ഇന്ത്യ ചുമത്തുന്നത് അധിക നികുതി;  ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് ടെസ്‌ല ഐ.എന്‍.സി
national news
ഇന്ത്യ ചുമത്തുന്നത് അധിക നികുതി;  ഇളവ് നല്‍കണമെന്ന് കേന്ദ്രത്തോട് ടെസ്‌ല ഐ.എന്‍.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 9:10 am

ന്യൂദല്‍ഹി : ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയിളവ് ആവശ്യപ്പെട്ട് ടെസ്‌ല ഐ.എന്‍.സി. ഇന്ത്യയില്‍ തങ്ങളുടെ വാഹനങ്ങള്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ, നികുതിയിളവ് നല്‍കണമെന്ന് ടെസ്‌ല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടതായി റോയ്‌ട്ടേഴ്‌സ് അടക്കമുള്ള ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറക്കുമതി ചെയ്യുന്ന  40,000 ഡോളര്‍ വരെ വിലയുള്ള വാഹനങ്ങള്‍ക്ക് 60 ശതമാനവും, 40,000 ഡോളറിലധികം വില വരുന്ന വാഹനങ്ങള്‍ക്ക് നൂറ് ശതമാനവുമാണ് ഇന്ത്യ നികുതി ചുമത്തുന്നത്. ഈ നികുതിയില്‍ കാറുകള്‍ക്ക് വന്‍ വിലയാകുമെന്നും, പ്രതീക്ഷിച്ച വില്‍പന ഉണ്ടാവില്ലെന്നുമാണ് ടെസ്‌ലയുടെ ആശങ്ക.

ഇന്ത്യയാണ് വാഹനങ്ങള്‍ക്ക്  മറ്റ് രാജ്യങ്ങളേക്കാള്‍ ഏറ്റവുമധികം നികുതി ചുമത്തുന്നത് എന്നാണ് ടെസ്‌ല പറയുന്നത്. നികുതിയിളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില്‍പന ഉണ്ടാവില്ലെന്നും ടെസ്‌ല ആശങ്കപ്പെടുന്നു.

ടെസ്‌ലയുടെ ഇന്ത്യന്‍ എക്‌സിക്യുട്ടീവായ മനോജ് ഖുറാനയടക്കം പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരത്തെ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെസ്‌ല ഇന്ത്യയോ, പ്രധാനമന്ത്രിയുടെ ഓഫീസോ ചര്‍ച്ചകളെ കുറിച്ച് ഇനിയും പ്രതികരിച്ചിട്ടില്ല.

ഇതേ ആവശ്യം ഉന്നയിച്ച് എലോണ്‍ മസ്‌കും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇറക്കുമതി നികുതി ഒഴിവാക്കുന്നതിനായി ഇന്ത്യയില്‍ തന്നെ ഉത്പാദനം ആരംഭിക്കാനാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉപദേശം. എന്നാല്‍ ടാറ്റയടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ടെസ്‌ലയ്ക്ക് നികുതിയിളവ് നല്‍കുന്നത് ഇന്ത്യയില്‍ തന്നെയുള്ള ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് വെല്ലുവിളിയാവുമെന്നാണ് ടാറ്റ പറയുന്നത്.

ചൈനയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കരുതെന്നും, ആവശ്യമെങ്കില്‍ ഇന്ത്യയില്‍ ഉത്പാദനം നടത്താനാവശ്യമായ നടപടികള്‍ കൈക്കൊള്ളാനും കേന്ദ്ര ഗതാഗതമന്ത്രി ടെസ്‌ലയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ആദ്യം വാഹനങ്ങള്‍ ഇറക്കുമതി ചെയ്ത് മാര്‍ക്കറ്റ് പഠിച്ച ശേഷം മാത്രമേ നിര്‍മാണം ആരംഭിക്കാന്‍ സാധിക്കൂ എന്നാണ് ടെസ്‌ലയുടെ നിലപാട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Tesla Goes To PM’s Office, Requests Tax Cut On Electric Vehicles