെ വിന്യാസവുമായി ബന്ധപ്പെട്ട അധികാരം ചീഫ് ജസ്റ്റിസ് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി ഉന്നയിക്കപ്പെട്ടപ്പോള്‍, അത് രാജ്യമെമ്പാടും ആശങ്ക പരത്തുന്ന ഒന്നായി മാറി.

രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാന്‍ സി.ബി.ഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും ഉപയോഗിക്കുന്നത് ഇന്ന് സര്‍വ്വ സാധാരണമാണ്. സി.ബി.ഐ കൂട്ടിലടയ്ക്കപ്പെട്ട തത്തയായത് യു.പി.എ കാലത്താണെങ്കില്‍ റിമോട്ടില്‍ നിയന്ത്രിക്കുന്ന കളിപ്പാവയായത് മോദിയുടെ ഭരണകാലത്താണ്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തുക എന്നത് മാത്രമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെയ്യുന്ന പണി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ഉയര്‍ന്ന സ്ഥാപനമായ റിസര്‍വ് ബാങ്കിനും മോദി സര്‍ക്കാരിന്റെ ഹിന്ദുത്വ അജണ്ട നടപ്പാക്കലില്‍ നിന്ന് മാറിനില്‍ക്കാനായില്ല. നോട്ടുനിരോധനം പോലുള്ള സാമ്പത്തിക മണ്ടത്തരങ്ങള്‍ റിസര്‍വ് ബാങ്കിന് മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.

രണ്ടാം മോദിസര്‍ക്കാരും ഈ നയം തന്നെയാണ് പിന്തുടരുന്നത്. വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കി അതിനെ നശിപ്പിക്കാനാണ് പുതിയ ഭേദഗതിയിലൂടെ ശ്രമിക്കുന്നത്.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കമ്മീഷനുകളുടെ നിയന്ത്രണം കേന്ദ്രത്തിന്റെ കൈയിലാകുന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരായ ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ വിവരാവകാശ കമ്മീഷണര്‍മാര്‍ മടിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്ലിലും സമാനമായ അപകടമാണ് പതിയിരിക്കുന്നത്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും കമ്മിഷനുകളുടെ കാലാവധി 5 വര്‍ഷത്തില്‍നിന്ന് 3 വര്‍ഷമായി കുറയ്ക്കുക, കമ്മിഷന്‍ അധ്യക്ഷനാവാന്‍ കേന്ദ്രത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിയെയും അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ഭേദഗതികള്‍.

നിലവില്‍, കേന്ദ്രത്തില്‍, സുപ്രീം കോടതിയില്‍നിന്നു വിരമിച്ച ചീഫ് ജസ്റ്റിസിനും, സംസ്ഥാനത്ത് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ചീഫ് ജസ്റ്റിസിനുമാണ് അധ്യക്ഷപദവി.

കഴിഞ്ഞ സര്‍ക്കാര്‍ സാവധാനം ചെയ്തിരുന്ന പല നയങ്ങളും ഇന്ന് മോദി അതിവേഗം നടപ്പാക്കുകയാണ്. എന്‍.ഐ.എ ബില്‍, വിവരാവകാശ ഭേദഗതി ബില്‍, മനുഷ്യാവകാശ സംരക്ഷണ ഭേദഗതി ബില്‍ തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ക്ക് പോലും ചെവികൊടുക്കാതെയാണ് പാസാക്കുന്നത്.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.