ന്യൂദല്‍ഹി: ആര്‍.എസ്.എസ് ദല്‍ഹിയില്‍ നടത്തിയ ശതാബ്ദി ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്ന് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ്, അറബ് രാജ്യങ്ങള്‍.
ത്രിദിന പ്രഭാഷണ പരമ്പരയായി സംഘടിപ്പിച്ച പരിപാടിയിലെ രണ്ടാം ദിനത്തിലേക്കാണ് വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിച്ചിരുന്നത്. ഒട്ടുമിക്ക ഗള്‍ഫ്, അറബ് രാജ്യങ്ങളും പരിപാടിയില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ഒമാന്‍ പ്രാതിനിധ്യം അറിയിച്ചു.
യു.എ.ഇ, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയായിരുന്നു.
ദല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ത്രിദിന പരിപാടി സംഘടിപ്പിച്ചത്. ആര്‍.എസ്.എസിന്റെ നൂറ് വര്‍ഷത്തെ യാത്ര എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന വിവിധ ആഘോഷ പരിപാടികളുടെ ഭാഗമാണ് ത്രിദിന പ്രഭാഷണ പരമ്പര. ആഗസ്റ്റ് 28ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രഭാഷണത്തോടെ പരിപാടി അവസാനിച്ചിരുന്നു.
ചൈന, റഷ്യ, ഇസ്രഈല്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്, സെര്‍ബിയ, ജര്‍മ്മനി, നെതര്‍ലാന്‍ഡ്‌സ്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇറ്റലി, ബ്രിട്ടണ്‍, അയര്‍ലന്‍ഡ്, ജമൈക്ക, യു.എസ്, ബ്രസീല്‍, അര്‍ജന്റീന, ശ്രീലങ്ക, വിയറ്റ്‌നാം, ലാവോസ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ തുടങ്ങിയ ഇരുപതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള 50ഓളം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇസ്റഈല്‍ അംബാസഡര്‍ റൂവന്‍ അസര്‍, യു.എസ് എംബസി ഫസ്റ്റ് സെക്രട്ടറി ഗാരി അപ്പിള്‍ഗാര്‍ത്ത്, ചൈനീസ് മിനിസ്ട്രി കൗണ്‍സിലര്‍ ഷൗ ഗുവോയ്, ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷണര്‍ ഫിലിപ്പ് ഗ്രീന്‍, റഷ്യയുടെ ഫസ്റ്റ് സെക്രട്ടറി മിഖായേല്‍ സെയ്റ്റ്സെവ്, ശ്രീലങ്കന്‍ ഹൈക്കമ്മീഷണര്‍ പ്രദീപ് മൊഹ്സിനി, മലേഷ്യ ഹൈക്കമ്മീഷണര്‍ ദാത്തോ മുസാഫര്‍, ഉസ്ബെക്കിസ്ഥാന്‍ കൗണ്‍സിലര്‍ ഉലുഗ്ബെക് റിസേവ്, കസാക്കിസ്ഥാന്‍ കൗണ്‍സിലര്‍ ദിമാസ്ഗ് സിസ്ഡിക്കോവ് എന്നിവര്‍ അതത് രാജ്യങ്ങളെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു.