കേരളത്തിലല്ല, അങ്ങ് മുംബൈയില്‍, അമിതാഭ് ബച്ചന്റെ മുന്നില്‍ മോഹന്‍ലാലിനെ അനുകരിച്ച് റിഷബ് ഷെട്ടി
Indian Cinema
കേരളത്തിലല്ല, അങ്ങ് മുംബൈയില്‍, അമിതാഭ് ബച്ചന്റെ മുന്നില്‍ മോഹന്‍ലാലിനെ അനുകരിച്ച് റിഷബ് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 14th October 2025, 3:04 pm

കേരളത്തില്‍ സിനിമയുടെ പ്രൊമോഷനെത്തുന്ന അന്യഭാഷാ താരങ്ങളെക്കൊണ്ട് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡയലോഗുകള്‍ പറയിപ്പിക്കുന്നത് ഈയിടെയായി കാണുന്ന സ്ഥിരം കാഴ്ചയാണ്. ‘ചന്തുവിനെ തോല്പിക്കാനാകില്ല മക്കളെ’, ‘സവാരി ഗിരി ഗിരി’ എന്നീ ഡയലോഗൊക്കെ ഷാരൂഖ് മുതല്‍ യഷ് വരെയുള്ള അന്യഭാഷാ താരങ്ങളെക്കൊണ്ട് മലയാളികള്‍ പറയിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ മലയാളികള്‍ ആരുമില്ലാത്ത വേദിയില്‍ ഒരു അന്യഭാഷാതാരം നമ്മുടെ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള കോന്‍ ബനേഗ ക്രോര്‍പതി എന്ന ഗെയിം ഷോയില്‍ അതിഥിയായെത്തിയ റിഷബ് ഷെട്ടിയാണ് സിനിമാപ്രേമികളെ ഞെട്ടിച്ചത്.

മുണ്ടുടുത്ത് വന്ന റിഷബ് അത് സിനിമാ സ്റ്റൈലില്‍ മടക്കി കുത്തുകയും ‘എന്താ മോനേ ദിനേശാ’ എന്ന് പറയുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായി. റിഷബിന്റെ മലയാളം കേട്ട് അമിതാഭ് ബച്ചന്‍ പോലും ഞെട്ടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. കാണികളെല്ലാവരും റിഷബിന്റെ ഡയലോഗിന് ഗംഭീര കൈയടിയായിരുന്നു നല്കിയത്.

സോഷ്യല്‍ മീഡിയ മുഴുവന്‍ റിഷബിന്റെ ഡയലോഗ് ഇതിനോടകം തരംഗമായി മാറിയിരിക്കുകയാണ്. തന്റെ സാന്നിധ്യമില്ലാതെ പോലും വലിയൊരു ഗെയിം ഷോയില്‍ റഫറന്‍സ് കൊണ്ടുവരാന്‍ മോഹന്‍ലാലിന് മാത്രമേ സാധിക്കുള്ളൂവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കോന്‍ ബനേഗ ക്രോര്‍പതിക്ക് കിട്ടിയ ‘ലാല്‍ ഇഫക്ടാണ്’ ഇതെന്നും കമന്റുകളുണ്ട്.

റിഷബിന്റെ മുണ്ട് മടക്കിക്കുത്തലിനൊപ്പം എമ്പുരാനിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോയും ചേര്‍ത്ത എഡിറ്റഡ് വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘മൈറ്റി L’ റഫറന്‍സ് പാന്‍ ഇന്ത്യന്‍ ലെവലിലെത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഇന്‍ഡസ്ട്രികളുടെ വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിച്ച മറ്റേതെങ്കിലും മലയാള നടനുണ്ടോ എന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ ചോദിക്കുന്നത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ ഹിറ്റായ കാന്താര ചാപ്റ്റര്‍ വണ്ണിന്റെ പ്രൊമോഷനും കൂടി വേണ്ടിയാണ് റിഷബ് കെ.ബി.സിയില്‍ പങ്കെടുക്കുന്നത്. മുംബൈയിലെത്തിയ റിഷബിന് ഗംഭീര വരവേല്പാണ് ലഭിച്ചത്. സിനിമക്ക് വേണ്ടി ആദ്യകാലങ്ങളില്‍ ചെറിയ ജോലികള്‍ ചെയ്ത നഗരത്തില്‍ ഇന്ത്യ കണ്ട വലിയ വിജയം നേടിയ സിനിമയുടെ പേരില്‍ റിഷബ് എത്തിയത് പക്കാ ഹീറോയിസമാണെന്നാണ് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നത്.

Content Highlight: Rishab Shetty imitates Mohanlal’s dialogue in Kaun Banega Crorepati show