കൊച്ചി: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ എ. ബിജുകുമാര്‍. അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന മറ്റൊരു സെമിനാറിലാണ് താന്‍ പങ്കെടുത്തതെന്നും ബിജുകുമാര്‍ പറഞ്ഞു.
ഒരു വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ പങ്കെടുക്കുകയും ‘വിദ്യാഭ്യാസ പരിവര്‍ത്തനം കേരളത്തിന്റെ കഴിവുകളും സാധ്യതകളും’ എന്ന വിഷയത്തില്‍ തന്റെ നിലപാട് വിശദീകരിക്കുകയായിന്നുവെന്നും ബിജുകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ആസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലാണ് പങ്കെടുത്തതെന്നും അദ്ദേഹം പറയുന്നു.
ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിന്റെ വിദ്യാഭ്യാസ സദസില്‍ പങ്കെടുത്തെന്ന വാര്‍ത്തകള്‍ തികച്ചും തെറ്റാണെന്നും വി.സി പ്രതികരിച്ചു.
ഇന്നലെ (ഞായര്‍) കൊച്ചിയില്‍ നടന്ന പരിപാടിയില്‍ കേരളത്തിലെ അഞ്ച് വൈസ് ചാന്‍സലര്‍മാര്‍ക്ക് ആര്‍.എസ്.എസിന്റെ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ നാല് വി.സിമാരാണ് പരിപാടിയുടെ വിവിധ സെഷനുകളിലായി പങ്കെടുത്തത്.
‘വിദ്യാഭ്യാസത്തിലെ ഭാരതീയത’ എന്ന വിഷയത്തിലാണ് മോഹന്‍ ഭഗവത് മുഖ്യപ്രഭാഷണം നടത്തിയത്. ഈ സെഷനിലും ഇതിന് മുന്നോടിയായി നടന്ന ലീഡിഷിപ് കോണ്‍ക്ലേവിലുമാണ് വി.സിമാര്‍ പങ്കെടുത്തതും സംസാരിച്ചതും.
ചാന്‍സലര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ മറവില്‍ സര്‍വകലാശാലകളെ കാവിവത്ക്കരിക്കാനുള്ള ശ്രമത്തിനിടെയാണ് വി.സിമാര്‍ ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള പരിപാടിയിലെത്തിയത്. ചാന്‍സലര്‍ നിയോഗിച്ച നാല് വി.സിമാരാണ് അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയില്‍ പങ്കെടുത്തത്.
പിന്നാലെ വി.സിമാരുടെ നടപടിയില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
ഇതിനുമുമ്പും ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍മാര്‍ വിവാദത്തിലായിരുന്നു. അടുത്തിടെ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്തത് രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.
എന്നാല്‍ സേവാഭാരതി നിരോധിക്കപ്പെട്ട സംഘടനയല്ലെന്നും മാറ്റിനിര്‍ത്തണമെന്ന് തോന്നിയിട്ടില്ലെന്നുമാണ് പി. രവീന്ദ്രന്‍ വിവാദങ്ങളോട് പ്രതികരിച്ചത്.
Content Highlight: ‘Propaganda is wrong’; Kufos VC says he did not attend RSS event