കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം പുതിയ വിദ്യാഭ്യാസ നയം ചര്‍ച്ച ചെയ്ത് ആര്‍.എസ്.എസും ബി.ജെ.പിയും; നേതൃത്വം നല്‍കിയത് എ.ബി.വി.പി
national news
കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം പുതിയ വിദ്യാഭ്യാസ നയം ചര്‍ച്ച ചെയ്ത് ആര്‍.എസ്.എസും ബി.ജെ.പിയും; നേതൃത്വം നല്‍കിയത് എ.ബി.വി.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 10:22 am

ന്യൂദല്‍ഹി: പുതിയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി) സംബന്ധിച്ച് വിവാദങ്ങള്‍ ഉയരുന്നതിനിടെ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച് കേന്ദ്രമന്ത്രിമാരും ആര്‍.എസ്.എസ് നേതാക്കളും. വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.

ആര്‍.എസ്.എസ്സിനും കേന്ദ്രമന്ത്രിമാര്‍ക്കും പുറമെ സംഘപരിവാറുമായി ബന്ധമുള്ള വിദ്യാഭാരതി, ഭാരതീയ ശിക്ഷാ സംസ്‌കൃതി ഉഥാന്‍ ന്യാസ്, ഭാരതീയ ശിക്ഷാ മണ്ഡല്‍, എ.ബി.വി.പി പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

എന്‍.ഇ.പി പ്രഖ്യാപിച്ചതു മുതല്‍ വ്യാപകമായ പ്രതിഷേധങ്ങളായിരുന്നു രാജ്യത്തുടനീളം ഉയര്‍ന്നു വന്നിരുന്നത്. എസ്. എഫ്.ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ എന്‍.ഇ.പിയ്ക്ക് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.

സ്‌കൂള്‍ കാലയളവില്‍ തന്നെ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകള്‍ക്ക് പ്രാധാന്യം കുറച്ചു കൊണ്ട് സംസ്‌കൃതം മുഖ്യധാരയിലേക്കെത്തിക്കും, ആറാം ക്ലാസ് മുതല്‍ കോഡിംഗ് പഠനം സിലബസ്സില്‍ ഉള്‍പ്പെടുത്തും, പ്രാദേശിക ഭാഷകളില്‍ ഇ-കണ്ടന്റുകള്‍ ലഭ്യമാക്കും, അഫിലിയേറ്റഡ് കൊളേജുകള്‍ക്ക് സ്വയംഭരണാനുമതി നല്‍കും തുടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേകത.

നാല് ഘട്ടങ്ങളായി 12 ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന 18 വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായമാണ് എന്‍.ഇ.പി നടപ്പാക്കുന്നതോടുകൂടി നിലവില്‍ വരിക.

എന്‍.ഇ.പി വിദ്യാര്‍ത്ഥി വിരുദ്ധമാണെന്ന് വിവിധ കോണില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയരുമ്പോഴും നയം നടപ്പാക്കാന്‍ തന്നെയാണ് കേന്ദ്രത്തിന്റെ നീക്കം.

പുതിയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയാണ് നടന്നെന്നും, വിദ്യാര്‍ത്ഥി പക്ഷത്ത് നില്‍ക്കുന്ന ചര്‍ച്ചകളാണ് നടന്നതെന്നുമാണ് എ.ബി.വി.പി അവകാശപ്പെടുന്നത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍, ക്യാബിനെറ്റ് ചുതലയുള്ള രാജീവ് ചന്ദ്രശേഖര്‍, ജിതേന്ദ്ര സിംഗ് എന്നിവരും ചര്‍ച്ചയുടെ ഭാഗമായിരുന്നു.

യു.പി.എസ്.സി പരീക്ഷകളെ കുറിച്ചും മറ്റ പാഠ്യ-പാഠ്യേതര-നൈപുണ്യ വികസന വിഷയങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  RSS, BJP Leaders, Union Ministers Hold Discussions On New Education Policy