അര്‍ജന്റീനക്കെതിരെ സ്പെയ്ന്‍ അനായാസമായി വിജയിക്കും: പ്രവചനവുമായി റൊണാള്‍ഡോ
FIFA World Cup 2026
അര്‍ജന്റീനക്കെതിരെ സ്പെയ്ന്‍ അനായാസമായി വിജയിക്കും: പ്രവചനവുമായി റൊണാള്‍ഡോ
സുദേവ് എ
Sunday, 19th July 2026, 1:02 pm

2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്പെയ്നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ഫൈനല്‍ പോരാട്ടം അരങ്ങേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിജയികളെക്കുറിച്ച് ഒരു വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. അര്ജന്റീനക്കെതിരെ സ്പെയ്ന്‍ അനായാസമായി വിജയിക്കുമെന്നാണ് റൊണാള്‍ഡോയുടെ പ്രവചനം. ലോകകപ്പ് സ്പെയ്നോ ഫ്രാന്‍സോ നേടുമെന്ന് വിശ്വസിച്ചിരുന്നെന്നും ബ്രസീലിയന്‍ ഇതിഹാസം വ്യക്തമാക്കി.

‘അര്‍ജന്റീനക്കെതിരെ സ്പെയ്ന്‍ അനായാസമായി വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്റെ അഭിപ്രായത്തില്‍ കിരീടം സ്പെയ്നോ ഫ്രാന്‍സോ നേടേണ്ടതായിരുന്നു. അതിനാല്‍ സ്‌പെയ്‌നിന് ഈ മത്സരം എളുപ്പമാവില്ലെന്നാണ് എന്റെ വിശ്വാസം,’ റൊണാള്‍ഡോ നസാരിയോ പറഞ്ഞു.

സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്‌പെയ്ന്‍ കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.

മാത്രമല്ല, ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കിയാല്‍ കിരീടത്തിനൊപ്പം ഒരു ചരിത്ര നേട്ടവും സ്പെയ്നിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറുന്ന ടീമാവാനുള്ള അവസരമാണ് സ്പാനിഷ് പടക്ക് മുന്നിലുള്ളത്.

ഇതുവരെ 37 മത്സരങ്ങളിലാണ് സ്പെയ്ന്‍ തോല്‍വിയറിയാതെ കുതിപ്പ് തുടരുന്നത്. 2024ല്‍ തുടങ്ങിയ സ്പെയിനിന്റെ വിജയങ്ങള്‍ ഇപ്പോള്‍ 2026ല്‍ എത്തി നില്‍ക്കുകയാണ്.

ഈ നേട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിക്കൊപ്പമാണ് ലാ റോജ. 2018 മുതല്‍ 2021 വരെ 37 മത്സരങ്ങളില്‍ ആയിരുന്നു അസൂറിപ്പട തോല്‍വി അറിയാതെ കുതിച്ചത്. അര്‍ജന്റീനയെ ഫൈനലില്‍ വീഴ്ത്തിയാല്‍ ഇറ്റലിയെ മറികടന്ന് ഈ നേട്ടത്തില്‍ എതിരാളികളില്ലാതെ തുടരാനും സ്പെയ്നിന് സാധിക്കും.

അതേസമയം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.

2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.

 

Content Highlight: Ronaldo Nazario talks Spain will win the 2026 fifa world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.