ഹിന്ദുമതത്തെ മലിനമാക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും; മോഹന്‍ഭാഗവതിന് ഹിന്ദു മതത്തെകുറിച്ച് ഒന്നുമറിയില്ലെന്നും  ദ്വാരക മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി
National
ഹിന്ദുമതത്തെ മലിനമാക്കുകയാണ് ആര്‍.എസ്.എസും ബി.ജെ.പിയും; മോഹന്‍ഭാഗവതിന് ഹിന്ദു മതത്തെകുറിച്ച് ഒന്നുമറിയില്ലെന്നും ദ്വാരക മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി
ന്യൂസ് ഡെസ്‌ക്
Thursday, 3rd May 2018, 9:54 am

ആഗ്ര: ആര്‍.എസ്.എസും ബി.ജെ.പിയും രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഹിന്ദുക്കളെ സങ്കുചിതമനസ്‌കരാക്കി ഹിന്ദുമതത്തെ മലിനമാക്കുകയാണെന്നും ദ്വാരക പീഠിലെ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി.

രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ ബി.ജെ.പിയും ആര്‍എസ്എസും പങ്ക് വഹിക്കുന്നുണ്ടെന്നും. അടുത്ത കാലത്തായി ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ക്ക് ബി.ജെ.പിയും ആര്‍.എസ്.എസും വലിയ നാശനഷ്ടം വരുത്തിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസിന്റെ മേധാവി മോഹന്‍ഭാഗവതിന് ഹിന്ദുവിനെ കുറിച്ച് ഒന്നുമറിയില്ല. ഹിന്ദു വിവാഹങ്ങള്‍ ഒരു കരാര്‍ ആണെന്നാണ് മോഹന്‍ഭാഗവത് പറയുന്നത് എന്നാല്‍ ഹിന്ദുക്കളെ സംബന്ധിച്ച് വിവാഹം എന്ന് പറയുന്നത് പവിത്രമായ ഒന്നാണ് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ജനിച്ചവര്‍ എല്ലാം ഹിന്ദുക്കളാണെന്നാണ് മോഹന്‍ഭാഗവതിന്റെ നിലപാട്. ഇത് സമൂഹത്തിന്റെ ഘടനയെ തകര്‍ക്കാന്‍ മാത്രമാണ് സഹായിക്കുക. അങ്ങിനെയാണെങ്കില്‍ ഹിന്ദു മാതാപിതാക്കളില്‍ നിന്ന് ഇംഗ്ലണ്ടിലോ അമേരിക്കയിലോ ജനിച്ച ഒരാള്‍ ആരാണെന്നും ശങ്കരാചാര്യര്‍ ചോദിച്ചു.


Also Read ‘കഠ്‌വ സംഭവത്തില്‍ എന്തിന് നിങ്ങള്‍ മൗനം പാലിച്ചു’; അമിതാഭ് ബച്ചനോട് പ്രകാശ് രാജ്


ഇത്തരം കാര്യങ്ങളില്‍ ഹിന്ദുസന്യാസിമാര്‍ സന്തുഷ്ടരല്ല. രാജ്യത്തെ ചില ആശ്രമങ്ങളില്‍ നിന്നാണ് ബലാത്സംഗ വാര്‍ത്തകള്‍ വരുന്നത്. എല്ലാ ആശ്രമങ്ങളും നിയമത്തിന്റെ കീഴില്‍ വരണം. ഹൈന്ദവതയില്‍ ആശാറാം ബാപ്പുവിനെ പോലുള്ള സ്വയംഭരണക്കാരായ ദൈവങ്ങള്‍ക്ക് യാതൊരു സ്ഥാനവുമില്ല, അത്തരം ആളുകള്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നത് വരെ തങ്ങളുടെ പ്രവൃത്തികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി രാജ്യത്തിന് നല്‍കിയ വാഗ്ദാനങ്ങളില്‍ ഏതെങ്കിലും നടപ്പാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യും, രാജ്യത്തെ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കും. ഇന്ത്യയ്ക്ക് പാവപ്പെട്ടവര്‍ക്ക് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണം, 2014 ലെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബി.ജെ.പി വാഗ്ദാനം ചെയ്തതാണിവ എന്നാല്‍ മോഡി ഉള്‍പ്പെടെയുള്ള ബി.ജെ.പി. നേതാക്കള്‍ ഇപ്പോള്‍ ഉത്തരം പറയാന്‍ മടിക്കുന്ന ചോദ്യങ്ങളാണ് ഇവയെന്നും ശങ്കരാചാര്യര്‍ പറഞ്ഞു.