രാജ്യത്തെ മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട; അവരവരുടെ മേല്‍ക്കോയ്മയുടെ വീരവാദം ഉപേക്ഷിച്ചാല്‍ മതി: മോഹന്‍ ഭാഗവത്
national news
രാജ്യത്തെ മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട; അവരവരുടെ മേല്‍ക്കോയ്മയുടെ വീരവാദം ഉപേക്ഷിച്ചാല്‍ മതി: മോഹന്‍ ഭാഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th January 2023, 9:08 am

നാഗ്പൂര്‍: രാജ്യത്തെ മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുസ്ഥാന്‍ ഹിന്ദുസ്ഥാനായി തുടരണമെന്നും ഇവിടെ ജീവിക്കുന്ന മുസ്‌ലിങ്ങള്‍ക്ക് ഒരു ദോഷവും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിങ്ങള്‍ തങ്ങളുടെ മേല്‍ക്കോയ്മയുടെ വീരവാദം ഉപേക്ഷിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റര്‍ പ്രഫുല്ല കേട്കറും പാഞ്ചജന്യ എഡിറ്റര്‍ ഹിതേഷ് ശങ്കറും ചേര്‍ന്ന് നടത്തിയ അഭിമുഖത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം.

‘മുസ്‌ലിങ്ങള്‍ ഭയപ്പെടേണ്ട കാര്യമില്ല. നമുക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന യുക്തി മുസ്‌ലിങ്ങള്‍ ഉപേക്ഷിക്കണം.

എന്നാലവര്‍ തങ്ങളുടെ മേല്‍ക്കോയ്മാ വീരവാദം ഉപേക്ഷിക്കണം. തങ്ങള്‍ ഉന്നതമായ വംശമാണെന്നും ഒരിക്കല്‍ തങ്ങളിവിടെ ഭരിച്ചു എന്നും വീണ്ടും ഭരിക്കും എന്നുമുള്ള ചിന്ത മുസ്‌ലിങ്ങള്‍ ഒഴിവാക്കണം.

മുസ്‌ലിങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ അങ്ങനെയാകാം. അല്ലെങ്കില്‍ മുന്‍ഗാമികളുടെ വിശ്വാസത്തിലേക്ക് മടങ്ങാം അത് അവരുടെ ഇഷ്ടം.

അവരുടെ പാത മാത്രമാണ് ശരി ബാക്കിയെല്ലാം തെറ്റാണ് എന്നൊന്നും പറയുന്നതില്‍ കാര്യമില്ല. ഞങ്ങള്‍ ഒരിക്കലും ഞങ്ങളുടേത് മാത്രമാണ് സത്യം എന്നും ബാക്കിയെല്ലാം തെറ്റാണ് എന്നും പറയില്ല.

എന്തിന് പരസ്പരം പോരാടണം. ഹിന്ദു എന്നത് നമ്മുടെ സ്വത്വമാണ്. അത് ദേശീയതയാണ്. എല്ലാവരേയും നമ്മുടേതായി കണക്കാക്കുന്ന, എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്ന സംസ്‌കാരമാണ് അത് പഠിപ്പിക്കുന്നത്,’ മോഹന്‍ ഭാഗവത് പറഞ്ഞു.

ആര്‍.എസ്.എസിനെ ആളുകള്‍ മോശമായി കണ്ടിരുന്ന കാലം അവസാനിച്ചെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എല്‍.ജി.ബി.ടി.ക്യു കമ്മ്യൂണിറ്റിയില്‍ പെട്ടവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും മോഹന്‍ ഭാഗവത് അഭിമുഖത്തില്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സമൂഹത്തിന്റെ ഭാഗമാണെന്നും മഹാഭാരത്തില്‍ വരെ സ്വവര്‍ഗാനുരാഗികളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

‘ഈ ആളുകള്‍ക്കും (എല്‍.ജി.ബി.ടി.ക്യു) ജീവിക്കാനുള്ള അവകാശമുണ്ട്. വലിയ കോലാഹലമൊന്നുമില്ലാതെ, അവര്‍ക്ക് സാമൂഹിക അംഗീകാരം നല്‍കുന്നതിനുള്ള ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടെത്തിയിരുന്നു. ജീവിക്കാനുള്ള എല്ലാ അവകാശവും അവര്‍ക്കുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാകില്ല.

ഞങ്ങള്‍ക്കിടയിലും ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുണ്ട്. അവര്‍ക്ക് അവരുടേതായ ഗ്രൂപ്പും ആരാധനാമൂര്‍ത്തികളുമുണ്ട്. കുംഭമേളയില്‍ അവര്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. ഇത്തരത്തില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് അവര്‍,’ മോഹന്‍ ഭാഗവത് പറഞ്ഞു.

മഹാഭാരത്തിലെ ജരാസന്ധന്‍ രാജാവിന്റെ സേനാനികളായ ഹന്‍സിന്റെയും ദിംബകന്റെയും കഥ പറഞ്ഞുകൊണ്ടാണ് സ്വവര്‍ഗാനുരാഗത്തോടുള്ള ആര്‍.എസ്.എസ് നിലപാടിനെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ‘ദിംബക മരിച്ചെന്ന രീതിയില്‍ കൃഷ്ണന്‍ ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചപ്പോള്‍ അത് കേട്ട ഹന്‍സ് സ്വയം ജീവനൊടുക്കി. അങ്ങനെയാണ് ജരാസന്ധന്റെ സേനാനികളെ കൃഷ്ണന്‍ ഒഴിവാക്കിയത്.

എന്താണ് ഈ കഥയിലൂടെ സൂചിപ്പിക്കുന്നത് എന്ന് ഒന്നാലോചിച്ചു നോക്കൂ, ആ രണ്ട് പട്ടാളക്കാരും തമ്മില്‍ എന്തോ ബന്ധമുണ്ടായിരുന്നു എന്നല്ലേ. ഇങ്ങനെയുള്ളവര്‍ (സ്വവര്‍ഗാനുരാഗികള്‍) നമ്മുടെ രാജ്യത്ത് എക്കാലവും ഉണ്ടായിരുന്നു.

മനുഷ്യനുണ്ടായ കാലം മുതല്‍ തന്നെ ഇത്തരം പ്രവണതകളുള്ളവരും ഉണ്ടായിട്ടുണ്ട്. ഇതൊരു ജീവിതരീതിയാണ്, ബയോളജിക്കലാണ്. ഞാനൊരു മൃഗ ഡോക്ടറായതുകൊണ്ട് തന്നെ, ഇത്തരം പ്രവണതകള്‍ മൃഗങ്ങള്‍ക്കിടയില്‍ വരെയുണ്ടെന്നും എനിക്കറിയാം,’ മോഹന്‍ ഭാഗവത് പറഞ്ഞു.

Content Highlight: RSS chief Mohan Bhagwat said that Muslims in the country should not be afraid