ദൃശ്യം 3 യില്‍ മോഹന്‍ലാലിനൊപ്പം ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് നടന്‍ റിയാസ് നര്‍മകല. ജീത്തു ജോസഫിന്റെ കൂമനിലും നുണക്കുഴിയിലും ചെറിയ വേഷത്തിലെത്തിയ റിയാസ്, ദൃശ്യം 3 യില്‍ മത്തായി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നടന്മാരായ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് റിയാസ്.

മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചും ഇരുവരിലുമുള്ള സാമ്യതയെ കുറിച്ചുമുള്ള ചോദ്യത്തിനായിരുന്നു റിയാസിന്റെ മറുപടി. സിനിമ ഒരു സ്‌കൂളാണെങ്കില്‍ അവിടുത്തെ പ്രിന്‍സിപ്പലാണ് മമ്മൂട്ടിയെന്നും ആ സ്‌കൂളിലെ പി.ടി സാറാണ് ലാലേട്ടനെന്നുമായിരുന്നു റിയാസിന്റെ മറുപടി.

‘രണ്ടുപേര്‍ക്കും നമ്മളോട് ഭയങ്കര ഇഷ്ടമാണ്. രണ്ടുപേരും നമ്മുടെ പ്രോഗ്രാമുകളൊക്കെ കാണാറുണ്ട്. അതിനെ കുറിച്ച് അഭിപ്രായങ്ങള്‍ പറയാറുണ്ട്. പിന്നെ എനിക്ക് തോന്നിയത് സിനിമ എന്നത് ഒരു സ്‌കൂളാണെങ്കില്‍ അവിടുത്തെ പ്രിന്‍സിപ്പലാണ് മമ്മൂക്ക എന്നാണ്.

റിയാസ് നര്‍മകല Photo: Mazhavil Manorama

അപ്പോള്‍ നമുക്ക് ആ ഒരു പേടിയും റെസ്‌പെക്ടും ഉണ്ടാകും. ലാലേട്ടന്‍ എന്ന് പറഞ്ഞാല്‍ തിരിച്ചാണ്. സ്‌കൂളിലെ പി.ടി സാറില്ലേ, ഡ്രില്‍ സാര്‍. അവരോടൊക്കെ നമുക്കുള്ള വേറൊരു അടുപ്പമില്ലേ ആ ലെവലാണ് ലാലേട്ടന്‍.

ഇവര്‍ രണ്ടുപേരോടും രണ്ടു തരത്തിലാണ്. മമ്മൂക്കയുടെ കൂടെ റോഷാക്കൊക്കെ ചെയ്യുമ്പോള്‍ ഫ്രീ ടൈം കിട്ടുമ്പോള്‍ മമ്മൂക്ക സംസാരിക്കുന്നത് ഒരുപാട് ആധികാരികമായ കാര്യങ്ങളായിരിക്കും. പക്ഷേ തിരിച്ച് ലാലേട്ടന്‍ കുറേ തമാശകളും കാര്യങ്ങളുമാണ് പറയുക. നമ്മളോട് ഒരു സുഹൃത്ത് സംസാരിക്കുന്നതുപോലെയാണ്,’ റിയാസ് പറഞ്ഞു.

ദൃശ്യം 3 യിലെ ലാലേട്ടന്റെ കൂടെയുള്ള അനുഭവം ഒരുവാക്കിലൊന്നും പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്നതല്ലെന്നും റിയാസ് പറയുന്നു.’ നമ്മളാക്കെ വള്ളിനിക്കറിട്ട് നടക്കുന്ന സമയത്ത് അവരുടെ സിനിമകള്‍ കണ്ട് വന്നവരാണ്. ലാലേട്ടന്റെ കൂടെ പത്ത് ദിവസം നില്‍ക്കാന്‍ പറ്റുക എന്നൊക്കെ പറഞ്ഞാല്‍ എന്താ പറയുക, ഇതില്‍ ഒരു സീനൊക്കെ ആഗ്രഹിച്ച് വന്നയായാളാണ് ഞാന്‍.

ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Aashirvad Cinemas

എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ കോമ്പിനേഷന്‍ സീനുകള്‍ കിട്ടി. എന്തൊരു മനുഷ്യനാണ് അദ്ദേഹം. വളരെ കൂളായ വ്യക്തി. ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രമായി മാറുന്ന ആള്‍.

അതുവരെ എല്ലാ തമാശകളും പറഞ്ഞിരിക്കുന്ന ആള്‍. എന്റെ ലൈഫില്‍ കിട്ടിയ ഏറ്റവും വലിയ ഭാഗ്യം, ഏറ്റവും വലിയ സ്വപ്‌നമാണ് ഇത്. നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു ദൃശ്യം 3 . ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. എവിടെയോ ഒരു യൂണിവേഴ്‌സിറ്റിയില്‍ പോയി എന്തൊക്കെയോ പഠിച്ച പോലെയാണ് തോന്നിയത്. അതുപോലെ ഒരു ട്രിപ്പ് പോയ സന്തോഷവും ഉണ്ടായിരുന്നു,’ റിയാസ് പറഞ്ഞു.

ദൃശ്യം 3 യുടെ സക്‌സസായതിന്റെ സന്തോഷം എത്രയാണെന്ന് പറയാന്‍ പറ്റില്ല. അടിമുടി സന്തോഷത്തിലാണ്. സിനിമ കണ്ട് ലോകമെമ്പാടുമുള്ള ആളുകള്‍ എന്നെ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്യുന്നു. ഈ സിനിമയുടെ റീച്ച് എത്രയാണെന്ന് ഇപ്പോഴാണ് ശരിക്കും എനിക്ക് മനസിലാകുന്നത്, റിയാസ് പറഞ്ഞു.

Content Highlight: Riyas Narmakala about Mohanlal and Drishyam 3