ആ വേഷത്തിൽ മൈനസ് ഡിഗ്രി തണുപ്പിൽ ലാലേട്ടന്റെ അഭിനയം, ഞങ്ങൾ തണുത്ത് വിറച്ച് ജാക്കറ്റിട്ട് നോക്കി നിന്നു: റോണക്സ് സേവ്യർ
Entertainment
ആ വേഷത്തിൽ മൈനസ് ഡിഗ്രി തണുപ്പിൽ ലാലേട്ടന്റെ അഭിനയം, ഞങ്ങൾ തണുത്ത് വിറച്ച് ജാക്കറ്റിട്ട് നോക്കി നിന്നു: റോണക്സ് സേവ്യർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th January 2024, 9:21 am

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവ്യർ.

ഈയിടെ ഇറങ്ങിയ പല സിനിമകളിലും അഭിനേതാക്കളുടെ വ്യത്യസ്ത ഗേറ്റപ്പിന് പിന്നിൽ കൈ ചലിപ്പിച്ചത് റോണക്സ് ആയിരുന്നു. ഭീഷ്മ പർവ്വം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡും റോണക്സ് സ്വന്തമാക്കിയിരുന്നു.

സിനിമക്കായി ഒരുപാട് വ്യത്യസ്ത ലൊക്കേഷനുകളിൽ വെച്ച് ഷൂട്ട്‌ ചെയ്‌തെന്നും മൈനസ് ഡിഗ്രി തണുപ്പിലെല്ലാം ഷൂട്ട്‌ ചെയ്യേണ്ടി വന്നെന്നും റോണക്സ് പറയുന്നു. എല്ലാവരും ജാക്കറ്റ് ധരിച്ച് നിൽക്കുമ്പോൾ മോഹൻലാൽ തന്റെ കഥാപാത്രത്തിന്റെ വേഷം ധരിച്ച് അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും 24 ന്യൂസിന് നൽകിയ അഭിമുഖത്തിൽ റോണക്സ് പറഞ്ഞു.

‘വാലിബന്റെ ജീവിതത്തിൽ നടക്കുന്ന ഒരു യാത്രയാണ് സിനിമ മുഴുവൻ. പല വ്യത്യസ്ത സ്ഥലങ്ങളിൽ പോവുമ്പോൾ കണ്ട് മുട്ടുന്ന പല രീതിയിലുള്ള കഥാപാത്രങ്ങളാണ് എല്ലാം. അതെല്ലാം നന്നായിട്ട് ചെയ്യാൻ സാധിച്ചിട്ടുണ്ട്.

അതുകൊണ്ട് തന്നെ ലൊക്കേഷൻസും അതുപോലെയുള്ള സ്ഥലങ്ങളിൽ ആയിരുന്നു. ആദ്യമായി ഞങ്ങൾ അവിടെ ചെന്നിറങ്ങുന്ന സമയത്ത് ഭയങ്കര തണുപ്പായിരുന്നു. രാജസ്ഥാനിലെ ജയ്സാൻവീർ എന്ന സ്ഥലത്തായിരുന്നു ഷൂട്ട്‌.

അവിടെ നല്ല തണുപ്പും ഭയങ്കര പൊടിക്കാറ്റുമെല്ലാമുള്ള സാഹചര്യം ഉണ്ടായിരുന്നു. അങ്ങനെയുള്ളപ്പോഴാണ് ഷൂട്ട്‌ ചെയ്യുന്നത്. എനിക്കൊക്കെ തണുപ്പ് ഭയങ്കര വിഷയമാണ്. മൈനസ് ഡിഗ്രി തണുപ്പാണെന്ന് തോന്നുന്നു.

എല്ലാവരും തണുത്ത് വിറച്ചു നിൽക്കുന്ന ആ സമയത്താണ് ലാലേട്ടൻ അതുപോലൊരു ചെറിയ വേഷമെല്ലാം ധരിച്ച് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക്‌ ജാക്കറ്റ് ഇട്ടിട്ട് പോലും നിൽക്കാൻ പറ്റുന്നില്ലായിരുന്നു. ലാലേട്ടൻ അതൊക്കെ ഇട്ടിട്ടായിരുന്നു പെർഫോം ചെയ്തത്,’റോണക്സ് സേവ്യർ

Content Highlight: Ronex Xavier Talk About Shooting Experience Of Malaikkotai Valiban